Ardra Keralam | ആര്‍ദ്ര കേരളം പുരസ്‌കാര നിറവില്‍ തൃശൂര്‍; ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത് 5 പുരസ്‌കാരങ്ങള്‍

 


തൃശൂര്‍: (www.kvartha.com) സംസ്ഥാന സര്‍കാരിന്റെ ആര്‍ദ്ര കേരളം പുരസ്‌കാരങ്ങളില്‍ അഞ്ചെണ്ണം തൃശൂര്‍ ജില്ലയ്ക്ക്. സംസ്ഥാന തലത്തില്‍ ബ്ലോക് പഞ്ചായത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം മുല്ലശ്ശേരി ബ്ലോകിനും കോര്‍പറേഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം തൃശൂര്‍ കോര്‍പറേഷനും ലഭിച്ചു.

ജില്ലാതല ഗ്രാമപഞ്ചായത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം വേളൂക്കര ഗ്രാമപഞ്ചായതും രണ്ടാം സ്ഥാനം വരവൂര്‍ ഗ്രാമപഞ്ചായതും മൂന്നാം സ്ഥാനം പാറളം ഗ്രാമപഞ്ചായതും സ്വന്തമാക്കി. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ആര്‍ദ്ര കേരളം പുരസ്‌കാരം നല്‍കുന്നത്. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും പുരസ്‌കാരങ്ങളും പ്രശസ്തിപത്രവും കൈമാറി.

പാലിയേറ്റീവ് കെയര്‍ ദ്വിതീയ പരിചരണം, മറവി രോഗ പരിചരണം, മുതിര്‍ന്ന പൗരന്മാര്‍ക്കായി ഹൃദയ പരിശോധന പരിപാടിയായ ഹൃദയസ്പര്‍ശം, ഡയാലിസിസ് സൗകര്യം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് മുല്ലശ്ശേരി ബ്ലോക് പഞ്ചായത് നേട്ടം കരസ്ഥമാക്കിയത്. 10 ലക്ഷം രൂപയാണ് പുരസ്‌കാര തുക.

ഒരു കോടിയിലധികം രൂപ ചെലവഴിച്ച് കോര്‍പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കോര്‍പറേഷന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ ചികിത്സ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും രോഗി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുവാനും സാധിച്ചതിന്റെ ഫലമാണ് പുരസ്‌കാര നേട്ടം.

സോളാര്‍ പാനല്‍ സ്ഥാപിക്കല്‍, മാലിന്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം ഉള്‍പെടെ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് കോര്‍പറേഷന്‍ നടത്തിയത്. അഞ്ചു ലക്ഷം രൂപയാണ് പുരസ്‌കാര സമ്മാനമായി കോര്‍പറേഷന് ലഭിച്ചത്.

സാന്ത്വന പരിചരണം, പകര്‍ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് വേളൂക്കര ഗ്രാമപഞ്ചായതിനെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പ്രതിരോധ കുത്തിവെപ്പ്, നടപ്പിലാക്കിയ നൂതന പരിപാടികള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവ വരവൂര്‍ പഞ്ചായതിന് നേട്ടമായി.

ശുചിത്വം മേഖലയിലെ ഭൗതിക സാഹചര്യങ്ങള്‍, ഗ്യാസ് ക്ലിനിക്, ആശ്വാസ് ക്ലിനിക്, വയോജന ക്ലിനികുകള്‍, കൗമാര ക്ലിനിക് തുടങ്ങിയവയാണ് പാറളം പഞ്ചായതിനെ നേട്ടത്തിന് അര്‍ഹമാക്കിയത്.
 
Ardra Keralam | ആര്‍ദ്ര കേരളം പുരസ്‌കാര നിറവില്‍ തൃശൂര്‍; ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത് 5 പുരസ്‌കാരങ്ങള്‍


ജില്ലാ തലത്തില്‍ ഒന്നാംസ്ഥാനം നേടിയ വേളൂക്കര ഗ്രാമപഞ്ചായതിന് അഞ്ചു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടിയ വരവൂരിന് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടിയ പാറളം ഗ്രാമപഞ്ചായതിന് രണ്ടുലക്ഷം രൂപയും ലഭിച്ചു.

Keywords: Ardra Keralam: Thrissur bags five awards, Thrissur, News, Award, Politics, Compensation, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia