Pazhassi Canals | 10 വര്‍ഷത്തിനുശേഷം പഴശ്ശി പദ്ധതിയുടെ കനാലുകള്‍ വീണ്ടും വെള്ളമൊഴുക്കാന്‍ ഒരുങ്ങുന്നു; മെയ് അവസാനവാരം ട്രയല്‍ റണ്‍ നടത്തും

 




കണ്ണൂര്‍: (www.kvartha.com) 10 വര്‍ഷത്തിനുശേഷം പഴശ്ശി പദ്ധതിയുടെ കനാലുകള്‍ വീണ്ടും വെള്ളമൊഴുക്കാന്‍ ഒരുങ്ങുന്നു. 42 കിലോമീറ്റര്‍ വരുന്ന മെയിന്‍ കനാല്‍ വഴിയും മാഹി ബ്രാഞ്ച് കനാല്‍ വഴിയും വെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. മെയ്  31ന് ട്രയല്‍ റണ്‍ നടത്താന്‍ കഴിയുന്നവിധം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഴശ്ശി പദ്ധതിയില്‍ ചേര്‍ന്ന പ്ലാനിംങ്ങ് ബോര്‍ഡ് യോഗത്തില്‍ തീരുമാനമാച്ചിട്ടുണ്ട്.

2012ല്‍ കനത്ത മഴയില്‍ പഴശ്ശിയുടെ ഷടറുകള്‍ തുറക്കാന്‍ കഴിയാതെയുണ്ടായ പ്രളയത്തില്‍ കനാലിന്റെ ഒരു ഭാഗം തകര്‍ന്നതോടെ ഇതുവഴി വെളളത്തിന്റെ ഒഴുക്ക് പൂര്‍ണമായും നിലച്ചിരുന്നു. കഴിഞ്ഞ മൂന്ന് ബജറ്റിലും പദ്ധതിയുടെ കനാല്‍ നവീക്കുന്നതിനായി 10 കോടി വീതം നീക്കിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പദ്ധതി പ്രദേശത്തുനിന്നും 5.5 കിലോമീറ്റര്‍ കീച്ചേരിവരെ മെയിന്‍ കനാല്‍ വഴി വെള്ളം എത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ചയായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് മെയിന്‍ കനാല്‍ വഴി പൂര്‍ണമായും വെള്ളം ഒഴുക്കാനുള്ള  ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമായി മാറിയത്. 

മെയിന്‍ കനാല്‍ പറശ്ശിനിക്കടവ് അകഡേറ്റ് പാലംവരെ വെള്ളം എത്തിക്കാന്‍ കഴിയുന്നത് വന്‍ പ്രതീക്ഷയ്‌ക്കൊപ്പം എഴുതിത്തള്ളിയ പദ്ധതിയുടെ ഉയര്‍ത്തേഴുന്നേല്പ്പായും മാറും. ഈ വര്‍ഷം ബജറ്റില്‍ പദ്ധതിക്കായി 10 കോടി അനുവദിച്ചിട്ടുണ്ട്. ഈ തുക  ഉപയോഗിച്ച് എടക്കാട് ബ്രാഞ്ച് കനാലില്‍ ഒന്‍പതുകിലോമീറ്ററും ആഴീക്കല്‍ ബ്രാഞ്ച് കനാലില്‍ 12 കിലോമീറ്ററും വെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്ലാനിംങ്ങ് ബോര്‍ഡ് യോഗം രൂപം നല്‍കി. 

പഴശ്ശി കനാല്‍ പുരനുദ്ധരിക്കുന്നതിനും പദ്ധതിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുന്നതിനുമായി പുതിയൊരു സബ് ഡിവിഷന്‍ കൂടി സര്‍കാന്‍ അനുവദിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളും പ്ലാനിംങ്ങ് ബോര്‍ഡ് യോഗം അവലോകനം ചെയ്തു. കനാല്‍ വഴി വെളളം എത്തുന്നതോടെ കൈയേറ്റം ഉള്‍പെടെ ഇല്ലാതാക്കാന്‍ കഴിയുമെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശവാസികളുടെ പിന്‍തുണ ഉറപ്പാക്കാന്‍ കഴിയുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 

2026 ഓടെ പദ്ധതിയെ വീണ്ടും റീ കമീഷന്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വേഗത കൈവന്നിരിക്കുന്നത്. 1979 ലാണ് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് ഒരു ജലസേചന പദ്ധതിയെന്ന നിലയില്‍ പഴശ്ശി പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. കുറച്ചു വര്‍ഷങ്ങള്‍ ഇതിലെ മെയിന്‍ കനാല്‍ വഴിയും മറ്റും വെള്ളമൊഴുക്കാന്‍ പദ്ധതിക്കായെങ്കിലും. തുടര്‍പ്രവര്‍ത്തനങ്ങളോ അതത് സമയങ്ങളില്‍ അറ്റകുറ്റപ്പണികളോ ചെയ്യാതെ പദ്ധതിയുടെ പ്രവര്‍ത്തനം താളംതെറ്റുന്ന അവസ്ഥയിലേക്ക് മാറി. 

ഷടറുകള്‍ തുരുമ്പെടുത്തതോടെ വലിയ ചോര്‍ച ഉണ്ടാവുകയും ജലസംഭരണം താളംതെറ്റുകയും ചെയ്തു. ഒടുവില്‍ 2012 ല്‍ ഷടര്‍ തുറക്കാന്‍ കഴിയാതെ ഉണ്ടായ പ്രളയം പദ്ധതിയെ ആകെ തകര്‍ക്കുകയും  ഉപേക്ഷിക്കേണ്ടി വരുമോ എന്ന അവസ്ഥവരെയും ഉണ്ടായി. 

എന്നാല്‍ നിരവധി ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ അന്നത്തെ സര്‍കാര്‍ പഴശ്ശിയുടെ മുഴുവന്‍ ഷടറുകളും പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയും മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തതോടെ എല്ലാവരും എഴുതിത്തള്ളിയ പഴശ്ശി മാറുകയായിരുന്നു. ജലസേചന പദ്ധതിയായിട്ടായിരുന്നു തുടക്കമെങ്കിലും ഇന്ന് കണ്ണൂര്‍ ജില്ലക്കാകെ കുടിവെള്ളം നല്‍കുന്ന ജലദായിനിയാണ് പഴശ്ശി. 

Pazhassi Canals | 10 വര്‍ഷത്തിനുശേഷം പഴശ്ശി പദ്ധതിയുടെ കനാലുകള്‍ വീണ്ടും വെള്ളമൊഴുക്കാന്‍ ഒരുങ്ങുന്നു; മെയ് അവസാനവാരം ട്രയല്‍ റണ്‍ നടത്തും

മെയിന്‍ കനാല്‍ വഴി വെള്ളമൊഴുകുന്നതോടെ പദ്ധതിയുടെ ഉയര്‍ത്തേഴുന്നേല്‍പ്പായി അതുമാറും. മുന്‍പ് പഴശ്ശിയെ ആശ്രയിച്ച് കൃഷിയിറക്കിയിരുന്ന പാടങ്ങളെല്ലാം ഇന്ന് തരിശുഭൂമിയായും കെട്ടിട സമുച്ഛയങ്ങളായും മാറിയെങ്കിലും മെയില്‍ കനാലില്‍ നിന്നും അവശേഷിക്കുന്ന കൈകനാലുകള്‍ വഴിയും വെള്ളം എത്തുന്നതോടെ ശേഷിക്കുന്ന പാടങ്ങളെ ഹരിതാഭമാകാന്‍ സാധിക്കും. മേഖലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ പരിഹാരമാകും. പദ്ധതിയുടെ ഭാഗമായി 450 ഓളം കിലോമീറ്ററോളം കൈക്കനാലുകള്‍ ഉണ്ടെന്നതും പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.

ഉപയോഗ ശൂന്യമായിക്കിടന്ന കനാല്‍ ഭാഗങ്ങള്‍ നിരവധിയിടങ്ങളില്‍ വ്യക്തികള്‍ കൈയേറിയിട്ടുണ്ട്. ഇതുതിരിച്ചുപിടിക്കാനുളള നീക്കങ്ങളും ഇറിഗേഷന്‍ വകുപ്പ് നടത്തുന്നുണ്ട്. യോഗത്തില്‍ ജില്ലാ പ്ലാനിംങ്ങ് ഓഫീസര്‍ കെ പ്രകാശന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്ലാനിംങ് ബോര്‍ഡിന്റെ കാര്‍ഷിക വിഭാഗം ചീഫ് എസ് എസ് നാഗേഷ്, ചീഫ് എന്‍ജിനീയര്‍ ഇറിഗേഷന്‍ പ്രൊജക്ടറ് വണ്‍ ശിവദാസന്‍, പ്രൊജക്ട് സര്‍കിള്‍ കണ്ണൂര്‍ സൂപ്രണ്ടിംങ്ങ് എന്‍ജിനീയര്‍ സി പി മുരളീഷ്, പഴശ്ശി പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂടീവ് എന്‍ജിനീയര്‍ ജയരാജന്‍ കാണിയേരി, അസിസ്റ്റന്റ് എക്‌സിക്യൂടീവ് എന്‍ജിനീയര്‍മാരായ കെ സന്തോഷ്, എ നസീര്‍ എന്നിവരും പങ്കെടുത്തു.

Keywords:  News,Kerala,State,Kannur,Dam,Top-Headlines,Latest-News, After ten years water released into the canals of Pazhassi Dam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia