Appointments | കത്ത് വിവാദമായതോടെ സര്‍കാര്‍ ഇടപെടല്‍; കോര്‍പറേഷന്റെ അധികാരം റദ്ദാക്കി നിയമനം എംപ്ലോയ്മെന്റ് എക്‌സ്‌ചേന്‍ജ് വഴിയാക്കി

 



തിരുവനന്തപുരം: (www.kvartha.com) നഗരസഭയിലെ താല്‍കാലിക നിയമനം സംബന്ധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെതെന്ന തരത്തില്‍ ഒരു കത്ത് പുറത്തായതിന് പിന്നാലെ കോര്‍പറേഷന്റെ അധികാര നിയമനം സര്‍കാര്‍ റദ്ദാക്കി. പുറത്ത് വന്ന കത്ത് വിവാദമായ സാഹചര്യത്തില്‍ 295 താല്‍കാലിക തസ്തികകളില്‍ നിയമനം എംപ്ലോയ്മെന്റ് എക്‌സ്‌ചേന്‍ജ് വഴിയാക്കി. താല്‍കാലിക ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍കാര്‍ നിര്‍ദേശം. കരാര്‍ നിയമനത്തിന് പാര്‍ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്റേതെന്ന തരത്തില്‍ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. 

ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പാര്‍ടി ജില്ലാ സെക്രടറിക്ക് എഴുതിയ കത്താണ് പുറത്ത് വന്നത്. കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളില്‍ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണമെന്നും ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണന പട്ടിക ലഭ്യമാക്കാന്‍ നടപടി ആവശ്യപ്പെട്ടുവെന്നുമാണ് കത്തിലെ ഉള്ളടക്കമെന്നാണ് വിവരം. 

Appointments | കത്ത് വിവാദമായതോടെ സര്‍കാര്‍ ഇടപെടല്‍; കോര്‍പറേഷന്റെ അധികാരം റദ്ദാക്കി നിയമനം എംപ്ലോയ്മെന്റ് എക്‌സ്‌ചേന്‍ജ് വഴിയാക്കി


മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്‌സ് ആപ് ഗ്രൂപില്‍ നിന്നാണ് സമൂഹമാധ്യമത്തില്‍ വൈറലായത്. എന്നാല്‍ കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മേയര്‍ പ്രതികരിച്ചത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോള്‍ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം. 

കത്തയച്ച ഒന്നാം തിയതി 'എവിടെ എന്റെ തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ പാര്‍ലമെന്റ് മാര്‍ചില്‍ പങ്കെടുക്കാന്‍ ഡെല്‍ഹിയില്‍ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. കത്തിന്റെ സീരിയല്‍ നമ്പറിലും ഒപ്പിലും വ്യക്തതയില്ല. സ്വന്തം നിലക്കും പാര്‍ടി തലത്തിലും അന്വേഷിക്കുമെന്നും മേയര്‍ അറിയിക്കുമ്പോള്‍ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂരിന്റെ പ്രതികരണം.

Keywords:  News,Kerala,State,Thiruvananthapuram,Top-Headlines,Trending,Letter,Job, Politics,party, Thiruvananthapuram corporation temporary appointments via employment exchange
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia