Discipline | നമ്മുടെ വിദ്യാർത്ഥികളെ എങ്ങനെ നന്മയിലേക്ക് നയിക്കാം?
● വിദ്യാർത്ഥികളിലെ അനുസരണക്കുറവ് ആശങ്കയിലാക്കുന്നു.
● രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളെ ഭയക്കുന്നു.
● ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നു.
● മൊബൈൽ ഫോണിന്റെ ദുരുപയോഗം കൂടുതലാണ്.
കൂക്കാനം റഹ്‌മാൻ
(KVARTHA) സ്നേഹിക്കാനും, ബഹുമാനിക്കാനും അവരെ എങ്ങിനെ പ്രാപ്തരാക്കാം? അവരുടെ മനസ്സിലേക്ക് കരുണയും ആർദ്രതയും ആദരവും എങ്ങിനെ പകരാം? ആലോചിക്കേണ്ട കാര്യമാണ്. വിദ്യാലയത്തിലെത്തുന്ന വിദ്യാർത്ഥികളിൽ ക്രൂരതയും പകയും അവജ്ഞയും നിറഞ്ഞുനിൽക്കുന്നതായി കാണുന്നു. അവർക്ക് ആരെയും ഭയമില്ലാതായിരിക്കുന്നു. അധ്യാപകർ ഭയത്തോടെയാണ് ക്ലാസുമുറിയിലേക്ക് ചെല്ലുന്നത്. വിദ്യാർത്ഥികൾ എങ്ങിനെ പ്രതികരിക്കുമെന്ന് ചിന്തിക്കാൻ പറ്റുന്നില്ല.
രക്ഷിതാക്കളെയും അധ്യാപകരെയും ഭയപ്പെടുന്ന സ്വഭാവം പുതിയ കാല വിദ്യാർത്ഥി സമൂഹത്തിൽ കാണുന്നില്ല. നേരെ മറിച്ച് അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളെ ഭയന്നാണ് മുന്നോട്ടു പോകുന്നത്. അനുസരണ എന്ന സ്വഭാവ നന്മ കൈമോശംവന്നവരായി ഇന്നത്തെ വിദ്യാർത്ഥി സമൂഹം മാറിപ്പോയി.
വിദ്യാർത്ഥികളെ സ്നേഹിച്ചു വളർത്തണമെന്ന് രക്ഷിതാക്കളോടും സ്നേഹിച്ചു പഠിപ്പിക്കണമെന്ന് അധ്യാപകരോടും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും വിദ്യാഭ്യാസ വിദഗ്ധരും നിരന്തരം ആഹ്വാനം ചെയ്തു കൊണ്ടേയിരിക്കും. പക്ഷേ അവർക്ക് നൽകുന്ന സ്നേഹം തിരിച്ചു തരാൻ വിദ്യാർത്ഥികൾ സന്നദ്ധരാവുന്നില്ല. ഇങ്ങിനെ പോയാൽ പാലക്കാട് ജില്ലയിലെ സ്കൂളിൽ നടന്ന സംഭവം ആവർത്തിച്ചു കൊണ്ടേയിരിക്കും.
മൊബൈൽ ഫോൺ സ്കൂളിലേക്ക് കൊണ്ടുവരാൻ പാടില്ലെന്ന് നിർദേശത്തെ അനുസരിക്കാതെ ഒരു വിദ്യാർത്ഥി ഫോണുമായി സ്കൂളിലേക്ക് വരുന്നു. ഇത് കണ്ടെത്തിയ ടീച്ചർ കുട്ടിയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി സ്കൂൾ പ്രിൻസിപ്പാളി ന് കൈമാറുന്നു. പ്രിൻസിപ്പാളിൻ്റെ മുറിയിലെത്തിയ വിദ്യാർത്ഥിയാണ് പ്രിൻസിപ്പാൾ പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. കേട്ടപ്പോൾ ഞെട്ടലുണ്ടായി എന്ന് പറയുന്നതിനേക്കാൾ നമ്മുടെ വിദ്യാർത്ഥികളെ ഈ നിലയിൽ എത്തിച്ചതിന് നമ്മളെല്ലാം കുറ്റക്കാരല്ലേ എന്ന വിചിന്തനം ചെയ്യുകയാണ് വേണ്ടത്.
ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തുനിന്നും പഠിപ്പിച്ചിരുന്ന കാലത്തു നിന്നും വിദ്യാലായന്തരീക്ഷത്തിൽ ഒരുപാട് മാറ്റം വന്നു. നല്ല ഭൗതികസൗകര്യങ്ങൾ പഠിക്കാൻ ആധുനിക സാങ്കേതിക ഉപകരണങ്ങൾ കെല്പുള്ള അധ്യാപക സമൂഹം എല്ലാം സജ്ജമാണ്. അധ്യാപക സമൂഹത്തിൽ ചില പുഴുക്കുത്തുകൾ കാണാം. അത് ചൂണ്ടിക്കാണിച്ച് അധ്യാപക സമൂഹം ആകെ പിഴച്ചുപോയി എന്ന് പറയാൻ പറ്റില്ല. വീടുകളിലാണ് പൊളിച്ചെഴുത്ത് വേണ്ടത്. മക്കളെ സ്നേഹിച്ചു വളർത്തുമ്പോൾ തന്നെ ജീവിതത്തിൽ അനുഷ്ഠിക്കേണ്ടുന്ന ചിട്ടകളെ കുറിച്ചും പെരുമാറ്റരീതികളെക്കുറിച്ചും കണിശത പാലിക്കാൻ നിർബ്ബന്ധിക്കണം.
രക്ഷിതാക്കൾ തീർച്ചയായും ക്ലാസ് അധ്യാപകനുമായി നിരന്തരം ബന്ധപ്പെടണം. വീടിലെ അവൻ്റെ / അവളുടെ പെരുമാറ്റ രീതിയെക്കുറിച്ച് അധ്യാപകനുമായി പങ്കിടണം. ആവശ്യമെങ്കിൽ ശിക്ഷിക്കാൻ അധ്യാപകന് അനുവാദം കൊടുക്കണം. ഇതേ പോലെ സ്കൂളിൽ അവൻ / അവൾ വരുത്തുന്ന ഗുണ ദോഷങ്ങൾ അധ്യാപകൻ രക്ഷിതാക്കളുമായി പങ്കിടണം. ഇരു ഭാഗത്തും അല്പം ഭയപ്പെടുത്തുന്ന സമീപനം ഉണ്ടാവണം. കുട്ടികളെ വളരെ ഫ്രീ ആയി വിടുന്നതിൻ്റെ ദോഷങ്ങളാണ് ഇപ്പോൾ എങ്ങും കണ്ടുവരുന്നത്. പഠനത്തിനും മാർക്കോ ഗ്രേഡോ വാങ്ങുന്നതിനപ്പുറം നല്ല രീതിയിൽ ജീവിക്കാനുള്ള അറിവ് സ്നേഹിച്ചും, വേണ്ടി വന്നാൽ അല്പം ഭയപ്പെടുത്തിയും പകർന്നു കൊടുക്കാനുള്ള വേദികളാവണം വിദ്യാലയങ്ങളും വീടുകളും.
ഇപ്പോൾ പോകുന്ന രീതിയിൽ വിട്ടാൽ പിടിച്ചാൽ പിടികിട്ടാത്ത വിധത്തിൽ വിദ്യാലയങ്ങൾ കലാപ കേന്ദ്രങ്ങളായും വീടുകൾ കലഹ കേന്ദ്രങ്ങളായും മാറും. വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അധ്യാപകർ ഭയന്നിരിക്കുകയാണ്. ആത്മാർത്ഥമായി തൻ്റെ മുന്നിലിരിക്കുന്ന കുട്ടികളിൽ വിജ്ഞാനം പകർന്നു നൽകാനും സൽസ്വഭാവികളാക്കി മാറ്റാനും കഠിനശ്രമം നടത്തുന്ന അധ്യാപക ശ്രേഷ്ഠന്മാർ നാട്ടിലുടനീളമുണ്ട്. അവരും ഇത്തരം കിരാത സ്വഭാവങ്ങൾ കാട്ടിക്കൂട്ടുന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള വാർത്തകളും മറ്റും കേൾക്കുമ്പോൾ നിസ്സംഗതരായി തീരുകയാണ്.
ഇതിനൊക്കെ കാരണം മൊബൈൽ ഫോണുകളും കമ്പ്യുട്ടറുകളുമാണെന്ന് പറഞ്ഞ് നമുക്ക് കൈ കഴുകാൻ പറ്റില്ല. അതാണ് വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്നതെന്ന് വിലപിച്ചിട്ട് കാര്യമില്ല. ഈ വിജ്ഞാന വിസ്ഫോടനത്തിൻ്റെ കാലത്ത് ആധുനിക ഉപകരണങ്ങളില്ലാതെ മുന്നോട്ടു പോവാനാവില്ല. അതിൽ വരുന്ന നന്മതിന്മകളെ വിവേചിച്ചറിയാനുള്ള കഴിവ് ഇന്നത്തെ കുട്ടികൾക്കുണ്ട്. ഇതിനേക്കാൾ ഭയാനകമാണ് മാരകമായ ലഹരി വസ്തുക്കളുടെ ലഭ്യതയും അതിൻ്റെ ഉപയോഗവും. മയക്കുമരുന്നു കടത്തുകാരും വിൽപനക്കാരുമാണ് ഇന്നത്തെ ഏറ്റവും വലിയ സാമൂഹ്യദ്രോഹികൾ. ഇവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷനൽകണം. സമൂഹത്തിലെ ഉന്നതന്മാരും ഇതിൻ്റെ വിതരണക്കാരും ഉപഭോക്താക്കളും ആയി മാറുമ്പോൾ നമ്മുടെ കുട്ടികളും അതിന് വിധേയരായി തീരുന്നു.
പഠനയാത്രയ്ക്ക് പോയ ട്രൂപ്പിലെ വിദ്യാർത്ഥികളെ ബിവറേജിലേക്ക് പറഞ്ഞു വിട്ട് ബോട്ടിലുകൾ വാങ്ങിക്കുന്ന 'ഗുരുനാഥന്മാരും', ആതുരസേവനത്തിന് സമൂഹത്തിലിറങ്ങിത്തിരിക്കേണ്ട ഭിഷഗ്വരന്മാർ ലഹരി വസ്തുക്കളുടെ ഉപഭോക്താക്കളായി മാറുന്ന വാർത്തകളും കേൾക്കുമ്പോൾ നമ്മുടെ സമൂഹം എങ്ങോട്ട് എന്ന് ചിന്തിച്ച് ഭയപ്പെടാനേ ആവൂ.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെക്കുക. ഈ ലേഖനം മറ്റുള്ളവരിലേക്ക് എത്തിക്കുക.
This article discusses the growing issue of student indiscipline, lack of respect for teachers and parents, and the influence of negative factors like drugs and mobile phone misuse. It emphasizes the need for joint efforts from parents and teachers to instill positive values and discipline in students.
#StudentDiscipline #Education #Parenting #TeacherStudentRelationship #SocialIssues #DrugAbuse