By-Election | ശരിക്കും ഈ ഉപതിരഞ്ഞെടുപ്പുകൾ ആവശ്യമുണ്ടോ, പകരമെന്ത്?

 


/ മിന്റാ മരിയ തോമസ്

(KVARTHA) ഇപ്പോൾ ഒരു ജനപ്രതിനിധി മരിച്ചാൽ അല്ലെങ്കിൽ രാജിവെച്ചാൽ ഉടൻ ഉപതെരഞ്ഞെടുപ്പാണ്. ജനവും രാഷ്ട്രീയ പാർട്ടികളും നേതാക്കളും അത് ആഘോഷിക്കുകയും ചെയ്യുന്നു. ഇത് എത്രമാത്രം നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്നതാണെന്ന് ഇത് ആഘോഷിക്കുന്നവരും ഭരണാധികാരികളും അറിയുന്നില്ല. ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ എത്ര കോടികളാണ് ഇവിടെ പൊടിയുന്നത്. നമ്മുടെ സമ്പത് വ്യവസ്ഥയെ തന്നെ താറുമാറാക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പുകൾ ഒരോന്നും. ഇതുകൊണ്ട് ആർക്കാണ് പ്രയോജനം എന്ന് ചോദിച്ചാൽ അതിൽ ജയിക്കുന്ന ആൾക്കും അവരുടെ കുടുംബത്തിനും മാത്രമാണ്, ജനത്തിന് ബാധ്യതയും ഒപ്പം തന്നെ ധാരാളാം ബാനറുകളും പോസ്റ്ററുകളും ഇവിടെ പ്രചരിപ്പിക്കുന്നതുകൊണ്ട് തന്നെ അത് പരിസ്ഥിതിയ്ക്കും ദോഷം വരുത്തുന്നു. 

By-Election | ശരിക്കും ഈ ഉപതിരഞ്ഞെടുപ്പുകൾ ആവശ്യമുണ്ടോ, പകരമെന്ത്?

ഒരോ ഉപതെരഞ്ഞെടുപ്പും ജനത്തിന് കനത്ത ഭാരമാണ് സമ്മാനിക്കുന്നതെന്ന് ഇവിടെ ജീവിക്കുന്ന ഒരോരുത്തരും തിരിച്ചറിയാതെ പോകുന്നതാണ് ദയനീയം. ഇവിടെ വർദ്ധിച്ചു വരുന്ന വിലക്കയറ്റത്തിനും അമിത നികുതി ഭാരത്തിനുമൊക്കെ ഒരു പരിധിവരെ ഈ ഒരോ ഉപതെരഞ്ഞെടുപ്പുകളും കാരണമാകുന്നുണ്ട് എന്ന് വേണം പറയാൻ. ഒരാൾ തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയോ എം.എൽ.എ യോ ഒക്കെ ആയി കഴിഞ്ഞാൽ അവർ ചിന്തിക്കുന്നത് എത്ര പ്രായമായാലും അല്ലെങ്കിൽ എന്ത് രോഗാവസ്ഥയിൽ ആണെങ്കിൽ പോലും മന്ത്രിയോ എം.എൽ.എ യോ ഒക്കെ ആയി മരിക്കണമെന്നാണ്.

മരിക്കുമ്പോൾ കിട്ടുന്ന ബഹുമതിയെക്കുറിച്ചാണ് ഇക്കുട്ടരുടെ ചിന്ത. അയാൾ മരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. വേറോരാൾക്കും സ്ഥാനം വിട്ട് കൊടുക്കാൻ തയാറാകുന്നുമില്ല. തുടർന്ന് അദ്ദേഹം ജനപ്രതിനിധിയായി ഇരിക്കുമ്പോൾ മരണപ്പെട്ടാൽ അവിടെ ഉപതെരഞ്ഞെടുപ്പ് ആയി. പിന്നെ വർദ്ധിക്കുന്നു നമ്മുടെ ചെലവുകൾ ഒരോന്നും. ഇത് നമ്മുടെ നാടിൻ്റെ ഒരു ദുരന്തമാണെന്ന് വേണമെങ്കിൽ പറയേണ്ടി വരും. ഈ സാഹചര്യത്തിന് ഒരു മാറ്റം വരേണ്ടതല്ലേയെന്ന് പൊതുസമൂഹം ഉണർന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് വേണം. അത് നല്ലത് ആണ്. ഒരോ അഞ്ച് വർഷം കൂടും തോറും വരുന്ന തെരഞ്ഞെടുപ്പുകൾ സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. അത് അതിൻ്റെ മുറയ്ക്ക് തന്നെ നടക്കണം.

പക്ഷേ, അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു ജനപ്രതിനിധി മരണപ്പെട്ടാൽ, അല്ലെങ്കിൽ രാജിവെച്ചാൽ ഉടനെ അവിടെ ഒരു ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് നല്ല കാര്യമാണോ എന്ന് പരിശോധിക്കപ്പെടേണ്ടത് ഉണ്ട്. ഒരു സ്ഥലത്ത് ജനപ്രതിനി ഇല്ലാത്ത സാഹചര്യം നല്ലതല്ലെന്ന് സമ്മതിക്കുമ്പോൾ പോലും അവിടെ ഒരു ഉപതെരഞ്ഞെടുപ്പ് അത്യാവശ്യം ഉണ്ടോയെന്നും ചിന്തിക്കപ്പെടേണ്ടതാണ്. ഒരു തെരഞ്ഞെടുപ്പ് നടന്ന് അവശ്യമെങ്കിൽ ലോക്സഭയിലേയ്ക്കും നിയസഭയിലേയ്ക്കും പൊതുവായി തെരഞ്ഞെടുപ്പ് വേണമെങ്കിൽ ആകാം. പക്ഷേ, എതെങ്കിലും ഒരു നിയമസഭയിലെയോ ലോക്സഭയിലെയോ പഞ്ചായത്ത് വാർഡിലെയോ ഒരു ജനപ്രതിനിധി മരിക്കുകയോ രാജിവെയ്ക്കുകയോ ചെയ്താൽ അവിടെ മാത്രം ആയി ഒരു ഉപതെരഞ്ഞെടുപ്പ് നടത്തുന്ന സംവിധാനം മാറ്റണ്ടത് അല്ലെ എന്നാണ് ചർച്ചയാക്കേണ്ടത്.

വേറെ എന്തെങ്കിലും ഒരു പരിഷ്ക്കാരം എന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. ഉപതെരഞ്ഞെടുപ്പ് എന്നത് ഒഴിവാക്കി കാലാവധി കഴിയുമ്പോൾ ഇവിടെ പൊതുവായ തെരഞ്ഞെടുപ്പിനോടൊപ്പം തെരഞ്ഞെടുപ്പ് നടത്തുകയെന്ന ആശയമാണ് ഉയർന്നുവരേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ ഒരു സംസ്ഥാന നിയമസഭ പിരിച്ചുവിടേണ്ടതായി വന്നാൽ അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്ന രീതി നമ്മുടെ രാജ്യത്ത് ഉണ്ട്. അതുപോലെ ഏതെങ്കിലും നിയമസഭാ മണ്ഡലങ്ങളിൽ ജനപ്രതിനിധിയുടെ അഭാവം ഉണ്ടായാൽ മുഖ്യമന്ത്രിയോ ഗവർണ്ണറോ ആ മണ്ഡലത്തിൻ്റെ ചുമതല കാലാവധി കഴിയുന്ന വരെ ഏൽക്കുന്ന രീതി വേണമെങ്കിൽ കൊണ്ടുവരാവുന്നതാണ്. അല്ലെങ്കിൽ ജില്ലയിലെ ഒരു മന്ത്രിക്ക് തൻ്റെ സ്വന്തം മണ്ഡലത്തിൻ്റെ ചുമതലയ്ക്കൊപ്പം ഈ ജനപ്രതിനിധി ഇല്ലാത്ത മണ്ഡലത്തിൻ്റെ ഉത്തരവാദിത്വം കൂടി നോക്കാവുന്നതാണ്.

അല്ലെങ്കിൽ ആ നിയോകമണ്ഡലത്തിന് അടുത്തുള്ള മറ്റൊരു എം.എൽ.എ യ്ക്ക് ഈ നിയോജകമണ്ഡലത്തിൻ്റെ ഉത്തരവാദിത്വവും കൊടുക്കാവുന്നതാണ്. ഈ രീതി തന്നെ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചാായത്ത് തട്ടിലേയ്ക്കും പരീശിലിക്കാവുന്നതാണ്. രാജ്യം മുഴുവൻ ഒരു ഒരേ കാലയളവിൽ ഒരു തെരഞ്ഞെടുപ്പിലേയ്ക്ക് നയിക്കപ്പെടുന്നതാണ് ചെലവ് ചുരുക്കാൻ ഏറ്റവും ഉത്തമം. ഇങ്ങനെയുള്ള കാലോചിതമായ മാറ്റങ്ങളാണ് ഇവിടെ ആവിഷ്ക്കരിക്കപ്പെടേണ്ടത്. അതുപോലെ ഒരോ പാർട്ടികളും നിശ്ചിത പ്രായം കവിഞ്ഞവരെയും വളരെക്കാലം ഒരേ മണ്ഡലത്തിൽ ജനപ്രതിനിധി ആയിട്ട് ഇരുന്നവരെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കി നിർത്തുന്നതും ഇപ്പോൾ വർദ്ധിച്ചു വരുന്ന ഉപതെരഞ്ഞെടുപ്പുകൾ ഒരു പരിധിവരെ ഒഴിവാക്കുന്നതിന് സഹായകമാകും.

മറ്റൊന്ന്, ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു ജനപ്രതിനിധിക്ക് വളരെ ഗുരുതരമായ ഒരു രോഗം ഉണ്ടെന്ന് നിർണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ വീണ്ടും മത്സരിപ്പിക്കാൻ തുനിയാതെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തേണ്ടതും അത്യാവശ്യം ആണ്. അങ്ങനെയുള്ളവരെ വീണ്ടും മത്സരിപ്പിക്കുന്നത് ഏത് രാഷ്ട്രീയപാർട്ടീ ആണെങ്കിലും ഇത് തികച്ചും ദ്രോഹമാണെന്ന് പറയേണ്ടി വരും. ബി.ജെ.പി പോലുള്ള രാഷ്ട്രീയ പാർട്ടികൾ 75 വയസിനു ശേഷം ആരെയും മത്സരിപ്പിക്കാൻ താല്പര്യം എടുക്കുന്നില്ലെന്ന ഒരു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ശരിക്കും ഇതുപോലെയുള്ള തീരുമാനങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

മറ്റ് പാർട്ടികളും ഇത് സമാനമായ രീതികൾ അവലംബിച്ചാൽ നാട് പുരോഗതി പ്രാപിക്കും എന്നത് തീർച്ച. ആയതിനാൽ നാടിനെ വലിയ രീതിയിൽ നശിപ്പിക്കുന്ന ഈ ഉപതെരഞ്ഞെടുപ്പുകൾ വേണമോ എന്നത് പൊതുസമൂഹം ചർച്ചയാക്കേണ്ട വിഷയമാണ്. ഇതിന് ഇവിടെ ഒരു സമഗ്രമായ പരിഷ്ക്കാരം അത്യന്താപേക്ഷിതാണ്. നാളെ പുതിയ തലമുറയിൽ നിന്ന് കഴിവുറ്റ നേതൃത്വം വളർന്നു വരുവാനും രാഷ്ട്ര പുരോഗതിയ്ക്കും ഇത്തരത്തിൽ ഒരു മാറ്റം ഉയർന്നുവരേണ്ടത് കാലത്തിൻ്റെ ആവശ്യമായിരിക്കുന്നു.

Keywords: News, Kerala, Politics, By-Election, Political Party, Leader, Are by-elections necessary? < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia