Dayabai's Strike | നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടു; ദയാബായിയുമായി സര്‍കാര്‍ ചര്‍ചയ്ക്ക്, പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

 



തിരുവനന്തപുരം: (www.kvartha.com) എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക ദയാബായിയുമായി സര്‍കാര്‍ ചര്‍ചയ്ക്ക് തയ്യാറായി. ഉപവാസ സമരം 15 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് സമരം അവസാനിപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടത്.

സമരക്കാരുമായി ചര്‍ച നടത്താന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി. മന്ത്രി ആര്‍ ബിന്ദുവിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉച്ചക്ക് സമരസമിതിയുമായി മന്ത്രിമാര്‍ ചര്‍ച നടത്തും.
സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് സര്‍കാര്‍ ഉറപ്പുനല്‍കിയാല്‍ ദയാബായി സമരം അവസാനിപ്പിക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായതുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡികല്‍ കോളജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോടിനേയും ഉള്‍പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദയാബായിയുടെ സമരം. 

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് രണ്ട് തവണ ദയാബായിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദയാബായി പൂര്‍വാധികം ശക്തിയോടെ സമരവേദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

പ്രായം 80 പിന്നിട്ടെങ്കിലും പൊലീസ് ഉണ്ടാക്കുന്ന അവശത അല്ലാതെ തനിക്ക് മറ്റൊരു അവശതയും ഇല്ലെന്ന് ദയാബായി വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം നശിച്ചെന്നും അതുകൊണ്ട് ആണ് താന്‍ ഇത്രയും നാളായി ഇവിടെ കിടന്നിട്ടും ഒന്നും നടക്കാത്തതെന്നും കാസര്‍കോട് ജില്ലയില്‍ ചികിത്സാ സൗകര്യം ഇല്ലെന്ന് മാത്രമല്ല, സര്‍കാര്‍ മനപൂര്‍വം നിഷേധിക്കുകയാണെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. 

കാസര്‍കോട് ജില്ലയോടുള്ള അവഗണന ആരോഗ്യ മേഖലയിലും തുടരുന്നുവെന്നാണ് ആക്ഷേപം. മെഡികല്‍ കോളജില്‍ കിടത്തി ചികിത്സയില്ല. ആകെയുള്ളത് ഉച്ചവരെയുള്ള ഒപി മാത്രം. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് 19 മാസം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ല. എന്‍ഡോസള്‍ഫാന് ദുരിത ബാധിതര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഈ മാസം രണ്ടിനാണ് ദയാബായിയുടെ നിരാഹാര സമരം സെക്രടേറിയറ്റ് പടിക്കല്‍ തുടങ്ങിയത്.

Dayabai's Strike | നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടു; ദയാബായിയുമായി സര്‍കാര്‍ ചര്‍ചയ്ക്ക്, പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി


യുഡിഎഫ് നേതാക്കള്‍ മുതല്‍ മനുഷ്യാവകാശ സംഘടനകള്‍വരെ സമരത്തിന് പിന്തുണയുമായി സെക്രടേറിയറ്റ് നടയില്‍ എത്തിയിരുന്നു. നിരാഹാരം അവസാനിപ്പിക്കാന്‍ സര്‍കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരം ഏറ്റെടുക്കുമെന്ന് ദയാബായിക്ക് പിന്തുണ അറിയിച്ച് ജില്ലാ കോണ്‍ഗ്രസ് കമിറ്റി നടത്തിയ മാര്‍ചില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എല്ലാ ജില്ലകളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ സമരം നടത്താനാണ് തീരുമാനമെന്ന് സതീശന്‍ അറിയിച്ചിരുന്നു.

കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ പരിമിതമാണ്. ലോക്ഡൗണ്‍ കാലത്ത് അതിര്‍ത്തി അടച്ചത് മൂലം മതിയായ ചികിത്സ കിട്ടാതെ 20 പേരാണ് മരിച്ചത്. ജില്ലയിലെ ആശുപത്രികളില്‍ വേണ്ടത്ര ചികിത്സാ സൗകര്യം ഏര്‍പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ കഴിയുന്ന ഒന്നാണ്. എന്തെങ്കിലും കാട്ടിക്കൂട്ടി സമരം അവസാനിപ്പിക്കാമെന്നാണ് സര്‍കാര്‍ കരുതുന്നതെങ്കില്‍ അക്കാര്യം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Keywords:  News,Kerala,State,Endosulfan,Top-Headlines,Trending,Government,CM,Pinarayi-Vijayan,Minister, After two weeks of Dayabai's hunger strike for endosulfan victims, Govt ready to meets 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia