'അമൃതം പൊടിയില്‍ കരളിലെ അര്‍ബുദം ഉള്‍പെടെയുള്ളവയ്ക്ക് കാരണമാകുന്ന അഫ്‌ലോടോക്‌സിന്‍ ബി1 എന്ന വിഷവസ്തു'; വിതരണം താല്‍കാലികമായി നിര്‍ത്തി, നല്‍കിയത് തിരിച്ചെടുക്കാന്‍ നിര്‍ദേശം

 



കൊച്ചി: (www.kvartha.com 15.03.2022) കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ നിന്നുള്ള വിതരണം താല്‍കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടതായി റിപോര്‍ട്.

വിതരണം നിര്‍ത്തിവയ്ക്കാനും പരാതിയുണ്ടായ ബാചില്‍ ഉള്‍പെട്ട പാകറ്റുകളില്‍ വിതരണം ചെയ്തവ തിരിച്ചെടുക്കണമെന്നുമാണ് നിര്‍ദേശം. നിലവില്‍ വിതരണം ചെയ്തിട്ടുള്ള പാകറ്റുകള്‍ പരിശോധിച്ച് റിപോര്‍ട് വരുന്നതുവരെ ഇവ ഉപയോഗിക്കേണ്ടെന്നാണ് അറിയിപ്പ്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍, എടയ്ക്കാട്ടുവയലിലെ യൂനിറ്റില്‍ ഉല്‍പാദിപ്പിച്ച അമൃതം പൊടിയില്‍ കരളിലെ അര്‍ബുദം ഉള്‍പെടെയുള്ളവയ്ക്ക് കാരണമാകുന്ന അഫ്‌ലോടോക്‌സിന്‍ ബി1 എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപോര്‍ട്. 

കൊച്ചി കോര്‍പറേഷന്‍ ഉള്‍പെടെയുള്ള മേഖലകളിലെ അങ്കണവാടികളിലാണ് എടയ്ക്കാട്ടുവയല്‍ യൂനിറ്റില്‍ നിര്‍മിച്ച ബാച് നമ്പര്‍ 98ല്‍ ഉള്‍പെട്ട അമൃതം പൊടി വിതരണം ചെയ്തത്. ഇത് അടിയന്തരമായി തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചു. എഡിഎം എസ് ശാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 

എല്ലാ അമൃതംപൊടി നിര്‍മാണ യൂനിറ്റുകളിലും പരിശോധന നടത്തി സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധനാഫലം വേഗത്തിലാക്കാന്‍ കാക്കനാട്ടെ റീജനല്‍ അനലിറ്റികല്‍ ലാബ് അധികൃതരോടും നിര്‍ദേശിച്ചു. 

'അമൃതം പൊടിയില്‍ കരളിലെ അര്‍ബുദം ഉള്‍പെടെയുള്ളവയ്ക്ക് കാരണമാകുന്ന അഫ്‌ലോടോക്‌സിന്‍ ബി1 എന്ന വിഷവസ്തു'; വിതരണം താല്‍കാലികമായി നിര്‍ത്തി, നല്‍കിയത് തിരിച്ചെടുക്കാന്‍ നിര്‍ദേശം


അമൃതം പൊടി നിര്‍മാണ യൂനിറ്റുകളില്‍ ഉടന്‍ തന്നെ പരിശോധന തുടങ്ങുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമിഷണര്‍ എന്‍ പി മുരളി പറഞ്ഞു. അമൃതം പൊടി നിര്‍മിക്കുന്ന യൂനിറ്റുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അമൃതം പൊടി ഉല്‍പാദന യൂനിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായും ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമേ ഉല്‍പാദനം തുടരുകയുള്ളൂവെന്നും കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ് രഞ്ജിനി അറിയിച്ചു.

Keywords:  News, Kerala, State, Kochi, Children, Food, Ban, 'Amrutham' powder banned temporarily
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia