തലസ്ഥാനത്തെ ഗ്രാമങ്ങളെ ഇളക്കി മറിച്ച് എഐസിസി ജനറല്‍ സെക്രടെറി കെസി വേണുഗോപാല്‍ എംപിയുടെ ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്ര; പാങ്ങോട് കല്ലറ മുതല്‍ ഭരതന്നൂര്‍ വരെ നടന്ന പദയാത്രയില്‍ വന്‍ജനപങ്കാളിത്തം

 


തിരുവനന്തപുരം: (www.kvartha.com 06.12.2021) തലസ്ഥാനത്തെ ഗ്രാമങ്ങളെ ഇളക്കി മറിച്ച് എഐസിസി ജനറല്‍ സെക്രടെറി കെസി വേണുഗോപാല്‍ എംപിയുടെ ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്ര. പാങ്ങോട് കല്ലറ മുതല്‍ ഭരതന്നൂര്‍ വരെ നടന്ന പദയാത്രയില്‍ അണിനിരന്നത് 5000ത്തിലേറെ പേര്‍.

ഗ്രാമങ്ങളിലെ സാധാരണക്കാരുടെ പ്രശ്നങ്ങളും കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ ഭരണം മൂലം അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിഭാവനം ചെയ്തതാണ് ഈ പദയാത്ര.
 
തലസ്ഥാനത്തെ ഗ്രാമങ്ങളെ ഇളക്കി മറിച്ച് എഐസിസി ജനറല്‍ സെക്രടെറി കെസി വേണുഗോപാല്‍ എംപിയുടെ ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്ര; പാങ്ങോട് കല്ലറ മുതല്‍ ഭരതന്നൂര്‍ വരെ നടന്ന പദയാത്രയില്‍ വന്‍ജനപങ്കാളിത്തം

കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്രയുടെ ഭാഗമായി ഇത് രണ്ടാമത്തെ പരിപാടിയിലാണ് കെ സി വേണുഗോപാല്‍ എംപി നേതൃത്വം നല്‍കുന്നത്. ആദ്യ പരിപാടി മുംബൈയിലെ വാര്‍ധ ഗ്രാമത്തിലായിരുന്നു. അന്നും നൂറുകണക്കിന് ആദിവാസികള്‍ കെസിയെ അവിടെ വരവേറ്റിരുന്നു.

തിരുവനന്തപുരത്ത് പാങ്ങോട് കല്ലറയിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പുഷ്പാര്‍ചനയോടെയാണ് പദയാത്ര തുടങ്ങിയത്. ഏഴു കിലോമീറ്റര്‍ അപ്പുറമുള്ള ഭരതന്നൂരിലേക്കുള്ള യാത്രയില്‍ രണ്ടു കിലോ മീറ്റര്‍ നീളത്തില്‍ പ്രവര്‍ത്തകരും യാത്രയില്‍ അണി നിരന്നു. രാത്രി വൈകി ഭരതന്നൂരിലെത്തിയ പദയാത്രയ്ക്ക് ശേഷം അന്നു അവിടെ മലയോര മേഖലയിലെ പ്രദേശവാസികള്‍കൊപ്പം തന്നെയായിരുന്നു ഭക്ഷണവും താമസവും.

ഭരതന്നൂരില്‍ കെസി വേണുഗോപാലിനെ എതിരേറ്റത് നൂറുകണക്കിന് ആദിവാസികളും ദളിതരുമായിരുന്നു. പിറ്റേദിവസം രാവിലെ പ്രഭാതഭേരിയെന്ന പേരില്‍ പ്രദേശവാസികളുമായി സംവാദം നടന്നു. അവരുടെ പ്രശ്നങ്ങള്‍ അറിയുകയും കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ നയങ്ങളിലൂടെ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രഭാതഭേരിയുടെ ലക്ഷ്യം.

പ്രഭാത ഭേരിക്ക് മുന്നോടിയായി പാങ്ങോട് പഞ്ചായത്തിലെ കരിങ്ങോട് അംബേദ്കര്‍ കോളനിയിലേക്ക് വേണുഗോപാല്‍ എത്തി. ഓരോ വീടുകളില്‍ നിന്നും കേട്ടത് സങ്കടങ്ങളുടെ കടല്‍ തന്നെയാണ് . ഊരുകളിലേക്ക് നല്ല വഴിയില്ലാത്തതും തൊഴിലില്ലാത്തതുമൊക്കെയായിരുന്നു അവരുടെ സങ്കടങ്ങള്‍.

എല്ലാം കേട്ട് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പും നല്‍കി അവിടെ നിന്നും വേണുഗോപാല്‍ എത്തിയത് ആദിവാസി ദളിത് സംഗമ വേദിയിലേക്ക്. അവിടെ അഞ്ഞൂറിലേറെ പേരാണ് നേതാവിനെ കാത്തിരുന്നത്. നേരെ വേദിയിലേക്ക് കയറാതെ അവിടെ കൂടി നിന്നവരുടെ പരാതിയും പരിഭവവും അദ്ദേഹം കേട്ടു.

തുടര്‍ന്ന് നേതാക്കള്‍ മാത്രമല്ല വേദിയില്‍ ഇരിക്കേണ്ടതെന്നും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടി വേണമെന്നും വേണുഗോപാല്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കൊച്ചു അടുപ്പുപാറ ഊരുമൂപ്പന്‍ പ്രഭാകരന്‍ കാണി ഉള്‍പെടെ പലരെയും മുന്‍നിരയില്‍ തന്നെ ഇരുത്തി. ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ അവരുടെ കൂട്ടത്തില്‍ നിന്നുള്ളവര്‍ തന്നെ നേരിട്ട് നേതാവിനെ അറിയിച്ചു. മറ്റു ചിലര്‍ എഴുതി തയാറാക്കിയ പരാതികള്‍ വേണുഗോപാലിന് സമര്‍പിച്ചു. എല്ലാവരുടെയും പ്രശ്നങ്ങള്‍ കേട്ട് കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ വീഴ്ചകള്‍ അവരെ ബോധ്യപ്പെടുത്തി.

നഗര കേന്ദ്രങ്ങളിലെ പാര്‍ടി സമരങ്ങളില്‍ നേതാക്കള്‍ മാത്രം പങ്കെടുക്കുമ്പോള്‍ സാധാരണക്കാരുടെ പങ്കാളിത്തം കുറയുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന് അവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ് രാജ്യത്തെ പൊതു സ്ഥിതി അവരെ ബോധ്യപ്പെടുത്താന്‍ ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്ര നേതൃത്വം തീരുമാനിച്ചത്. ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിലൂടെ അവരുടെ ഹൃദയം കവരാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

അതേസമയം നേതാക്കളല്ല, എല്ലാത്തിനും മുകളില്‍ പാര്‍ടി തന്നെയാണെന്ന സന്ദേശം കൂടി നല്‍കാനും ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നുണ്ട്

Keywords:  AICC General Secretary KC Venugopal MP's Jan Jagaran Abhiyan Yatra shakes villages in the capital; More than 5,000 people lined up for the walk from Pangode to Bharathannur, Thiruvananthapuram, News, Politics, Congress, Rally, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia