NIA Custody | എന്‍ഐഎ റെയിഡ്; ആലുവയില്‍ പണമിടപാട് നടത്തുന്നയാളെ കസ്റ്റഡിയിലെടുത്തു; ഇയാളില്‍ നിന്ന് രേഖകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തതായി റിപോര്‍ട്
Feb 15, 2023, 17:17 IST
കൊച്ചി: (www.kvartha.com) എന്‍ഐഎ റെയിഡില്‍ ആലുവ സ്വദേശി കസ്റ്റഡിയില്‍. പണമിടപാട് നടത്തുന്ന അശോകന്‍ എന്നയാളാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തിയ ഡയറികളും പിടിച്ചെടുത്തുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അശോകന്റെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
ആലുവയില്‍ വാടകയ്ക്ക് താമസിക്കുന്ന സീനു മോന്‍ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എന്‍ ഐ എ റെയ്ഡ് നടത്തിയിരുന്നു. സൈനുദ്ദീന്‍ ബെംഗ്‌ളൂറു സ്‌ഫോടന കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. സൈനുദ്ദീനോട് അടുത്ത ദിവസം കൊച്ചി എന്‍ ഐ എ ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോയമ്പതൂര്‍, മംഗ്‌ളൂറു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ടാണ് കേരളമടക്കം മൂന്ന് ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും നടന്ന റെയ്ഡിന്റെ ഭാഗമായാണ് കേരളത്തില്‍ എറണാകുളം ജില്ലയിലും വിവിധ കേന്ദ്രങ്ങളില്‍ എന്‍ ഐ എ പരിശോധന നടത്തിയത്.
മംഗ്‌ളൂറിലെ പ്രഷര്‍ കുകര്‍ ബോംബ് കേസിലെ പ്രധാന പ്രതി ആലുവയും പറവൂരും മട്ടാഞ്ചേരിയും സന്ദര്‍ശിച്ചതായി തിരിച്ചറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആലുവയില്‍ പണമിടപാട് നടത്തുന്ന അശോകനെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലായി ഒരേ സമയം 60തിലേറെ ഇടങ്ങളില്‍ പരിശോധന നടത്തി. നിരവധി പേരെ ചോദ്യം ചെയ്യാനായി എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് റിപോര്‍ട്.
ദാഈശുമായി ബന്ധം പുലര്‍ത്തിയെന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശേധനയെന്നുംസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേശ മുബിന്റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നുമാണ് വിവരം.
കോയമ്പതൂര്‍ ഉക്കടത്തെ കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് മുന്നില്‍ ഒക്ടോബര്‍ 23-നാണ് സിലിന്‍ഡര്‍ സ്‌ഫോടനം ഉണ്ടായി ജമേശ മുബിന്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ചാവേര്‍ സ്‌ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകള്‍ കിട്ടിയതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. തമിഴ്‌നാട്ടില്‍ കോയമ്പതൂര്‍, ചെന്നെ, നാഗപട്ടണം, തിരുനല്‍വേലി, മയിലാടുതുറ, തിരുപ്പൂര്‍, തെങ്കാശി, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, തൃച്ചന്തൂര്‍ ജില്ലകളില്‍ 43 ഇടങ്ങളില്‍ റെയ്ഡ് നടത്തി.
കേരളത്തില്‍ ആലുവായിലും പറവൂരിലും മട്ടാഞ്ചേരിയിലും റെയ്ഡ് നടന്നു. മംഗ്‌ളൂറില്‍ കഴിഞ്ഞ വര്‍ഷം 19ന് നടന്ന പ്രഷര്‍ കുകര്‍ ബോംബ് കേസുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ പരിശോധന. ഈ കേസിലെ പ്രതി മുഹമ്മദ് ശെരീഖ് കേരളത്തിലെത്തിയ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇയാളെ സഹായിച്ചതായി കരുതുന്ന ചിലരെ കേരളത്തില്‍ നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
കര്‍ണാടകയില്‍ ശിവമോഗ ഉള്‍പെടെയുള്ള എട്ടിടങ്ങളിലാണ് പരിശോധന നടത്തിയത്. മംഗ്‌ളൂറു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ശെരീഖ് ശിവമൊഗ്ഗയിലെ തീര്‍ഥഹള്ളി സ്വദേശിയാണ്. സ്‌ഫോടനത്തില്‍ പരുക്കേറ്റ് ബെംഗളൂറിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശെരീഖിനെ പരുക്കുകള്‍ ഭേദമായതിനെത്തുടര്‍ന്ന് ജനുവരി 29-ന് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ണാടകയിലും കേരളത്തിലും പരിശോധന നടന്നത്.
Keywords: News,Kerala,State,Raid,Kochi,NIA,Terror Attack,Top-Headlines,Latest-News,Trending,Tamilnadu,Karnataka, Aluva native man in NIA custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.