Illegal Activity | ഏലം കൃഷിക്കായി പാട്ടത്തിൽ നൽകിയ സർക്കാർ ഭൂമിയിൽ നിന്ന് വൻമരങ്ങൾ മുറിച്ച് കടത്തുന്നതായി ആരോപണം
● കരുണ, ഞാറ, കുളമാവ്, അരയാഞ്ഞിലി,ഈട്ടി തുടങ്ങിയ ഇനത്തിലുള്ള മരങ്ങളാണ് ഏറെയും കടത്തുന്നത്.
● ശിഖരം മുറിക്കലിന്റെയും മരങ്ങള്‍ കടപുഴകലിന്റെയും പേരിലും വ്യാപകമായി മരങ്ങള്‍ കടത്തുന്നുണ്ട്.
● മരം മുറി സംബന്ധിച്ച് അറിവ് നൽകുന്നവരുടെ പേരും വിലാസവും ഉദ്യോഗസ്ഥരെ തന്നെ കടത്ത് സംഘങ്ങൾക്ക് ചോർത്തി നൽകുന്നതായും പരാതികളുണ്ട്.
വണ്ടന്മേട് (ഇടുക്കി): (KVARTHA) ഏലം കൃഷിക്കായി പാട്ടത്തിൽ നൽകിയ സർക്കാർ ഭൂമിയിൽ നിന്ന് വൻമരങ്ങൾ മുറിച്ച് കടത്തുന്നതായി ആരോപണം. ഏലം കൃഷിക്ക് മാത്രമാണ് ഭൂമി പാട്ടത്തിന് നൽകുന്നത്. ഇത്തരം ഭൂമിയിൽനിന്ന് മരംവെട്ടാൻ അനുമതിയില്ല. ഇത് മറികടന്നാണ് വ്യാപകമായി മരങ്ങൾ മുറിച്ചു കടത്തുന്നത് എന്നാണ് പരാതി. കരുണ, ഞാറ, കുളമാവ്, അരയാഞ്ഞിലി,ഈട്ടി തുടങ്ങിയ ഇനത്തിലുള്ള മരങ്ങളാണ് ഏറെയും കടത്തുന്നത്.
മരം മുറിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാൻ മരക്കുറ്റികൾ തീയിട്ട് നശിപ്പിക്കുന്നതായും വിവരമുണ്ട്. ശിഖരം മുറിക്കലിന്റെയും മരങ്ങള്‍ കടപുഴകലിന്റെയും പേരിലും വ്യാപകമായി മരങ്ങള്‍ കടത്തുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് തടി കടത്തെന്നാണ് ആക്ഷേപം.
റേഞ്ച് ഓഫീസ് മുതൽ താഴെ തട്ടിൽ വരെ കൃത്യമായി പടിയെത്തുന്നതിനാൽ അനധികൃത മരം മുറിക്കൽ നടക്കുന്ന വിവരം അറിഞ്ഞാലും ഉദ്യോഗസ്ഥർ കണ്ട ഭാവം നടിക്കില്ലെന്നും വിമർശനമുണ്ട്. മരം മുറി സംബന്ധിച്ച് അറിവ് നൽകുന്നവരുടെ പേരും വിലാസവും ഉദ്യോഗസ്ഥരെ തന്നെ കടത്ത് സംഘങ്ങൾക്ക് ചോർത്തി നൽകുന്നതായും പരാതികളുണ്ട്. വണ്ടൻമേട് മേഖലയിൽ നിന്നും പതിനൊന്ന് മാസത്തിനിടയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ തടിയാണ് വെട്ടിക്കടത്തിയതെന്നാണ് വിവരം.
സ്റ്റേഷനിൽ 3000;റേഞ്ചിൽ ആയിരം
പട്ടയഭൂമിയിൽ നിന്നാണെങ്കിലും മരം മുറിച്ചുമാറ്റുന്നതും തടി കടത്തിക്കൊണ്ടുപോകുന്നതും കടമ്പകൾ ഏറെയാണ്. ഇതു മുതലെടുത്താണ് തടി വ്യാപാരികളെ ഉദ്യോഗസ്ഥർ പിഴിയുന്നത്. തടി മുറിക്കുന്നത് സ്ഥലമുടമ അറിഞ്ഞില്ലെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയും .ലോഡ് ഒന്നിന് റേഞ്ച് ഓഫീസിൽ ആയിരം രൂപയും ഫോറസ്റ്റ് സ്റ്റേഷനിൽ 3000 രൂപയുമാണ് പടി. റിസർവ് ഫോറസ്റ്റിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് മരം മുറിയെങ്കിൽ തുക വീണ്ടും ഇരട്ടിക്കുമെന്നുമാണ് വിവരം.
പടി നൽകിയില്ലെങ്കിൽ കൃത്യമായി വിളിയുംവരുമെന്നാണ് തടി വ്യാപാരികൾ പറയുന്നത്. നിലവിൽ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടം അനുസരിച്ച് നൽകിയ പട്ടയങ്ങളിൽ നിന്ന് ഒരു തരത്തിലുമുള്ള മരങ്ങളും മുറിക്കാൻ അനുമതിയില്ല. എന്നാൽ പ്രദേശത്തെ ഭൂരിഭാഗം പട്ടയങ്ങളും ഇത്തരത്തിലുള്ളതാണ്. ഇവിടങ്ങളിൽ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തുന്നുണ്ട് എന്ന ആരോപണം ശക്തമാണ്.
#TreeCutting #IllegalLogging #CardamomFarming #Kerala #EnvironmentalIssues #ForestManagement