മഅദനിക്ക് നീതിയും മാനുഷിക പരിഗണനയും നല്‍കണം: സിപിഎം
Dec 14, 2012, 18:06 IST
തിരുവനന്തപുരം: ബംഗളൂരു സ്ഫോടന പരമ്പരക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാരാ സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ഇന്ത്യയിലെ ഏത് പൗരനും അവകാശപ്പെട്ട നീതിയും മാനുഷിക പരിഗണനയും ലഭിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റവാളികളാണെന്ന് കോടതി കണ്ടവരെ ശിക്ഷിക്കുകയും നിരപരാധിയാണെന്നുകണ്ട് മഅ്ദനിയെ മോചിപ്പിക്കുകയുമാണ് ചെയ്തത്. നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ ഒമ്പതരവര്‍ഷം മഅ്ദനിക്ക് ജയിലില്‍ കഴിയേണ്ടി വന്നു. എന്നാല്‍ മറ്റൊരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരു സ്ഫോടനകേസില്‍ മഅ്ദനിയെ പ്രതിയാക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തത്.
ഭീകരവാദം തടയല്‍ നിയമപ്രകാരം മഅ്ദനിയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ സംഘപരിവാര്‍ നേതൃത്വം നല്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ താല്പര്യങ്ങളും ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്. കര്‍ണാടകത്തിലാവട്ടെ തീവ്രവാദികളെന്ന് മുദ്രകുത്തി ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് ജയിലില്‍ അടക്കുന്ന പ്രശ്നങ്ങള്‍ വര്‍ത്തമാനകാലത്ത് നിലനില്‍ക്കുന്നുമുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ രോഗങ്ങള്‍ കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന മഅ്ദനിക്ക് ജാമ്യം ലഭിക്കുന്നതിനും ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുന്നതിനുമുള്ള സംവിധാനം നല്‍കുക എന്നത് ഒരു പൗരന് ലഭിക്കേണ്ട അവകാശമാണ്.
മഅ്ദനിയുടെ പ്രശ്നത്തില്‍ സിപിഎമ്മിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തന്റെ ആദ്യകാലത്ത് ഉണ്ടായ നിലപാടുകളെ മഅ്ദനി തിരസ്കരിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ മഅ്ദനിയോ സുഹൃത്തുക്കളോ മുന്‍കാലങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നു സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോവണം എന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മാനുഷികമായ പരിഗണന മഅ്ദനിക്ക് ലഭിക്കാത്ത ഘട്ടത്തില്‍ മനുഷ്യാവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ പാര്‍ട്ടി തയ്യാറായിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം എ ബേബിയും തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയെ കണ്ട് മഅ്ദനിക്ക് മാനുഷിക പരിഗണന ലഭിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തികച്ചും രാഷ്ട്രീയതാല്പര്യത്തോട് കൂടിയുള്ള നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്.
2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ട് പിടിക്കുകയാണ് യുഡിഎഫ് ചെയ്തത്. ജയിലില്‍ കിടക്കുന്ന മഅദ്നിയുടെ പിന്തുണ വാങ്ങികൊണ്ടാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ ആ നിലപാട് തിരുത്തി പൊതുധാരയിലേക്ക് വരുന്നതിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച മഅ്ദനിയെ പഴയ തീവ്രവാദപരമായ നിലപാടുകളുടെ പേരുപറഞ്ഞ് ആക്രമിക്കുന്നതിനാണ് കോണ്‍ഗ്രസ്, ലീഗ് ഉള്‍പെടെയുള്ള പാര്‍ട്ടികള്‍ ശ്രമിച്ചത്.
മഅദ്നിയുടെ തെറ്റായ എല്ലാ രാഷ്ട്രീയ നിലപാടുകളേയും പാര്‍ട്ടി അതാത് കാലത്ത് തള്ളിപ്പറഞ്ഞിട്ടുണ്ട്. ഒരു പൗരന് എന്ന നിലയില്‍ ചുമത്തപ്പെട്ട കേസുകളുടെ വിചാരണ നേരിടാനുള്ള ഉത്തരവാദിത്തം മഅ്ദനിക്കുണ്ട്. അതേ അവസരത്തില്‍ രോഗിയും അവശനുമായ മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കിക്കൊണ്ടാവണം ഇത്തരം നടപടികള്‍ എന്ന കാര്യത്തില്‍ പാര്‍ട്ടി ഉറച്ചു നില്ക്കുന്നതായി സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Keywords : Thiruvananthapuram, Abdul Nasar Madani, CPI(M), Banglore, Muslim League, U.D.F., Bomb Blast Case, National Youth League, Kasargod, Election, Kerala Vartha, Malayalam News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.