Suresh Ranni | എയര്‍ ഇന്ത്യയിലെ ജോലി ഉപേക്ഷിച്ച് പത്രപ്രവര്‍ത്തകനായി; തപാല്‍ സേവനരംഗത്തും സജീവമായി മടക്കം: സുരേഷ് റാന്നി വിടവാങ്ങുമ്പോള്‍
● മംഗളത്തില്‍ 20 വര്‍ഷത്തിലധികം റാന്നി ലേഖകനായി ജോലി നോക്കിയിരുന്ന സുരേഷ് 27 ന് രാത്രി 11 മണിയോടെയാണ് ഹൃദ്രോഗ ബാധയെ തുടര്‍ന്ന് അന്തരിച്ചത്.
● നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹം വാരിക്കൂട്ടിയത്.
● റാന്നിയില്‍ എത്തിയതോടെ ശ്രദ്ധ സഹോദരന്റെ പത്ര പ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞു.
അജോ കുറ്റിക്കൻ
പത്തനംതിട്ട: (KVARTHA) 'സുരേഷ് റാന്നി'. തഴക്കവും പഴക്കവും ചെന്ന ലേഖകന്മാര്‍ക്കൊപ്പം മിക്കപ്പോഴും മംഗളം ദിനപത്രത്തിന്റെ ഒന്നാം പേജില്‍ ഇടം പിടിച്ചിരുന്ന ബൈലൈന്‍ ആയിരുന്നു അത്. ചെയ്യുന്നത് പ്രാദേശിക പത്രപ്രവര്‍ത്തകന്റെ ജോലിയാണെങ്കിലും വി.കെ. സുരേഷ് എന്ന സുരേഷ് റാന്നി പലപ്പോഴും ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നിന്ന് വരെ വാര്‍ത്തകള്‍ കണ്ടെത്തിയിരുന്നു.
പത്രത്തിന്റെ ഒന്നാം പേജില്‍ ആ വാര്‍ത്തകള്‍ സ്വന്തം ബൈലൈനോട് കൂടി അടിച്ചു വരുന്നത് കാണുമ്പോള്‍ സുരേഷ് ചെറുചിരിയോടെ പറയും- 'ചുമ്മാതൊന്ന് വിളിച്ചു നോക്കിയതാണ്. വിവരങ്ങള്‍ മുഴുവന്‍ കിട്ടി'. മംഗളത്തില്‍ 20 വര്‍ഷത്തിലധികം റാന്നി ലേഖകനായി ജോലി നോക്കിയിരുന്ന സുരേഷ് 27 ന് രാത്രി 11 മണിയോടെയാണ് ഹൃദ്രോഗ ബാധയെ തുടര്‍ന്ന് അന്തരിച്ചത്. തപാല്‍ വകുപ്പിലെ ജോലിത്തിരക്കും പത്രപ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ ഏറെ ഇഷ്ടപ്പെട്ട എഴുത്തിന്റെ വഴിയില്‍ നിന്ന് അദ്ദേഹം വേദനയോടെ പിന്മാറി.
അത് തപാല്‍ വകുപ്പിന്റെ നേട്ടമായി. നാരങ്ങാനം എന്ന ഗ്രാമത്തിലെ കണമുക്ക് എന്ന് കൊച്ച് പോസ്റ്റ് ഓഫീസ് ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുന്നതിന് സുരേഷ് കാരണക്കാരനായി. നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹം വാരിക്കൂട്ടിയത്. അതും വാര്‍ത്തയായി. വാര്‍ത്ത എഴുതി മാത്രം ശീലിച്ച സുരേഷ് താനും ഒരു വാര്‍ത്തയാകുന്നത് കണ്ട് ഏറെ സന്തോഷിച്ചു. എയര്‍ ഇന്ത്യയില്‍ ജോലി നോക്കവേ പിതാവ് രോഗബാധിതനായത് അറിഞ്ഞ് നാട്ടിലേക്ക് തിരിക്കുമ്പോള്‍ അവധി കഴിഞ്ഞ് മടങ്ങാനുള്ള ടിക്കറ്റും
നല്‍കിയാണ് അവര്‍ അയച്ചത്.
റാന്നിയില്‍ എത്തിയതോടെ ശ്രദ്ധ സഹോദരന്റെ പത്ര പ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞു. പിതാവിന്റെ മരണ ശേഷവും എയര്‍ ഇന്ത്യയിലെ ജോലിക്കായി മുംബൈയ്ക്ക് പറന്നില്ല. പതിറ്റാണ്ടുകള്‍ക്ക് ശേഷം 2018 ല്‍ മഹാപ്രളയം ഉണ്ടാകും വരെ ആ വിമാനടിക്കറ്റ് കൈവശം സൂക്ഷിച്ചിരുന്നു. ഇത്തരം കാര്യങ്ങളാണ് സുരേഷിനെ വ്യത്യസ്തനാക്കുന്നത്. ബിരുദം നേടിയ ശേഷം റാന്നിയില്‍ അധ്യാപകനായി കര്‍മ്മ മണ്ഡലത്തില്‍ തുടക്കം. പിന്നീട് മുംബൈ എയര്‍ ഇന്ത്യയില്‍.
മടങ്ങിയെത്തി സംസ്ഥാന ലൈസന്‍സ് നേടി ആധാരമെഴുത്തിലേക്ക് തിരിഞ്ഞു. പിന്നീട് സഹോദരന്‍ വി.കെ.രാജഗോപാലിന്റെ പാത പിന്തുടര്‍ന്ന് പത്ര പ്രവര്‍ത്തന രംഗത്തേക്ക്. മാതൃഭൂമി ലേഖകനായി തുടക്കം. ശബരിമല വരെ നീളുന്ന റാന്നി മേഖലയില്‍ വാര്‍ത്തയ്ക്കായി അധികവും സഞ്ചരിക്കേണ്ടത് വനത്തിലൂടെ.യാത്രാ സൗകര്യം കുറവായ അക്കാലത്ത് ഉള്‍വനത്തിലേക്ക് കയറിയാല്‍ ചിലപ്പോള്‍ മടക്കംദിവസങ്ങള്‍ കഴിഞ്ഞാകും. ഭക്ഷണം പോലും ഇല്ലാതെ വാര്‍ത്താ ശേഖരണത്തിനായി വനത്തിലൂടെ നടത്തം.
ഇക്കാലത്ത് വനമേഖലയില്‍ നടക്കുന്ന നിരവധി നിയമ ലംഘനങ്ങള്‍ സുരേഷ് പുറത്തു കൊണ്ടു വന്നിരുന്നു. പഴയ കാമറ ഉപയോഗിച്ച് വനത്തിലെ ചിത്രങ്ങള്‍ എടുത്ത് പരമ്പരയും പ്രസിദ്ധീകരിച്ചു. അക്കാലത്ത് പത്രങ്ങളില്‍ വന്ന ഈ വാര്‍ത്തകള്‍ ഏറെ ശ്രദ്ധ നേടി. മംഗളം ദിനപത്രത്തില്‍ ലേഖകനായതോടെ ആസ്ഥാനം പഴവങ്ങാടിയിലേക്ക് മാറി. ഏത് വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തുകയും സത്യസന്ധമായ വാര്‍ത്തകള്‍ കൃത്യതയോടെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ വി.കെ. സുരേഷ് മംഗളം സുരേഷായി മാറി.
രാത്രി എത്ര വൈകിയാലും നടക്കുന്ന സംഭവങ്ങള്‍ അടുത്ത ദിവസത്തെ പത്രത്തില്‍ വരണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്ന സുരേഷ് എന്ത് മാര്‍ഗവും സ്വീകരിച്ചിരുന്നു. ഇതിനായി പലരുടെയും എതിര്‍പ്പുകള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. മികച്ച പ്രവര്‍ത്തനത്തിനുള്ള ആദരവ് മിക്കപ്പോഴും നേടി എടുക്കന്നതിലേക്കാണ് അന്തിമമായി ഈ പ്രവര്‍ത്തനങ്ങള്‍ ചെന്നെത്തിയിരുന്നത്. ഒപ്പം റാന്നിയില്‍ മംഗളത്തിന്റെ വളര്‍ച്ചക്കും ഇത് കാരണമായി. പോസ്റ്റ് ഓഫിസില്‍ ജോലിയില്‍ ചേര്‍ന്നതോടെ ഇവിടെയും ഒന്നാമനാകുക ആയിരുന്നു ലക്ഷ്യം.
നാരങ്ങാനം നോര്‍ത്ത് പോസ്റ്റ് ഓഫിസില്‍ അസി.ബ്രാഞ്ച് പോസ്റ്റുമാസ്റ്റര്‍ ആയ സുരേഷിനെ അവാര്‍ഡുകളുടെ കളിത്തോഴന്‍ എന്നാണ് വിളിക്കുന്നത്. ഓഫിസിലെ മൂന്നു ഷെല്‍ഫുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ട്രോഫികളും മൊമെന്റോകളും സര്‍ട്ടിഫിക്കറ്റുകളിലും അധികവും വിവിധ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതിന് സുരേഷിന് ലഭിച്ച അംഗീകാരങ്ങളാണ്. ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തില്‍ പോസ്റ്റല്‍ ഇന്‍ഷുറന്‍സ് ബിസിനസില്‍ അടക്കം രണ്ടു തവണ എക്‌സലന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ നാലുതവണ സംസ്ഥാന തലത്തില്‍ അവാര്‍ഡ് സ്വന്തമാക്കിയ ജീവനക്കാരനാണ് സുരേഷ്.
ദേശീയ തലത്തില്‍ സുരക്ഷാ കവച് ജനറല്‍ ഇന്‍ഷുറന്‍സ് മത്സരത്തിന് രണ്ടാം സ്ഥാനം നേടിയിരുന്നു കേരളാ സര്‍ക്കിള്‍ തലത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ച് ബാഹുബലി അവാര്‍ഡും സ്വന്തമാക്കി. ജനങ്ങള്‍ക്ക് പരമാവധി സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സുരേഷിന്റെ പ്രവര്‍ത്തനം. ഇ-പാന്‍ എടുത്തു നല്‍കുന്നതും ആധാര്‍ പി.വി.സി കാര്‍ഡു നല്‍കുന്നതും കര്‍ഷകരെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് സഹായം ലഭ്യമാക്കുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
നാട്ടുകാരുടെ കൂട്ടായ്മയില്‍ കണമുക്കില്‍ പാറ പുറമ്പോക്കു ഭൂമിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു സ്ഥാപിച്ച കെട്ടിടത്തിലാണ് പോസേ്റ്റാഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ സുരേഷ് സ്വന്തം പണം മുടക്കിയാണ് സൗരോര്‍ജ ഫാനും ബള്‍ബും സ്ഥാപിച്ചത്. ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കുടിവെള്ളം അടക്കം ക്രമീകരിച്ചിട്ടുണ്ട്.
നാരങ്ങാനം പഞ്ചായത്തിലെ അഞ്ചു വയസില്‍ താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ എടുത്തു നല്‍കുന്ന കംപ്ലീറ്റ് ചൈല്‍ഡ് ആധാര്‍ പ്രോഗ്രാം സ്വന്തം നിലയില്‍ തയ്യാറാക്കി നടപ്പാക്കി വരികയായിരുന്നു. വിവിധ സബ്ഡിവിഷനകളില്‍ എത്തി ജീവനക്കാര്‍ക്ക് പോസ്റ്റല്‍ സേവനങ്ങള്‍ സംബന്ധിച്ച് ക്ലാസുകള്‍ എടുക്കുന്നതിനും വകുപ്പ് സുരേഷിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ ഹൃദയ സംബന്ധമായ രോഗം ഉണ്ടായപ്പോഴും ആശുപത്രി വിട്ടാല്‍ ഉടന്‍ ഓഫീസിലെത്തുക ആയിരുന്നു ലക്ഷ്യം. എന്നാല്‍ വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോയത് ഇനി മടക്കമില്ല എന്നറിയാതെ ആയിരിക്കാം.
#SureshRanni #PostalService #Journalism #KeralaNews #Mangalam #CommunityService