അപകടകാരികളായ കാട്ടാനകൾ! ആറളം ഫാമിൽ നാശം തുടരുന്നു; തൊഴിലാളികളുടെ കഞ്ഞിപ്പുരയും തകർത്തു


-
അഞ്ചോളം ആനകൾ അപകടകാരികളാണ്.
-
മുൻപ് ഒരാളുടെ ജീവൻ എടുത്തിട്ടുണ്ട്.
-
സുരക്ഷാ ജീവനക്കാർ പടക്കം പൊട്ടിച്ചു.
-
റബർ മരങ്ങൾക്കും നാശനഷ്ടം.
-
മയക്കുവെടി വെക്കണമെന്ന ആവശ്യം.
-
ജനവാസ മേഖലയിലും ഭീഷണി.
കണ്ണൂർ: (KVARTHA) ആറളം ഫാമിൽ കാട്ടാനകളുടെ വിളയാട്ടം തുടർച്ചയായി അരങ്ങേറുന്നു. കഴിഞ്ഞ ദിവസം രാത്രി കാർഷിക ഫാമിലെ ആറാം ബ്ലോക്കിലുള്ള കഞ്ഞിപ്പുരയാണ് കാട്ടാനകൾ ആക്രമിച്ചത്.
തൊഴിലാളികളും ജീവനക്കാരും ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനുമായി നിർമ്മിച്ച കെട്ടിടത്തിന്റെ പിൻവശത്തെ ഷെഡ്ഡാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കഞ്ഞിപ്പുരയുടെ ഭിത്തി കൊമ്പുകൾ കൊണ്ട് കുത്തി തകർക്കാൻ ശ്രമം നടന്നു.
ആറളം കാർഷിക ഫാമിലും പരിസരത്തുമായി തമ്പടിച്ചിരിക്കുന്ന കാട്ടാനകളിൽ അഞ്ചെണ്ണം അതീവ അപകടകാരികളാണെന്നാണ് വിവരം. രണ്ട് മോഴയാനകളും മൂന്ന് കൊമ്പനാനകളുമാണ് അക്രമകാരികളായുള്ളത്. ഈ ആനകളാണ് ഫാമിൽ ആളുകൾക്ക് നേരെ ആക്രമണം നടത്തുകയും മുൻപ് ഒരാളുടെ ജീവൻ എടുക്കുകയും ചെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു.
ആറാം ബ്ലോക്കിൽ ഒരു മോഴയാന ഉൾപ്പെടെ ആറ് കാട്ടാനകളുണ്ടെന്ന് ഫാമിലെ സുരക്ഷാ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. കാട്ടാനകൾ കഞ്ഞിപ്പുര തകർക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാർ ശബ്ദമുണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോഴാണ് അവ പിൻവാങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ തെങ്ങും കശുമാവും നശിപ്പിച്ചിരുന്ന കാട്ടാനകൾ ഇപ്പോൾ റബർ മരങ്ങൾക്കും നാശനഷ്ടം വരുത്തുകയാണ്.
ജനവാസ മേഖലയിലും കൃഷി സ്ഥലങ്ങളിലും വ്യാപകമായ നാശനഷ്ടം വരുത്തുന്ന കാട്ടാനകളെ മയക്കുവെടി വെച്ച് പിടിച്ച് ഉൾവനങ്ങളിലോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലോ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യൂ! നിങ്ങളുടെ അഭിപ്രായങ്ങളും താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.
Summary: Wild elephants continue their destructive spree at Aralam Farm in Kannur, attacking a canteen shed. Locals demand capture of five dangerous elephants responsible for property damage and a past fatality.
#AralamFarm #WildElephants #Kannur #ElephantAttack #WildlifeConflict #KeralaNews