Allegations | മുന്നണിയില്‍ അതൃപ്തിയില്ല: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ പരാതികള്‍ പരിശോധിക്കുന്നു; തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ കടുത്തശിക്ഷയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ 

 
Allegations Against ADGP MR Ajith Kumar | LDF Convenor Assures Strict Action if Found Guilty
Allegations Against ADGP MR Ajith Kumar | LDF Convenor Assures Strict Action if Found Guilty

Photo Credit: Facebook / TP Ramakrishnan

●മുന്നണി യോഗത്തിനുശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
●ഫോണ്‍ ചോര്‍ത്തലിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല
●തെറ്റ് ആരു ചെയ്താലും അതു തെറ്റ് തന്നെ
●പിവി അന്‍വര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം: (KVARTHA) എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ പരാതികള്‍ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണെന്നും തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ കടുത്തശിക്ഷയുണ്ടാകുമെന്നും വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എല്‍ഡിഎഫ് മുന്നണി യോഗത്തിനുശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

 

ഫോണ്‍ ചോര്‍ത്തലിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കണ്‍വീനര്‍ ആരു ചെയ്താലും അതു തെറ്റാണെന്നും വ്യക്തമാക്കി. പിവി അന്‍വര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷിക്കുന്നുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അതെല്ലാം അന്വേഷിക്കും. പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുള്ള പരാതിയിലും അജിത് കുമാറിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. 

 

പി ശശിയെക്കുറിച്ച് അന്‍വറിന് പരാതിയുണ്ടെങ്കില്‍ അത് എഴുതി കൊടുക്കട്ടെ. ആദ്യത്തെ പരാതിയില്‍ ശശിയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമല്ല. അന്‍വര്‍ പറയുന്നിടത്താണോ കേരളം നില്‍ക്കുന്നത്. പരാതി ഉണ്ടെങ്കില്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും കണ്‍വീനര്‍ പറഞ്ഞു.

അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നണിയില്‍ അതൃപ്തിയില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പറഞ്ഞ കണ്‍വീനര്‍ കുറച്ച് കാത്തിരിക്കാനും നിര്‍ദേശിച്ചു. അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കില്‍ എന്താണ് ചര്‍ച്ച നടത്തിയതെന്നാണ് പ്രധാനമായി പരിശോധിക്കേണ്ടതെന്നു കണ്‍വീനര്‍ പറഞ്ഞു. 
അജിത് കുമാറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നിലപാട് എടുത്തതായാണ് മുന്നണിയുടെ ബോധ്യം. ആര്‍ എസ് എസുമായി ബന്ധമുണ്ടാക്കുന്ന നിലപാട് എടുക്കുന്നവരല്ല എല്‍ഡിഎഫ്. അത്തരത്തിലുള്ള ഒരു നീക്കവും സിപിഎമ്മിന്റെയോ ഇടതു പാര്‍ട്ടികളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ആര്‍ എസ് എസിന്റെ ആക്രമണങ്ങളെ നേരിടുന്നവരാണ് ഇടതു പാര്‍ട്ടികള്‍ എന്നും അദ്ദേഹം പറഞ്ഞു. 

പരാതികള്‍ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധന ആഭ്യന്തര വകുപ്പ് ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍, തെറ്റ് ചെയ്‌തെങ്കില്‍ സംരക്ഷിക്കില്ല. കടുത്ത നടപടി സ്വീകരിക്കും. അതാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും കണ്‍വീനര്‍ വ്യക്തമാക്കി.


ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാകില്ല. ആരോപണം ശരിയാണെങ്കില്‍ കടുത്ത ശിഷ കൊടുക്കണം. ആ നിലപാടില്‍ നിന്ന് മാറുന്നില്ല. കുറച്ച് കാത്തിരിക്കൂ. ഒരു ആശങ്കയും വേണ്ട. മുന്നണിയില്‍ ഒരു അതൃപ്തിയും ഇല്ല എന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

ആര്‍ എസ് എസ് നേതാക്കളെ അജിത് കുമാര്‍ കണ്ടതല്ല പ്രശ്‌നം, എന്തിന് കണ്ടു എന്നതാണ്. കാണാന്‍ പാടില്ല എന്നു പറയാന്‍ കഴിയില്ല. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതിനല്ല ഇപി ജയരാജനെ മാറ്റിയത്. സംഘടനാപരമായ കാര്യമാണത്. എന്ത് ജോലി ചെയ്യണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എഎന്‍ ഷംസീര്‍ സ്പീക്കറാണ്. സ്പീക്കറുടേത് ഭരണഘടനാപദവിയാണ്. അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എല്ലാ അഭിപ്രായങ്ങളോടും പ്രതികരിക്കേണ്ടതില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ആര്‍ എസ് എസ് രാജ്യത്തെ പ്രധാന സംഘടന ആണെന്നുമായിരുന്നു ഷംസീര്‍ നേരത്തെ പ്രതികരിച്ചത്. വയനാട് ലോക് സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചും വൈകിട്ട് ചേര്‍ന്ന മുന്നണി യോഗം ചര്‍ച്ച ചെയ്തു. വയനാടിന്റെ പുനരധിവാസം സംബന്ധിച്ച് ശക്തമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.


#Kerala, #ADGP, #Investigation, #LDF, #Politics, #Law

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia