Award | വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി പുരസ്ക്കാരം അമ്പലത്തറ കുഞ്ഞികൃഷ്ണന്
● ചടങ്ങിൽ സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു
● വടക്കില്ലത്തിന്റെ ജീവിതം രാഷ്ട്രീയ പ്രതിരോധത്തിന്റെ ഉദാഹരണം.
പയ്യന്നൂർ: (KVARTHA) സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മാരക അവാർഡ് എൻഡോസൾഫാൻ വിരുദ്ധ സമര പോരാളിയായ അമ്പലത്തറ കുഞ്ഞികൃഷ്ണന് സമ്മാനിച്ചു.
വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. വടക്കില്ലത്തിന്റെ ജീവിതം രാഷ്ട്രീയ പ്രതിരോധമാണെന്ന് അദ്ദേഹം പറഞ്ഞു. അവസരവാദികളും സ്വാര്‍ത്ഥമതികളുമായ ആളുകള്‍ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ വടക്കില്ലത്തിന്റെ ജീവിതം പ്രചോദനമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും തലമുറയ്ക്ക് വിശ്വസിക്കാന്‍ കഴിയാനാവാത്ത വിധം ഉജ്വലവും ത്വാഗപൂര്‍ണ്ണവും അര്‍പ്പിതവുമായിരുന്നു വടക്കില്ലത്തിന്റെ ജീവിതമെന്നും വാക്കും പ്രവൃത്തിയും ഇത്രമേല്‍ ഒന്നിച്ച് ചേര്‍ന്നു നില്‍ക്കുന്ന ജീവിതം രാഷ്ട്രീയത്തില്‍ അപൂര്‍വ്വമാനിന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കവി മാധവൻ പുറച്ചേരി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് അവാർഡ് സമർപ്പിച്ചുകൊണ്ട് സംസാരിച്ചു. കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി നിസ്വാര്‍ഥവും ത്യാഗപൂര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അമ്പലത്തറയ്ക്ക് നല്‍കുന്നതിലൂടെ വടക്കില്ലം പുരസ്‌കാരം കൂടുതല്‍ തിളക്കമുള്ളതായി മാറുന്നുവെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കനിവും കാരുണ്യവും തിരികെയെത്തിക്കാന്‍ സമരങ്ങള്‍ക്കും കലയ്ക്കുള്ളതുപോലെ പ്രാധാന്യമുണ്ടെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരസ്‌കാരത്തിൽ 25,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും ഉൾപ്പെടുന്നു.
കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, സി.പി.ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി സി.പി. സന്തോഷ് കുമാര്‍, വി. വിനോദ്, ബങ്കളം കുഞ്ഞികൃഷ്ണന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, രേഷ്മ പരാഗന്‍, ബാബു രാജേന്ദ്രന്‍, വി. ഇ. പരമേശ്വരന്‍, വി. ഇ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
#VadakkillamAward #SocialActivism #KeralaNews #EndosulfanProtest #CPIEvents #InspirationalFigures