Allegations | നീതിമാനായി കുരിശ് ഒരുങ്ങുന്നു; ഡി വൈ എസ് പി വിവി ബെന്നിക്കെതിരെ ഒളിയുദ്ധം തുടങ്ങി; പാര്‍ട്ടി പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കാന്‍ വിദഗ്ദ്ധനെന്ന് ജയിന്‍ രാജ്
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) പൊന്നാനിയിലെ വീട്ടമ്മ ലൈംഗിക ചൂഷണ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് വിവാദ നായകനായ വിവി ബെന്നി പണ്ടേ സിപിഎമ്മിന്റെ കണ്ണിലെ കരട്. ബെന്നി പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സി ഐ ആയിരിക്കെയാണ് തലശേരി താലൂക്കിലെ കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ അല്‍പമെങ്കിലും ശമനമുണ്ടായി തുടങ്ങിയത്.
രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ മുഖം നോക്കാതെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നടപടി സ്വീകരിച്ച ബെന്നി സ്ഥിരം കൊലകള്‍ നടത്തുന്ന ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളെ തിരിച്ചറിഞ്ഞ് പിടിച്ച് അകത്തിടാന്‍ കാണിച്ച ചങ്കൂറ്റം സിപിഎം, ബിജെപി കേന്ദ്രങ്ങളെ വിറപ്പിച്ചു. ഇതോടെയാണ് പതുക്കെയെങ്കിലും അക്രമരാഷ്ട്രീയത്തില്‍ നിന്നും പാര്‍ട്ടികള്‍ സ്വയമേവ പിന്‍മാറി തുടങ്ങിയത്.
അക്രമരാഷ്ട്രീയത്തിന്റെ കോടാലി കൈകളായ യുവാക്കളെ നേര്‍വഴിക്ക് നയിക്കാനും അവര്‍ക്ക് ജോലിയൊരുക്കുന്നതിനുമായി വിവി ബെന്നിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രിസണ്‍ പദ്ധതി സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. പൊലീസ് നല്‍കിയ പരിശീലനത്തിലൂടെ നിരവധി യുവതി, യുവാക്കള്‍ക്കാണ് വിവിധ സര്‍ക്കാര്‍ സര്‍വീസുകളിലും സൈന്യത്തിലും ജോലി ലഭിച്ചത്.
അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പാനൂര്‍ പൊലീസിന്റെ ഈ നടപടിയെ അഭിനന്ദിക്കുകയും സംസ്ഥാനതലത്തില്‍ തന്നെ നടപ്പിലാക്കാന്‍ ഡി ഐ ജിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കോടിയേരിയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്നായ ജനമൈത്രി പൊലീസ് എന്ന സങ്കല്‍പം തന്നെ ഉണ്ടായത് വിവി ബെന്നിയുടെ ജനകീയ അംഗീകാരം നേടിയ പ്രവര്‍ത്തനങ്ങളിലൂടെയാണ്.
എന്നാല്‍ പിന്നീട് ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണ ടീമില്‍ വിവി ബെന്നി ഉള്‍പ്പെടുകയും കൊടി സുനിയുള്‍പ്പെടെയുളളവരെ അകത്താക്കുകയും ചെയ്തതോടെയാണ് സിപിഎം പൂര്‍ണമായി ഇദ്ദേഹത്തിനെതിരെ തിരിഞ്ഞത്. പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ബെന്നിയെ കണ്ണൂരില്‍ നിന്നും പറപ്പിക്കുകയും ചെയ്തു. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ സത്യസന്ധനും ജനകീയനുമായ ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെയുളള ഒളിയുദ്ധമാണെന്നാണ് വിലയിരുത്തല്‍.
തിരൂര്‍ മുന്‍ ഡി വൈ എസ് പി വിവി ബെന്നിക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റേത് ഉള്‍പ്പെടെയുളള പ്രതികരണങ്ങള്‍ ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിരപരാധികളായ സിപിഎം പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുന്നതില്‍ വിദഗ്ദ്ധനാണ് ബെന്നിയെന്നാണ് ജയിന്‍രാജിന്റെ ഫെയ്സ് ബുക്കിലൂടെയുളള പ്രതികരണം.
നേരത്തെ ടിപി കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന വിവി ബെന്നി സിപിഎം നേതൃത്വത്തിന്റെ അപ്രീതിക്കിരയായിരുന്നു. അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തീര്‍ത്തും അവഗണിച്ചു കൊണ്ടായിരുന്നു അദ്ദേഹം മുന്‍പോട്ടു പോയിരുന്നത്. വയനാട്ടിലെ മുട്ടില്‍ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും ബെന്നി തന്നെയായിരുന്നു.
ഇപ്പോള്‍ റിപ്പോര്‍ട്ട് ചാനലിന്റെ ഉടമകളായ അഗസ്റ്റിന്‍ സഹോദരന്‍മാരെ പ്രതി ചേര്‍ക്കുന്നതും അവരെ ജയിലില്‍ അടയ്ക്കുന്നതും ബെന്നിയുടെ അന്വേഷണമികവ് കാരണമാണ്. മുട്ടില്‍ മരം മുറി കേസില്‍ യാതൊരു രാഷ്ട്രീയ ഇടപെടലിനും അവസരം കൊടുക്കാതെ നിഷ്പക്ഷമായ അന്വേഷണമാണ് വിവി ബെന്നി നടത്തിയിരുന്നത്. ഇത് കാരണമാണ് ഇപ്പോള്‍ ലൈംഗികാരോപണ കഥയില്‍ ബെന്നിയെ കൂടി കുടുക്കാന്‍ കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം.
#VVBenni, #CPM, #KeralaPolitics, #PoliticalAllegations, #Police, #KeralaNews