അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു; അപകടം കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ
Jul 23, 2021, 14:54 IST
കണ്ണൂര്‍: (www.kvartha.com 23.07.2021) അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. റമീസ് ഓടിച്ച ബൈക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി കണ്ണൂര്‍ അഴീക്കോടുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് റമീസ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.
തളാപ് സ്വദേശി പി വി അശ്വിന്‍ ഓടിച്ചതാണ് കാര്‍. ബന്ധുവിനെ ആശുപത്രിയില്‍ കാണിച്ച് വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. റമീസ് മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴാണ് തളാപ് സ്വദേശിയുടെ വാഹനവുമായി അപകടം നടന്നത്. അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥയിലുള്ള ബൈകാണ് റമീസ് ഓടിച്ചിരുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഇരുപത്തിയേഴാം തീയതി ഹാജരാകാന്‍ റമീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും റമീസ് എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 27ന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപെട്ടത്. ഇതിനിടെയാണ് അപകടം നടന്നത്.
റമീസിന്റെ വീട്ടിലും കസ്റ്റംസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കാറിലുണ്ടായിരുന്നത് അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികളായിരുന്നുവെന്നാണ് വിവരം. സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം വളപട്ടണം പൊലീസ് നടത്തുന്നുണ്ട്. അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ തെളിവുകള്‍ തേടുന്നതിനിടിയിലാണ് ഉറ്റസുഹൃത്തിന്റെ മരണം.
റമീസിന് ഒപ്പം അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പ്രണവിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.