60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍

 


തിരുവനന്തപുരം: (www.kvartha.com 08.11.2016) സര്‍ക്കാരിന്റെ ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം വേഗത്തിലും കുറ്റമറ്റതുമാക്കാന്‍ മുഴുവന്‍ പെന്‍ഷന്‍കാരുടെയും വിവരശേഖരം രണ്ടാഴ്ചയ്ക്കകം കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു. വിവിധ ക്ഷേമനിധിബോര്‍ഡുകളില്‍ അംഗങ്ങളയ മുഴുവന്‍പേരും രണ്ടാഴ്ചയ്ക്കകം ആധാര്‍ നമ്പരുകള്‍ അതതു ബോര്‍ഡുകള്‍ക്കു നല്‍കണം. ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരശേഖരം നവംബര്‍ 22നകം ക്ഷേമനിധി ബോര്‍ഡുകള്‍ തദ്ദേശഭരണവകുപ്പിന്റെ ഡിബിറ്റി സെല്ലിനു കൈമാറണം. ഇതും അനുബന്ധപ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കിയാലേ പെന്‍ഷന്‍ വിതരണം ആരംഭിക്കുകയുള്ളൂവെന്ന് ക്യാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചു.

ഈ പ്രവര്‍ത്തനം പൂര്‍ണ്ണമായാല്‍ സംസ്ഥാനത്തെ 60 വയസു കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ക്ഷേമനിധി ബോര്‍ഡ് അധ്യക്ഷരുടെയും മുഖ്യ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തോമസ് ഐസക്ക് പറഞ്ഞു. മുഴുവന്‍ പേരെയും സാമൂഹികസുരക്ഷാവലയില്‍ കൊണ്ടുവരിക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ തൊഴില്‍ മന്ത്രി പി രാമകൃഷ്ണന്‍, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, സ്‌പെഷ്യല്‍ സെക്രട്ടറി ഇ കെ പ്രകാശ്, ധന തദ്ദേശഭരണ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓരോ ക്ഷേമനിധി ബോര്‍ഡും ആധാര്‍ നമ്പര്‍ ശേഖരിക്കാന്‍ സ്വന്തമായി പരിപാടി തയ്യാറാക്കും. കൂടുതല്‍ അംഗങ്ങളും ജില്ലാ ഓഫീസുകളടക്കം മതിയായ സംവിധാനവുമുള്ള ബോര്‍ഡുകള്‍ പെന്‍ഷന്‍കാരില്‍ നിന്ന് ജില്ല, തദ്ദേശഭരണസ്ഥാപന തലങ്ങളില്‍ ആധാര്‍ നമ്പര്‍ ശേഖരിക്കും. അംഗങ്ങള്‍ കുറവുള്ള ചെറിയ ബോര്‍ഡുകള്‍ സംസ്ഥാനതലത്തില്‍ നേരിട്ടാകും സ്വീകരിക്കുക. ഓരോ പെന്‍ഷന്‍കാരും ആധാര്‍ കാര്‍ഡുമായി എപ്പോള്‍ എവിടെ ഹാജരാകണമെന്ന് അതതു ബോര്‍ഡുകള്‍ അറിയിക്കും.

സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ക്കു കൃത്യമായ വിവരശേഖരമുണ്ട്. ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനാണ് സമാനമായി വിവരശേഖരം ഏകോപിപ്പിക്കേണ്ടത്. ഇതില്‍ പല ക്ഷേമനിധിബോര്‍ഡിലും വിവരശേഖരം ഉണ്ട്. ഇത് രണ്ടുദിവസത്തിനകം എക്‌സല്‍ ഫയലായി ഡിജിറ്റല്‍ രൂപത്തില്‍ ഡിബിറ്റി സെല്ലിനു നല്‍കണം.

അതോടൊപ്പം സ്വന്തം വിവരശേഖരം അതതു ബോര്‍ഡുകള്‍ സേവന എന്ന പൊതു സോഫ്റ്റ്‌വെയറില്‍ സമാഹരിക്കേണ്ടതുമുണ്ട്. പെന്‍ഷന്‍ വിതരണത്തെ ആധാറുമായി ബന്ധിപ്പിക്കുന്നില്ലെങ്കിലും ആധാര്‍ നമ്പറുമായി ഒത്തുനോക്കി വിവരശേഖരം കുറ്റമറ്റതാക്കണം. ഇത് നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്ന ക്ഷേമനിധികളിലെ പെന്‍ഷന്‍കാര്‍ക്ക് ക്രിസ്മസിനു മുമ്പ് പെന്‍ഷന്‍ വിതരണം ചെയ്യും. വിവരശേഖരം പൂര്‍ത്തിയാക്കി നല്‍കുന്ന മുറയ്‌ക്കേ പുതിയ സംവിധാനപ്രകാരം മറ്റുള്ളവര്‍ക്കു പെന്‍ഷന്‍ വിതരണം ചെയ്യാനാകൂ. കുടിശികയുണ്ടെങ്കില്‍ അതും ഇതോടൊപ്പം തീര്‍ക്കും.

60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടാല്‍ വിവിധ തൊഴില്‍ മേഖലകളില്‍ വിരമിക്കല്‍ പെന്‍ഷനുകളും ആരംഭിക്കാനാകുമെന്ന് ധനമന്ത്രി യോഗത്തെ അറിയിച്ചു. ചെറിയ ക്ഷേമനിധികള്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാന്‍ അത്തരത്തിലുള്ളവ ഏകോപിക്കുന്നതിനുള്ള സാധ്യത ആലോചിക്കും. പെന്‍ഷനുകള്‍ കൊല്ലംതോറും 100 രൂപവീതം കൂട്ടുമെന്നും ധനമന്ത്രി പറഞ്ഞു.

Keywords:  Kerala, Thiruvananthapuram, Pension, Cabinet, Online, Aadhar Card, 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia