Killed | ബ്രിടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ സഊദിയിലായിരുന്നപ്പോഴും ഭര്‍ത്താവ് ആക്രമിച്ചിരുന്നു, വസ്ത്രത്തില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും അച്ഛനോട് പറയരുതെന്നും ആത്മഹത്യ ചെയ്യില്ലെന്നും മകള്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും അമ്മ കൃഷ്ണാമ്മ
Dec 17, 2022, 14:23 IST
കോട്ടയം: (www.kvartha.com) ബ്രിടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ ഭര്‍ത്താവ് സാജു മുന്‍പും ആക്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അഞ്ജുവിന്റെ അമ്മ കൃഷ്ണാമ്മ. സാജു മകളെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും അച്ഛനോട് പറയരുതെന്നും ആത്മഹത്യ ചെയ്യില്ലെന്നും അവള് പറഞ്ഞിരുന്നുവെന്നും കൃഷ്ണാമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഇരുവരും സഊദിയിലായിരുന്നപ്പോള് സാജുവിനെ ഭയന്നാണ് താനും കഴിഞ്ഞിരുന്നതെന്നും കൃഷ്ണാമ്മ പറഞ്ഞു. കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്.
പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് ഏഴു വര്‍ഷം അഞ്ജു സഊദിയില്‍ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പം തന്നെയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ബ്രിടനിലേക്ക് പോയത്. എന്നാല്‍ സാജുവിന് അവിടെ ജോലി ശരിയായിരുന്നില്ല. ഇതില്‍ അയാള്‍ക്ക് മാനസിക വിഷമം ഉണ്ടാക്കിയിരുന്നുവെന്ന് കുടുംബം പറയുന്നു. ജൂണ്‍ മാസത്തിലാണ് അഞ്ജുവും ഭര്‍ത്താവും നാട്ടിലെത്തി മക്കളെ കൂടി കൊണ്ടുപോയത്.
അഞ്ജുവിനെ ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. അഞ്ജുവിന്റെ പോസ്റ്റ്മോര്‍ടം നടപടികള്‍ പൂര്‍ത്തിയായി. കുട്ടികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച പോസ്റ്റ്മോര്‍ടം ചെയ്യും. ഭര്‍ത്താവ് സാജു 72 മണിക്കൂര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ തുടരുമെന്നും സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനും പൊലീസ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാഴിക്കാടന് എംപി ബ്രിടനിലെ ഇന്‍ഡ്യന്‍ ഹൈകമിഷണര്‍ വിക്രം ദ്വരൈസ്വാമിക്ക് കത്ത് നല്കി. അഞ്ജുവിന്റെ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും എല്ലാവിധ സഹായങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹൈകമിഷണര്‍ മറുപടി നല്കി.
അതേസമയം മൃതദേഹം നാട്ടിലെത്തിക്കാനുള്ള 30 ലക്ഷം രൂപ എങ്ങനെ സംഘടിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് അഞ്ജുവിന്റെ പിതാവ്. തനിക്ക് മക്കളെ കാണണമെന്നും അദ്ദേഹം പറയുന്നു.
Keywords: Anju's Mother about her husband Saju, Kottayam, News, Killed, Trending, Family, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.