സര്‍കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷാ ഫീസ് ഒഴിവാക്കും, അപേക്ഷാ ഫോമുകള്‍ ലളിതമാക്കും, ഒരു പേജില്‍ പരിമിതപ്പെടുത്തും

 


തിരുവനന്തപുരം:  (www.kvartha.com 07.10.2021) സര്‍കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോമുകള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദേശിക്കും. എന്നാല്‍ ബിസിനസ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.

സര്‍കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷാ ഫീസ് ഒഴിവാക്കും, അപേക്ഷാ ഫോമുകള്‍ ലളിതമാക്കും, ഒരു പേജില്‍ പരിമിതപ്പെടുത്തും

പൗരന്മാര്‍ക്ക് വിവിധ സെര്‍ടിഫികെറ്റുകള്‍ / സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമെയാണ് ഇത്.

ഒരിക്കല്‍ നല്‍കിയ സെര്‍ടിഫികെറ്റുകള്‍ മറ്റു സര്‍കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിഷ്‌കര്‍ഷിക്കാം. എന്നാല്‍ ഇവ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് / ഉപയോഗത്തിന് മാത്രമാണ് പ്രസ്തുത സെര്‍ടിഫികെറ്റ് നല്‍കുന്നതെന്ന് സെര്‍ടിഫികെറ്റില്‍ ഇനി മുതല്‍ രേഖപ്പെടുത്തുകയില്ല.

വിവിധ സര്‍കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകള്‍/സെര്‍ടിഫികെറ്റുകള്‍ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ / നോടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ / സെര്‍ടിഫികെറ്റുകളുടെ പകര്‍പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.

ഇ ഡബ്ല്യൂ എസ് സാക്ഷ്യപ്പെടുത്തല്‍ സെര്‍ടിഫികെറ്റ്, എസ് സി - എസ് ടി വിഭാഗങ്ങള്‍ക്ക് നിയമപ്രകാരം നല്‍കുന്ന സെര്‍ടിഫികെറ്റ് എന്നിവ നിലവിലുള്ള രീതി തുടരും. സേവനങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കില്‍ ഭേദഗതി വരുത്തും.

കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സെര്‍ടിഫികെറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്തു ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സെര്‍ടിഫികെറ്റ് വില്ലേജ് ഓഫീസര്‍ തന്നെ നല്‍കും. എന്നാല്‍, ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം.

ഇനി മുതല്‍ റസിഡന്‍സ് സെര്‍ടിഫികെറ്റിന് പകരമായി ആധാര്‍ കാര്‍ഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബില്‍, കുടിവെള്ള ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ മതി. ഇവ ഇല്ലാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സെര്‍ടിഫികെറ്റ് ഹാജരാക്കാവുന്നതാണ്.

അപേക്ഷകന്റെ എസ്എസ്എല്‍സി ബുക്/ വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോറിറ്റി സെര്‍ടിഫികെറ്റ് ആവശ്യമില്ല. അല്ലാത്തപക്ഷം വില്ലേജ് ഓഫീസര്‍ / തഹസില്‍ദാര്‍ ഓണ്‍ലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അപേക്ഷകന്‍ സത്യവാങ്മൂലം കൂടി സമര്‍പിക്കണം.

ലൈഫ് സെര്‍ടിഫികെറ്റിന് കേന്ദ്രസര്‍കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഏര്‍പെടുത്തിയിട്ടുള്ള 'ജീവന്‍ പ്രമാണ്‍' എന്ന ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്.

വണ്‍ ആന്‍ഡ് സെയിം സെര്‍ടിഫികെറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.
റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സെര്‍ടിഫികെറ്റ്, പാസ്പോര്‍ട്, ആധാര്‍, ജനനസെര്‍ടിഫികെറ്റ് എന്നീ രേഖകളില്‍ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വില്ലേജ് ഓഫീസറോ തഹസില്‍ദാറോ നല്‍കുന്ന ബന്ധുത്വ സെര്‍ടിഫികെറ്റ് ആവശ്യമില്ല.

അപേക്ഷകന്റെ റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ ഉള്‍പെടുത്തിയിട്ടുണ്ടെങ്കില്‍റേഷന്‍ കാര്‍ഡ് തന്നെ കുടുംബാംഗത്വ സെര്‍ടിഫികെറ്റിന് പകരം സ്വീകരിക്കാം. അല്ലാത്ത പക്ഷം മാത്രം വില്ലേജ് ഓഫീസര്‍ നല്‍കുന്ന സെര്‍ടിഫികെറ്റ് സമര്‍പിക്കണം.

തിരിച്ചറിയല്‍ രേഖയില്ലാത്ത പൗരന്മാര്‍ക്ക് ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന അപേക്ഷകന്റെ ഫോടോ പതിച്ച സെര്‍ടിഫികെറ്റ് ഹാജരാക്കിയാല്‍ ഐഡന്റിഫിക്കേഷന്‍ സെര്‍ടിഫികെറ്റ് ലഭിക്കും.

അപേക്ഷകന്റെ എസ് എസ് എല്‍ സി സെര്‍ടിഫികെറ്റ് / വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍ / തഹസില്‍ദാര്‍ നല്‍കുന്ന ജാതി സെര്‍ടിഫികെറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെ / അവരിലൊരാളുടെ എസ് എസ് എല്‍ സി ബുക് / വിദ്യാഭ്യാസ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.

ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ് എസ് എല്‍ സി സെര്‍ടിഫികെറ്റില്‍ / വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹ സെര്‍ടിഫികെറ്റും ഉണ്ടെങ്കില്‍ അത് മിശ്രവിവാഹ സെര്‍ടിഫികെറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്‌കര്‍ഷിക്കും. വില്ലേജ് ഓഫീസറുടെ സെര്‍ടിഫികെറ്റ് ഒഴിവാക്കും.

ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓണ്‍ലൈനായി സെര്‍ടിഫികെറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകര്‍ക്ക് നല്‍കും. ഇതിനായി സര്‍വകലാശാലകള്‍, പരീക്ഷാഭവന്‍, ഹയര്‍ സെകന്‍ഡറി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവര്‍ക്ക് ലോഗിന്‍ സൗകര്യം നല്‍കും.

ഇതുവഴി ബന്ധപ്പെട്ടവര്‍ക്ക് സെര്‍ടിഫികെറ്റുകളുടെ ആധികാരികത ഓണ്‍ലൈനായി പരിശോധിക്കാന്‍ കഴിയും. ജില്ലകളില്‍ ഡെപ്യൂടി കലക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. പരിശോധിച്ച ശേഷം അറ്റസ്റ്റേഷന്‍ പൂര്‍ത്തീകരിച്ച്, സേവനം ലഭ്യമാകേണ്ട വ്യക്തിയെ മുന്‍കൂട്ടി അറിയിച്ച് സാക്ഷ്യപ്പെടുത്തിയ സെര്‍ടിഫികെറ്റുകള്‍ നല്‍കും.

Keywords:  Application fees for government services will be waived, application forms will be simplified and limited to one page, Thiruvananthapuram, News, Application, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia