AKG Center Attack | എകെജി സെന്റര്‍ ആക്രമണം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്
Jul 2, 2022, 08:22 IST
തിരുവനന്തപുരം: (www.kvartha.com) എകെജി സെന്ററിനുനേരെ സ്ഫോടക വസ്തുവെറിഞ്ഞ സംഭവത്തില്‍ ഇതുവരെ പ്രതിയെ കണ്ടെത്താനായില്ല. സിസിടിവിയും ചില ഫേസ്ബുക് അകൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താന്‍ ഇതേവരെ പൊലീസിന് സാധിച്ചിട്ടില്ലെന്നാണ് വിവരം.
അന്വേഷണത്തിന് അസിസ്റ്റന്റ് കമിഷനര്‍ ഡി കെ ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെ നിയോഗിച്ചു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെ നേരിട്ടു മേല്‍നോട്ടം വഹിക്കും. സ്ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷന് കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയതെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പര്‍ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.
സ്ഫോടക വസ്തു ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളില്‍ സ്ഫോടകവസ്തുവെറിഞ്ഞ ശേഷം മിന്നല്‍ വേഗത്തില്‍ രക്ഷപ്പെട്ട വൃക്തിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. അത്തരത്തിലുള്ള ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇതിനിടെ എകെജി സെന്റര്‍ ആക്രമിക്കുമെന്ന് സൂചന നല്കുന്ന ഒരു ഫേസ്ബുക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഈ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.
അക്രമത്തിന് പിന്നില്‍ സ്ഥലത്തെക്കുറിച്ചു നല്ല അറിവുള്ളയാളാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ അനുനുസരിച്ച്, ആദ്യം പ്രതി ബൈകില്‍ സ്ഥലം നിരീക്ഷിച്ചു മടങ്ങിപ്പോകുന്നത് കാണാം. പിന്നീട് തിരികെ വന്നാണ് സ്ഫോടക വസ്തു എറിയുന്നത്. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചയാളാണെന്ന സംശയം പൊലീസിനുണ്ട്. പ്രതി നഗരത്തില്‍ തന്നെയുണ്ടെന്നാണ് സൂചന.
അതേസമയം, ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങളെയും പൊലീസ് തള്ളിക്കളയുന്നില്ല. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനാണെന്നാണ് എഫ്ഐആര്‍ തയാറാക്കിയിരിക്കുന്നത്. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: AKG Center Attack, News,Kerala,State,Top-Headlines,Trending, CPM,party,Office,Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.