Adv P Santhosh Kumar | ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന വിഷയങ്ങളെ കേന്ദ്രം ലാഘവത്തോടെ കാണുന്നു: അഡ്വ പി സന്തോഷ് കുമാര്‍ എം പി

 


കണ്ണൂര്‍: (www.kvartha.com) ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന വിഷയങ്ങളെ കേന്ദ്രം ലാഘവത്തോടെയാണ് കാണുന്നതെന്ന് അഡ്വ പി സന്തോഷ് കുമാര്‍ എം പി. ബഫര്‍സോണുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെയും അതുപോലെ തന്നെ വര്‍ധിച്ചു വരുന്ന വിമാനക്കൂലിയെ സംബന്ധിച്ചുമെല്ലാം നിരുത്തരവാദിത്തപരമായ സമീപനമാണ് കേന്ദ്രസര്‍കാര്‍ കൈക്കൊള്ളുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തിറങ്ങിയ ഉടന്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് എഴുതിയ കത്തിനുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി പറയുന്നത് സുപ്രീം കോടതി ഉത്തരവില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കും എന്ന് പറയുന്നില്ല എന്ന് മാത്രമാണ്.

കൊമേഴ്സ്യല്‍ മൈനിങ്, ക്വാറികള്‍, ക്രഷിങ് യൂനിറ്റുകള്‍ തുടങ്ങിയവ മാത്രമാണ് നിരോധിക്കുന്നതെന്നും മറ്റുള്ളവ 'പൊതുവായി നിയന്ത്രിക്കുക' മാത്രമാണ് ചെയ്യുകയെന്നുമാണ് മന്ത്രി മറുപടിയില്‍ അറിയിച്ചത്. എന്നാല്‍ 'നിയന്ത്രണങ്ങളുടെ' വിശാലമായ അര്‍ഥം അദ്ദേഹം പരിഗണിക്കുന്നില്ലെന്നും ജനങ്ങളുടെ ആശങ്കകളെ നിസാരവത്കരിക്കുകയാണ് ചെയ്യുന്നതെന്നും എം പി ആരോപിച്ചു.

കോടതി ഉത്തരവിലെ 44 എഫ് -ല്‍ വ്യക്തമായി പറയുന്നത് ഒരു കിലോമീറ്റര്‍ പരിധി പൊതുജനാഭിപ്രായം പരിഗണിച്ചുകൊണ്ട് മാറ്റം വരുത്തണമെങ്കില്‍ സംസ്ഥാനസര്‍കാര്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമറ്റിയെയും, വനം-പരിസ്ഥിതി മന്ത്രാലയത്തേയും സമീപിക്കണം എന്നാണ്. 

വനം-പരിസ്ഥിതി മന്ത്രാലയവും സിഇസിയും ആണ് സുപ്രീം കോടതിയുടെ മുന്നില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കോടതി അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്ന് വ്യക്തമായി 44 എഫ്-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതില്‍ നിന്നും കേന്ദ്രസര്‍കാരിനാണ് ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രധാനമായ പങ്കു വഹിക്കാന്‍ കഴിയുകയെന്നത് വ്യക്തമാണ്. സംസ്ഥാനസര്‍കാരിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മാത്രമേ അധികാരമുള്ളൂ. വിഷയത്തില്‍ ഗൗരവമായ സമീപനം സ്വീകരിക്കാത്ത സാഹചര്യത്തില്‍ കേന്ദ്രമന്ത്രിക്ക് വീണ്ടും കത്തെഴുതുകയും വിഷയം രാജ്യസഭയില്‍ ഉന്നയിക്കുകയും ചെയ്യുമെന്ന് എം പി അറിയിച്ചു.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍കാരിനുള്ള നിരുത്തരവാദിത്തപരമായ സമീപനത്തിന് മറ്റൊരു ഉദാഹരണമാണ് വര്‍ധിച്ചു വരുന്ന വിമാനക്കൂലിയെക്കുറിച്ച് രാജ്യസഭയില്‍ ആദ്യദിവസം ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരം. 

അസാധാരണമായ വിമാനചാര്‍ജ് വിദേശ യാത്രക്കാരെയും പ്രാദേശിക യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുമ്പോള്‍ സര്‍കാര്‍ ഇടപെടുമോ എന്ന ചോദ്യത്തിന് വിമാനചാര്‍ജ് 'കമ്പോളനിയന്ത്രിതമാണ്' എന്നും ഒരു തരത്തിലും സര്‍കാര്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ് മറുപടി ലഭിച്ചത്.

ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും തല്‍കാലം ചര്‍ചയില്‍ ഇല്ല എന്ന് വ്യക്തമാക്കുന്നതിലൂടെ സ്വകാര്യ കംപനികളുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് സര്‍കാരും മന്ത്രാലയവും പ്രവര്‍ത്തിക്കുന്നതെന്നാണ് വ്യക്തമാവുന്നത്. 

Adv P Santhosh Kumar | ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന വിഷയങ്ങളെ കേന്ദ്രം ലാഘവത്തോടെ കാണുന്നു: അഡ്വ പി സന്തോഷ് കുമാര്‍ എം പി

ജനക്ഷേമത്തെക്കുറിച്ചുള്ള യാതൊരു വ്യാകുലതകളും ബാധിക്കാത്തവിധത്തില്‍ ന്യായയുക്തമായ ചോദ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ബിജെപി സര്‍കാരിന്റെ കോര്‍പറേറ്റ് സൗഹൃദ നയങ്ങളെ പാര്‍ലമെന്റിന് അകത്തും പുറത്തും അതിശക്തമായി എതിര്‍ക്കുമെന്നും എം പി വ്യക്തമാക്കി.

Keywords: Adv P Santhosh Kumar Against Central Govt, Kannur, News, Criticism, Lawyer, Allegation, Supreme Court of India, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia