Transfer | എഡിജിപി എം ആർ അജിത് കുമാറിന് സ്ഥലമാറ്റം; മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല
● എഡിജിപി അജിത് കുമാറിന് സ്ഥലമാറ്റം
● ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി
● അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം
തിരുവനന്തപുരം: (KVARTHA) എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി സായുധ പോലീസ് ബറ്റാലിയനിലേക്ക് നിയോഗിച്ചു.
ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ പുതിയ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു.
നേരത്തെ, എഡിജിപി എം ആർ അജിത് കുമാറിനെ സംബന്ധിച്ച വിവാദ വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പ്രത്യേക സംഘവും നടത്തിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
36 ദിവസത്തെ വിവാദങ്ങൾക്ക് ശേഷമാണ് സർക്കാറിന്റെ ഈ തീരുമാനം. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറിയതിന് പിന്നാലെയാണ് നടപടി. എംഎൽഎ പിവി അൻവർ ഉന്നയിച്ച വിവാദ ആരോപണങ്ങൾക്ക് പുറമെ അത് ശരിവെക്കുന്ന തരത്തിൽ എഡിജിപിയുടെ ആർഎസ്എസ് നേതാവിനെ കണ്ടതിനെക്കുറിച്ചുള്ള പരാമർശങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നെന്നാണ് വിവരം.
അന്വേഷണത്തിന്റെ സമയപരിധി ഈ മാസം 3 ന് അവസാനിച്ചിരുന്നു. എന്നാൽ സർക്കാരിന് റിപ്പോർട്ട് നൽകുന്നത് വൈകുകയായിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതിൽ വേഗത്തിൽ തീരുമാനമുണ്ടായേക്കും.
സർക്കാർ നടപടി വൈകുന്നത് പ്രധാന ഘടക കക്ഷിയായ സിപിഐക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. മാമി തിരോധാന കേസ് ഉൾപ്പെടെ എഡിജിപി അട്ടിമറിക്കാൻ ശ്രമിച്ചതായി അൻവർ ഉന്നയിച്ച നാലു കേസുകളിൽ അന്വേഷണം നടന്നിരുന്നു. ഇതിൽ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലൻസിനും നൽകിയതിനാല്‍ അവയിൽ റിപ്പോർട്ട് ഉണ്ടായേക്കില്ല.
#Kerala #ADGP #Transfer #LawAndOrder #Police #Investigation #BreakingNews