Criticism | ആദര്‍ശ നിഷ്ഠയുള്ള ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിയിട്ടവരെ രക്ഷിക്കാന്‍ പ്രോസിക്യൂഷനും പൊലീസും ശ്രമിക്കുന്നു; പിപി ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ജെബി മേത്തര്‍ എംപി
● ഒളിപ്പിച്ചത് എകെജി സെന്ററിലോ ക്ലിഫ് ഹൗസിലോ എന്നാണ് അറിയേണ്ടത്
● മുഖ്യമന്ത്രി എത്രയോ ദിവസങ്ങള്‍ക്ക് ശേഷമാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരിച്ചത്
● ഈ മുഖ്യമന്ത്രിയില്‍ കേരളത്തിലെ ജനങ്ങള്‍ എന്തിന് വിശ്വസിക്കണം
കണ്ണൂര്‍: (KVARTHA) ആദര്‍ശനിഷ്ഠയുള്ള ഉദ്യോഗസ്ഥനായ നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിയിട്ടവരെ രക്ഷിക്കാന്‍ പ്രോസിക്യൂഷനും പൊലീസും ശ്രമിക്കുന്നുവെന്ന ആരോപണവുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പിപി ദിവ്യയെ കണ്ടെത്താതെ പൊലീസ് ഒളിച്ചു നടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ദിവ്യയെ ഒളിപ്പിച്ചത് എകെജി സെന്ററിലോ ക്ലിഫ് ഹൗസിലോ എന്നാണ് അറിയേണ്ടത് എന്നും അവര്‍ പറഞ്ഞു.
ദിവ്യയെ എങ്ങനെയെങ്കിലും സംരക്ഷിക്കാമെന്നാണ് ഭരിക്കുന്ന പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത്. മുഖ്യമന്ത്രി എത്രയോ ദിവസങ്ങള്‍ക്ക് ശേഷമാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരിച്ചത്. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് തങ്ങളെന്ന് എംവി ഗോവിന്ദന്‍ പറയുമ്പോഴും പിപി ദിവ്യയെ രക്ഷിക്കുന്നതിനുള്ള തിരക്കഥ എകെജി സെന്ററില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് തയാറാക്കുന്നതെന്നും ജെബി മേത്തര്‍ ചൂണ്ടിക്കാട്ടി.
സിപിഎം ഭരിക്കുന്ന സര്‍ക്കാര്‍ ദിവ്യയ്ക്കായി സുരക്ഷാകവചം ഒരുക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പ്രതികരിക്കാന്‍ ദിവസങ്ങളോളമെടുത്തത് ലജ്ജാവഹമാണെന്നും ജെബി മേത്തര്‍ പറഞ്ഞു. ഈ മുഖ്യമന്ത്രിയില്‍ കേരളത്തിലെ ജനങ്ങള്‍ എന്തിന് വിശ്വസിക്കണം. പിപി ദിവ്യയെ അന്വേഷിക്കുന്ന പൊലീസ് അവരെ ഒളിച്ചു നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ജെബി മേത്തര്‍ ആരോപിച്ചു.
സിപിഎമ്മിന്റെ ഭരണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ആന്തൂര്‍ സാജനെപ്പോലെ നവീന്‍ ബാബുവും ഇരയായി മാറിയിരിക്കുകയാണ്. നവീന്‍ ബാബുവിന്റെ മകള്‍ അച്ഛന് ഉദകക്രിയ ചെയ്യുന്ന സങ്കടകരമായ കാഴ്ചയാണ് കേരളത്തിലെ അമ്മമാര്‍ കണ്ടത്. കൃപേഷിന്റെയും ശരത് ലാലിന്റെയും കേസുകളിലെ പ്രതികള്‍ക്കായി സുപ്രീം കോടതിവരെ പോയ സര്‍ക്കാരാണ് കേരളത്തിലേത്.
എന്നാല്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റേത് എന്തായെന്ന് അറിയില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്ന് ജെബി മേത്തര്‍ ആരോപിച്ചു. ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ ശ്രീജ മഠത്തില്‍ എന്നിവരും ജെബി മേത്തയ്‌ക്കൊപ്പമുണ്ടായിരുന്നു.
#NaveenBabuCase #JBMather #KeralaPolitics #PPDivya #CPMAllegations #KeralaGovernment