San Fernando | വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ആദ്യ മദര്‍ഷിപ് സാന്‍ഫെര്‍ണാന്‍ഡോയുടെ വരവ് ചെണ്ട കൊട്ടിയും ദേശീയപതാക വീശിയും ആഘോഷമാക്കി പ്രദേശവാസികള്‍
തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്ത് (Vizhinjam Port) നങ്കൂരമിട്ട ആദ്യ മദര്‍ഷിപ് (Mothership) സാന്‍ഫെര്‍ണാന്‍ഡോയെ ( MV San Fernando) സ്വീകരിച്ചത് വാടര്‍ സല്യൂട് (Water salute) നല്‍കി. സാന്‍ഫെര്‍ണാന്‍ഡോയുടെ വരവ് ചെണ്ട കൊട്ടിയും ദേശീയപതാക വീശിയും പ്രദേശവാസികള്‍ ആഘോഷമാക്കി (Celebrate) . മദര്‍ഷിപ്പിന്റെ നിയന്ത്രണം തുറമുഖ ക്യാപ്റ്റന്‍ ഏറ്റെടുത്തു. ഡാനിഷ് കംപനിയായ മെസ്‌കിന്റെ (Maersk) ഈ കപ്പലിന് ഒമ്പത് വര്‍ഷം പഴക്കമുണ്ട്.
വ്യാഴാഴ്ച രാവിലെ ഏഴരയോടെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഔടര്‍ ഏരിയയില്‍ (Outer Area)നിന്നു പുറപ്പെട്ടിരുന്നു. സ്വീകരിക്കാനായി ഔടര്‍ ഏരിയയിലേക്ക് പോയ ടഗ് ബോടുകള്‍ക്കൊപ്പമാണ് (Tug Boats) കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. രാവിലെ 7.15 ഓടെയാണ് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഔടര്‍ ഏരിയയിലെത്തിയത്. മാര്‍ഷല്‍ ദ്വീപ് പതാകയേന്തിയ കപ്പല്‍ ജൂലൈ രണ്ടിനാണ് സിയാമെന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ടത്. എട്ട് ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കി വിഴിഞ്ഞത്ത് എത്തി.
രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ബര്‍തിങ് കഴിഞ്ഞാല്‍ ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സും നടക്കും. പബ്ലിക് ഹെല്‍ത് ഓഫിസര്‍ നല്‍കുന്ന മെഡികല്‍ ക്ലിയറന്‍സും വേണം. പിന്നാലെ കണ്ടെയ്‌നറുകള്‍ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റന്‍ ക്രെയിനുകളാകും ചരക്ക് ഇറക്കുക. ഇന്‍ഡ്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്തത്ര ശേഷിയുള്ള എട്ട് ഷിപ് ടു ഷോര്‍ ക്രെയ്‌നുകളും 23 യാര്‍ഡ് ക്രെയ്‌നുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ഓടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാന്‍ കഴിയും.