അരുവിക്കരയിലെ 30 വര്‍ഷത്തെ യു ഡി എഫിന്റെ അശ്വമേധത്തിന് കടിഞ്ഞാണിട്ട് എല്‍ ഡി എഫിലെ അഡ്വ. ജി സ്റ്റീഫന്‍; ശബരീനാഥിനെ പരാജയപ്പെടുത്തിയത് 6000ത്തിലേറെ വോടുകള്‍ക്ക്

 


തിരുവനന്തപുരം: (www.kvartha.com 02.05.2021) അരുവിക്കരയിലെ 30 വര്‍ഷത്തെ യുഡിഎഫിന്റെ അശ്വമേധത്തിന് കടിഞ്ഞാണിട്ട് എല്‍ ഡി എഫിലെ അഡ്വ. ജി സ്റ്റീഫന്‍. സിറ്റിങ് എം എല്‍ എയും യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാഥനെ 6000ത്തിലേറെ വോടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സി പി എം സ്ഥാനാര്‍ഥിയായ ജി സ്റ്റീഫന്‍ ഇത്തവണ ഇടത് പാളയത്തിലേക്ക് അരുവിക്കരയുടെ ചാലുവെട്ടിയത്. അരുവിക്കരയിലെ 30 വര്‍ഷത്തെ യു ഡി എഫിന്റെ അശ്വമേധത്തിന് കടിഞ്ഞാണിട്ട് എല്‍ ഡി എഫിലെ അഡ്വ. ജി സ്റ്റീഫന്‍; ശബരീനാഥിനെ പരാജയപ്പെടുത്തിയത് 6000ത്തിലേറെ വോടുകള്‍ക്ക്
2016ല്‍ ശക്തമായ ഇടത് തരംഗത്തിലും ഒലിച്ചുപോകാതെ തലസ്ഥാനത്ത് യുഡിഎഫിനൊപ്പം ഉറച്ച് നിന്ന മണ്ഡലങ്ങളിലൊന്നായിരുന്നു അരുവിക്കര. കഴിഞ്ഞ തവണ സിപിഎമിന്റെ എ എ റഷീദിനെ 21,314 വോടിന് പരാജയപ്പെടുത്തിയാണ് ശബരിനാഥന്‍ രണ്ടാം തവണയും നിയമസഭയിലെത്തിയത്. എന്നാല്‍ മൂന്നാം ഊഴത്തില്‍ മുന്‍ മന്ത്രിയും സ്പീകറുമായിരുന്ന ജി കാര്‍ത്തികേയെന്റ മകന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.

കാലാകാലമായി യുഡിഎഫിനൊപ്പം നിന്ന നാടാര്‍ വോടുകള്‍ ഇത്തവണ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞതാണ് ശബരിക്ക് തിരിച്ചടിയായത്. അരുവിക്കര, കുറ്റിച്ചല്‍, പൂവച്ചല്‍ പഞ്ചായത്തുകളിലെ നല്ലൊരു ശതമാനം നാടാര്‍ വോടുകളും സ്റ്റീഫനിലേക്ക് കേന്ദ്രീകരിച്ചു. കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തന്നെ ശബരിനാഥനോട് മുന്നണിക്കുള്ളിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് അസ്വാരസ്യമുണ്ടായിരുന്നു. അത് ഇത്തവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും നിഴലിച്ചിരുന്നു.

ലീഗിലും അതൃപ്തി ശക്തമായിരുന്നു. മുന്നണിക്കുള്ളിലെ ഈ തര്‍ക്കം മുതലെടുത്ത് മണ്ഡലത്തില്‍ തുടക്കം മുതല്‍ തന്നെ ചിട്ടയായ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചതും സ്റ്റീഫന് മേല്‍കൈ നല്‍കി. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട ജി. സ്റ്റീഫന്‍ പഠനകാലത്ത് അന്തിയുറങ്ങിയത് സി.പി.എം കാട്ടാക്കട ഏരിയാ കമിറ്റി ഓഫീസിലാണ്. ബാലസംഘം അംഗമായിരിക്കെ കുളത്തുമ്മല്‍ ഗവ ഹൈസ്‌കൂള്‍ എസ് എഫ് ഐ യൂനിറ്റ് സെക്രടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സജീവസംഘടന പ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്നത്.

ബാലസംഘം ഏരിയാ പ്രസിഡന്റ്, ജില്ലാ കമിറ്റി അംഗം, എസ് എഫ് ഐ കാട്ടാക്കട ഏരിയാ പ്രസിഡന്റ്, സെക്രടറി, ജില്ല ജോ. സെക്രടറി, സിപിഎം കിള്ളി ബ്രാഞ്ച് സെക്രടറി, കാട്ടാക്കട ലോകല്‍ കമിറ്റി സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് യൂനിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട് 95- 96- ല്‍ കേരള സര്‍വകലാശാല യൂനിയന്‍ ജനറല്‍ സെക്രടറിയായി. 97- 2000 വരെ കേരള സര്‍വകലാശാല സെനറ്റ് അംഗമായും അക്കാദമിക് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.

22-ാം വയസ്സില്‍ കന്നിയങ്കത്തില്‍ കാട്ടാക്കട പഞ്ചായത്തിലെ കിള്ളി വാര്‍ഡില്‍ അന്നത്തെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ ചെല്ലപ്പനാശാരിയെ 297 വോടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ച് പാര്‍ലമെന്ററി രംഗത്തേക്ക്. ആ വര്‍ഷം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി.

തുടര്‍ന്ന് മൂന്നേകാല്‍ വര്‍ഷം കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍ായി. 2010ല്‍ എട്ടിരുത്തി വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച് വീണ്ടും അഞ്ചു വര്‍ഷം കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റായി. 2015ല്‍ കാട്ടാക്കട ബ്ലോക് ഡിവിഷനില്‍ നിന്ന് വിജയിച്ച് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി.

വിദ്യാര്‍ഥി സംഘടനാ കാലഘട്ടത്തില്‍ വിളനിലം സമരം, മെഡിക്കല്‍ സമരം തുടങ്ങിയ സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് മര്‍ദനവും ലോക്കപ്പ് മര്‍ദനവും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു. കാട്ടാക്കട പി ആര്‍വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക പി മിനിയാണ് ഭാര്യ. മക്കള്‍: പ്ലസ്ടു വിദ്യാര്‍ഥി ആശിഷ്, ആറാം ക്ലാസുകാരി അനീന.

Keywords:  After 30 years of UDF assassination in Aruvikara, Adv. G. Stephen; Sabrinath was defeated by more than 6,000 votes, Thiruvananthapuram, News, Politics, Assembly-Election-2021, Result, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia