യു പ്രതിഭ എംഎല്‍എയുടെ സെക്രട്ടറി ഭീഷണിപ്പെടുത്തി; കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ നിന്ന് നേതാക്കളുടെ കൂട്ടരാജി

 


ആലപ്പുഴ: (www.kvartha.com 03.05.2020) കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ നിന്ന് നേതാക്കളുടെ കൂട്ടരാജി. കായംകുളം ബ്ലോക്ക് കമ്മിറ്റിയിലെ 21 അംഗങ്ങളില്‍ 19 പേരും രാജിവച്ചു. ഡിവൈഎഫ്‌ഐ നേതാവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് രാജി.

സിഐയെ പാര്‍ട്ടിയില്‍ ഒരുവിഭാഗം സംരക്ഷിക്കുന്നുവെന്ന് രാജിവെച്ചവര്‍ ആരോപിക്കുന്നു. യു പ്രതിഭ എംഎല്‍എയുടെ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ നിര്‍ദേശം നല്‍കി. ഡി വൈ എഫ് ഐ ജില്ലാ നേതൃത്വത്തോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

യു പ്രതിഭ എംഎല്‍എയുടെ സെക്രട്ടറി ഭീഷണിപ്പെടുത്തി; കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ നിന്ന് നേതാക്കളുടെ കൂട്ടരാജി

അടുത്തിടെ ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിലേക്ക് കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയതില്‍ ഡിവൈഎഫ്‌ഐ നേതാക്കളില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതേസമയം ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഒരു വധശ്രമക്കേസില്‍ പ്രതിയാണെന്നും, അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്നുമാണ് സിഐയുടെ വിശദീകരണം.

എന്നാല്‍ സിഐയെക്കൊണ്ട് എംഎല്‍എ ഇവരെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ പ്രത്യാരോപണം. ഈ സിഐയെ പിന്തുണയ്ക്കുന്നത് എംഎല്‍എ ആണെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ പരാതി. ഈ സാഹചര്യത്തിലാണ് കൂട്ടത്തോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജിവയ്ക്കുന്നത്.

ഒരു ബ്ലോക്ക് കമ്മിറ്റിയിലെ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും കൂട്ടത്തോടെ രാജി വച്ച സാഹചര്യത്തില്‍ എന്താണ് രാജിക്കിടയാക്കിയ കാരണങ്ങളെന്ന് പരിശോധിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.

രാജി അറിയിച്ചുകൊണ്ടുള്ള കത്തില്‍ പറയുന്നതിങ്ങനെയാണ്:

സെക്രട്ടറി, സിപിഐ(എം), കായംകുളം ഏരിയാ കമ്മറ്റി

സഖാവെ,

കായംകുളത്തെ പൊലീസ് നിരന്തരമായി ഡിവൈഎഫ്‌ഐ സഖാക്കളെ ആക്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സഖാവ് സാജിദിന്റെ വീട്ടില്‍ നിരന്തരമായ പ്രശ്‌നങ്ങളാണ് സിഐയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ഇത് കൂടാതെ എംഎല്‍എ ഓഫീസ് സെക്രട്ടറി വിദ്യാസാഗര്‍, കഴിഞ്ഞ ദിവസം കായംകുളം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനില്‍ വച്ച്, എന്ത് വിലകൊടുത്തും സാജിദിനെ സിഐ അറസ്റ്റ് ചെയ്യുമെന്ന് പറയുകയുണ്ടായി.

അത് സിഐ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സിഐക്കെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് ഖേദകരമാണ്. ഈ കാരണത്താല്‍ താഴെ പറയുന്ന സഖാക്കള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിക്കുന്നു

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എംഎല്‍എയെ കാണാനില്ല എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളില്‍ ചിലര്‍ ഉന്നയിച്ചിരുന്നതാണ്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് യു പ്രതിഭ എംഎല്‍എ സ്വന്തം ഫേസ്ബുക്ക് പേജില്‍ മറുപടിയുമായി രംഗത്തെത്തിയത്. ഇതേ മറുപടിയില്‍ മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ അപമാനകരമായ പരാമര്‍ശങ്ങളോടെ വിമര്‍ശിക്കുകയും ചെയ്തു അവര്‍.

ഇതിനെല്ലാം പിന്നാലെയാണ് ഡിവൈഎഫ്‌ഐയിലെയും സിപിഎമ്മിലെയും ഈ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

Keywords:  Anger against u prathibha mla and ci of kayamkulam many in dyfi resigns, Alappuzha, News, Politics, Resignation, DYFI, CPM, Probe, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia