Bye-Poll | വയനാട്ടില്‍ പ്രിയങ്കയ്ക്കെതിരെ ആനിരാജ? ബിജെപിക്ക് കെട്ടിവെച്ച കാശ് പോകുമോ?
തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവും തീരുമാനിക്കുന്നത് ജനങ്ങള്‍
നല്ല മത്സരം കാഴ്ചവയ്ക്കുക എന്നത് ഏത് സ്ഥാനാര്‍ഥിയുടെയും രാഷ്ട്രീയ പാര്‍ടിയുടെയും കടമ
പച്ചയ്ക്ക് പറഞ്ഞാല്‍ വാരണസിയില്‍ നാണക്കേട് ഭയന്നാണ് മോദിക്കെതിരെ പ്രിയങ്ക മത്സരിക്കാഞ്ഞത്
ദക്ഷ മനു
വയനാട്: (KVARTHA) മണ്ഡലത്തില്‍ മത്സരിക്കാനുള്ള പ്രിയങ്കാഗാന്ധിയുടെയും സ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസിന്റെയും തീരുമാനം കുറുക്കുവഴിയാണ്. ഇന്‍ഡ്യ സഖ്യത്തിന്റെ ഒരു യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രിയങ്ക മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കണമെന്നും മമത പറഞ്ഞു. എന്നാല്‍ താന്‍ പാര്‍ലമെന്ററി രംഗത്തേക്കില്ലെന്ന് പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞുമാറി.
അമേഠിയിലും മത്സരിക്കാന്‍ തയാറായില്ല. ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂരിപക്ഷം നാലര ലക്ഷത്തില്‍ നിന്ന് ഒന്നരലക്ഷമായി കുറഞ്ഞു. ഉടനെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം വന്നു, 'വാരാണസിയില്‍ പ്രിയങ്ക മത്സരിച്ചിരുന്നെങ്കില്‍ മോദി മൂന്ന് ലക്ഷത്തിലധികം വോടിന് പരാജയപ്പെടുമായിരുന്നു'- എന്ന്.
വൈകി വന്ന ബോധോദയം എന്ന് ഇതിനെ പറയാനൊക്കില്ല. തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവും തീരുമാനിക്കുന്നത് ജനങ്ങളാണ്. നല്ല മത്സരം കാഴ്ചവയ്ക്കുക എന്നത് ഏത് സ്ഥാനാര്‍ഥിയുടെയും രാഷ്ട്രീയ പാര്‍ടിയുടെയും കടമയാണ്. പ്രിയങ്കയും കോണ്‍ഗ്രസും അതിന് തയാറായില്ല. പച്ചയ്ക്ക് പറഞ്ഞാല്‍ നാണക്കേട് ഭയന്നാണ് മോദിക്കെതിരെ മത്സരിക്കാഞ്ഞത്. ജനവികാരം മനസ്സിലാക്കാന്‍ രാഹുലിനോ, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കോ കഴിഞ്ഞില്ല എന്നുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
വയനാട് കോണ്‍ഗ്രസിന്റെ അടിയുറച്ച മണ്ഡലമാണ്. വലിയ ജനകീയനല്ലാത്ത എംഐ ശാനവാസ് എന്ന കോണ്‍ഗ്രസ് നേതാവ് രണ്ട് തവണ ഇവിടെ നിന്ന് പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. ആ സ്ഥിതിക്ക് പ്രിയങ്കയ്ക്ക് ഇതൊരു ഈസി വാക്കോവര്‍ പോലെയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. മാത്രമല്ല ദക്ഷിണേന്‍ഡ്യയില്‍ അധികാരത്തിലിരിക്കുന്ന കര്‍ണാടകയില്‍ വളരെ മോശം പ്രകടനമാണ് ലോക് സഭാ തിരഞ്ഞെടുപ്പിലുണ്ടായത്.
തെലങ്കാനയിലെ സ്ഥിതിയും അത്ര മെച്ചപ്പെട്ടില്ല. ആന്ധ്രയിലെ കാര്യം പറയാതിരിക്കുകയാണ് ഭേദം. തമിഴ് നാട്ടില്‍ ഡിഎംകെയുടെ തണലില്‍ വളരുന്ന ഇത്തിക്കണ്ണിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. പിന്നെയുള്ള പച്ചത്തുരുത്തെന്ന് പറയുന്നത് ഇങ്ങ് തെക്കേയറ്റത്ത് പാവയ്ക്ക പോലെ തൂങ്ങിക്കിടക്കുന്ന കേരളമാണ്. അത് കൂടെ കൈവിട്ടാലുള്ള അവസ്ഥ പറയേണ്ടതില്ല.
അത് കൂടി മുന്‍കൂട്ടി കണ്ടാണ് പ്രിയങ്ക വയനാടന്‍ ചുരംകയറ്റാന്‍ തയാറായത്. യുപി അടക്കം ഇന്‍ഡ്യ സഖ്യത്തിനൊപ്പം നിന്നെങ്കിലും ഉത്തരേന്‍ഡ്യയിലെ സ്ഥിതി എപ്പോള്‍ വേണമെങ്കിലും മാറാം. അതിനുള്ള പണി ബിജെപി എടുക്കും. അപ്പോഴും പ്രിയങ്കയ്ക്കും രാഹുലിനും സുരക്ഷിതമായൊരിടം വേണം, അതുകൊണ്ട് ഗാന്ധി കുടുംബം വയനാട് വിട്ട്കൊടുക്കാന്‍ തയാറല്ല എന്നാണ് മനസ്സിലാക്കേണ്ടത്.
ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ വീണ്ടും കേരളത്തിലാകുന്നു എന്ന പ്രത്യേകതയും വയനാടിനുണ്ട്. ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ മൂന്ന് മുന്നണികളും അരയും തലയും മുറുക്കി ഇറങ്ങും. സിപിഐയിലെ ആനിരാജ വീണ്ടും സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യം ഉയരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് വീണ്ടും നാണക്കേട് ചുമക്കാന്‍ സുരേന്ദ്രന്‍ തയാറാകില്ല.
പിന്നെയാര് എന്ന ചോദ്യം വീണ്ടും ഉയരും. സ് മൃതി ഇറാനിയെ പോലെ ദേശീയ ശ്രദ്ധയിലുള്ള നേതാക്കളെ ആരെയെങ്കിലും ഇറക്കുമോ? കാരണം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരമാണ്. നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റ് കൂടി അധികം കിട്ടിയാല്‍ ബിജെപിക്ക് വലിയ ആശ്വാസമാണ്. വയനാട്ടില്‍ വിജയിച്ചാലത് വലിയ രാഷ്ട്രീയ വിജയമായിരിക്കും. അതുകൊണ്ട് അത്രയ്ക്ക് കരുത്തുള്ള സ്ഥാനാര്‍ഥിയെ ആയിരിക്കും ദേശീയനേതൃത്വം നിര്‍ത്തുക.
ശോഭാ സുരേന്ദ്രന്‍ മത്സരിച്ചിടത്തെല്ലാം വോട് കൂട്ടിയിട്ടുണ്ടെങ്കിലും വയനാട് അവര്‍ക്ക് അന്യമായ മണ്ഡലമാണ്. മാത്രമല്ല, കുടിയേറ്റ കര്‍ഷകരും തൊഴിലാളികളും ആദിവാസികളും ഉള്ള മണ്ണാണ്. അവിടെ ശോഭയ്ക്ക് ശോഭിക്കാനാകുമെന്ന് വലിയ ഉറപ്പൊന്നുമില്ല. മൂന്ന് മുന്നണികളുടെയും ദേശീയനേതൃത്വം നേരിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുക. അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പെടെയുള്ള ദേശീയനേതാക്കള്‍ ചുരത്തില്‍ പറന്നിറങ്ങും. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ തമ്പടിക്കും. അങ്ങനെ വയനാട് വീണ്ടും ദേശീയ രാഷ്ട്രീയത്തിലെ ചര്‍ചാ കേന്ദ്രമാകും.
എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും വലിയ വെല്ലുവിളിയായിരിക്കും പ്രിയങ്ക ഗാന്ധി ഉയര്‍ത്തുക. ഇന്ദിരാഗാന്ധിയോട് സ്നേഹമുള്ള ജനവിഭാഗം ഇപ്പോഴുമുളള മണ്ണാണ് വയനാട്. അതുകൊണ്ട് ചെറുമകളായ പ്രിയങ്കയോടും അവര്‍ക്ക് താല്‍പര്യമുണ്ടാകും. മണ്ഡലത്തിലെ പ്രബല സമുദായങ്ങളായ മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്നവരാണ്.
പ്രിയങ്ക എത്തുമ്പോള്‍ അതിന് ശക്തികൂടാനേ സാധ്യതയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനിറങ്ങിയാല്‍ നിലവിലെ സാഹചര്യത്തില്‍ വലിയ മെച്ചം വയനാട്ടിലുണ്ടാകില്ല. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാതെ, സപ്ലൈ കോയിലും മറ്റും അവശ്യസാധനങ്ങള്‍ കൃത്യമായി എത്തിക്കാതെ ജനങ്ങള്‍ക്ക് മുന്നില്‍ എന്തൊക്കെ വാഗ്ദാനം നല്‍കിയാലും ഏശില്ല. സര്‍കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് അത് തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ നല്ല മത്സരം കാഴ്ചവയ്ക്കുക എന്നത് മാത്രമാണ് മുന്നിലുള്ള ഏക പോംവഴി.
നരേന്ദ്രമോദി സര്‍കാരിനെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ അഭിപ്രായമൊന്നുമില്ല. പ്രളയകാലത്ത് ഉള്‍പെടെ സംസ്ഥാനത്തിനൊപ്പം അടിയുറച്ച് നില്‍ക്കാന്‍ കേന്ദ്രം തയാറായില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് അവര്‍ പരിഗണന നല്‍കുന്നത്. വന്ദേഭാരത് പോലൊരു പഴയ ട്രെയിന്‍ കൊണ്ടുവന്ന് ആഘോഷിച്ചിട്ട് ഒരു കാര്യോമില്ല. മാത്രമല്ല ട്രെയിനില്ലാത്ത വയനാട്ടില്‍ പോയി അതൊന്നും ഉയര്‍ത്തിക്കാട്ടാനുമാകില്ല.
സംസ്ഥാന സര്‍കാരിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്താനാകും. അപ്പോഴും കോണ്‍ഗ്രസിനെതിരെ യുക്തിഭദ്രമായി എന്ത് പറയാനാകും? ഉപതിരഞ്ഞെടുപ്പ് അനാവശ്യമായിരുന്നെന്നോ? അപ്പോള്‍ 2014ല്‍ മോദി രണ്ടിടത്ത് മത്സരിച്ചത് എന്തിനാണെന്ന് നാട്ടുകാര്‍ ചോദിക്കും? പിന്നെ കുടുംബവാഴ്ചയെ കുറിച്ച് പറയുമായിരിക്കും. നിലവിലെ മോദി മന്ത്രിസഭയില്‍ അതാണല്ലോ കണ്ടത്.
തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം അങ്ങനെയുള്ള അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് ബിജെപിക്ക് മിണ്ടാനാവില്ല. സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണം എന്നത് പോലെയുള്ള വര്‍ഗീയ വിഷമാണ് കെ സുരേന്ദ്രന്‍ ചീറ്റിയത്. അതൊന്നും ജനംമറക്കില്ല. ഇതെല്ലാം പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, എല്ലാംകൊണ്ടും പ്രിയങ്കയ്ക്ക് ഈസി വാക്കോവറായി വയനാട് മാറിയിരിക്കുകയാണെന്ന് പറയാന്‍ വേണ്ടിയാണ്.