ADGP | കളമശ്ശേരിയിലെ സ്‌ഫോടനം: അന്വേഷണം പ്രാഥമികഘട്ടത്തില്‍, കീഴടങ്ങിയയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍

 


കൊച്ചി: (KVARTHA) കളമശ്ശേരിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കീഴടങ്ങിയയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 45ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റാണ് സ്ത്രീ മരിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ADGP | കളമശ്ശേരിയിലെ സ്‌ഫോടനം: അന്വേഷണം പ്രാഥമികഘട്ടത്തില്‍, കീഴടങ്ങിയയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍

നിലവില്‍ സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ടിന്‍(48) എന്നയാളാണ് കീഴടങ്ങിയതെന്ന് എഡിജിപി പറഞ്ഞു. സ്‌ഫോടനം നടത്തിയത് താനാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. യഹോവ സാക്ഷി സഭയുടെ അംഗമെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത് എന്നും എഡിജിപി പറഞ്ഞു.

ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പെടെ പരിശോധിച്ചുവരുകയാണ്. അവകാശവാദത്തെക്കുറിച്ച് പരിശോധിച്ചുവരുകയാണെന്നും വിശദമായി ചോദ്യം ചെയ്യുകയാണെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷമെ മറ്റുകാര്യങ്ങള്‍ പറയാനാകൂവെന്നും അജിത് കുമാര്‍ പറഞ്ഞു. 

ഇത്തരം സ്‌ഫോടനങ്ങളുണ്ടാകുമ്പോള്‍ എല്ലാ അന്വേഷണ ഏജന്‍സികളും വരുമെന്നും കേരള പൊലീസിന് അതിന്റെതായ അന്വേഷണ രീതിയും സംവിധാനങ്ങളും ഉണ്ടെന്നും അതുപ്രകാരം തുടര്‍ അന്വേഷണം നടക്കുമെന്നും എഡിജിപി പറഞ്ഞു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാര്‍ടിന്‍ എന്നയാളുടെ ഫേസ്ബുക് പോസ്റ്റ് ലൈവ് പുറത്തുവന്നിരുന്നു. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താന്‍ ശ്രമിച്ചതെന്നും ആറു വര്‍ഷം മുമ്പ് തനിക്ക് ഇക്കാര്യത്തില്‍ തിരിച്ചറിവുണ്ടായെന്നുമാണ് ഇയാള്‍ ലൈവില്‍ പറയുന്നത്. മൂന്ന് മണിക്കൂര്‍ മുമ്പായിരുന്നു ലൈവ്. ലൈവില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നും ഇതേ മാര്‍ടിന്‍ തന്നെയാണോ തൃശൂരില്‍ കീഴടങ്ങിയതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

മാര്‍ടിന്‍ ലൈവില്‍ പറഞ്ഞത്:

ഇപ്പോള്‍ നടന്ന സംഭവവികാസം നിങ്ങള്‍ അറിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ബോംബ് സ്‌ഫോടനം നടക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കുകയും ചെയ്തിരിക്കുന്നു. എന്ത് സംഭവിച്ചുവെന്ന് എനിക്ക് കൃത്യമായി അറിയില്ല, എന്നാല്‍ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞാനാണ് ആ ബോംബ് സ്‌ഫോടനം നടത്തിയത്.

എന്തിനാണ് ഞാന്‍ ഈ കൃത്യം ചെയ്തതെന്ന് നിങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ വീഡിയോ. 16 വര്‍ഷത്തോളം ഞാന്‍ ഈ പ്രസ്ഥാനത്തിന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ്. എന്നാല്‍, ആറ് വര്‍ഷം മുമ്പ് ഞാന്‍ ചിന്തിച്ചപ്പോള്‍ ഇതൊരു തെറ്റായ പ്രസ്ഥാനമാണെന്നും ഇതില്‍ പഠിപ്പിക്കുന്നത് വളരെ രാജ്യദ്രോഹപരമാണെന്നും മനസ്സിലാക്കാന്‍ കഴിയുകയും ഞാനത് തിരുത്തണമെന്ന് പല പ്രാവശ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇവരാരും അതിന് തയാറായില്ല. എന്നും വീഡിയോയില്‍ പറയുന്നു.

Keywords: ADGP Ajith Kumar on Kalamassery Blast, Kochi, News, ADGP Ajith Kumar, Kalamassery Blast, Police, Probe, FB Live, Blast, Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia