State Hajj | അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ

 
Adv. Husain Sakhafi Chullikkod as Chairman of Hajj Committee
Adv. Husain Sakhafi Chullikkod as Chairman of Hajj Committee

Photo Credit: Markaz Media

● അഡ്വ. മൊയ്തീൻ കുട്ടി പിന്താങ്ങി.
● റിട്ടേർണിംഗ് ഓഫീസർ ബിന്ദു വി. ആർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
● നിലവിൽ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനുമാണ്. 

തിരുവനന്തപുരം: (KVARTHA) 2024-27 കാലയളവിലേക്കുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയർമാനായി അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലാ കളക്ടർ വി. ആർ. വിനോദിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കമ്മിറ്റി അംഗം ഉമർ ഫൈസി മുക്കമാണ് ചെയർമാൻ സ്ഥാനത്തേക്ക് ഹുസൈൻ സഖാഫിയെ നാമനിർദ്ദേശം ചെയ്തത്. അഡ്വ. മൊയ്തീൻ കുട്ടി പിന്താങ്ങി. റിട്ടേർണിംഗ് ഓഫീസർ ബിന്ദു വി. ആർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സംസ്ഥാന സ്പോർട്സ്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ നടന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗിൽ 2025 വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി.

മലപ്പുറം കുഴിമണ്ണ, തവനൂർ സ്വദേശിയായ ഹുസൈൻ സഖാഫി സമസ്ത മുശാവറ അംഗവും കോഴിക്കോട് ജാമിഅ മർകസ് പ്രൊ-ചാൻസിലറുമാണ്. നിലവിൽ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനുമാണ്. റഷ്യ, കാനഡ, അമേരിക്ക, ഈജിപ്ത്, മലേഷ്യ, യു.എ.ഇ, ലിബിയ, ജോർദാൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന വിവിധ അന്താരാഷ്ട്ര പണ്ഡിത സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി തവണ പങ്കെടുത്തിട്ടുള്ള അദ്ദേഹം ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനുമാണ്.

കേരളത്തിലെ മുസ്ലിം സംഘടനാ കൂട്ടായ്മകളിലും ന്യൂനപക്ഷ വിഷയങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഹുസൈൻ സഖാഫി മുമ്പ് ആരാധനാലയങ്ങളുടെ സെൻസസിനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ അംഗമായിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രധാന ശിഷ്യനാണ്. മർകസ് എക്സിക്യൂട്ടീവ് അംഗവുമാണ്.

മർകസ് ശരീഅ കോളേജിൽ നിന്ന് മത പഠനത്തിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അറബി ഭാഷയിലും നിയമപഠനത്തിലും ബിരുദവും അറബിയിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം 2021 ൽ ആന്ധ്രയിലെ ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 'ഇസ്‌ലാമിക കർമശാസ്ത്രത്തിന് അറബി ഭാഷയിൽ കേരള പണ്ഡിതർ നൽകിയ സംഭാവന' എന്ന വിഷയത്തിൽ 2004 ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റി, ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് അറബി, ഉറുദു ഭാഷകളിൽ വിവിധ ഹൃസ്വകാല കോഴ്‌സുകളും പൂർത്തീകരിച്ചിട്ടുണ്ട്.

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന സി എസ് മൊയ്തീൻ കുട്ടി മുസ്‌ലിയാരുടെ മകൻ സി എസ് മുഹമ്മദ് മുസ്‌ലിയാർ-കടുങ്ങല്ലൂർ വാചാപ്പുറത്ത് ആമിന ദമ്പതികളുടെ മകനാണ്. താമരശ്ശേരി അണ്ടോണ സ്വദേശി സീനത്ത് ആണ് പത്നി. മക്കൾ: അമീൻ മുബാറക് സഖാഫി, ഹുസ്‌ന മുബാറക്, അദീബ് മുബാറക്. മരുമക്കൾ: അബ്ദുറഊഫ് അസ്ഹരി, ജെബിൻ.


#HusainSakhafi #StateHajjCommittee #Kerala #Leadership #IslamicScholar #MinorityWelfare



 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia