Film Industry | സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ നടന്‍മാരായ അര്‍ജുന്‍ അശോകന്‍ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരടക്കം 5 പേര്‍ക്ക് പരുക്ക്; അമിത വേഗത്തില്‍ വാഹനമോടിച്ചതിന് കേസ്
സ്റ്റണ്ട് ഡ്രൈവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു
അപകടം നടന്നത് ബ്രോമന്‍സ് സിനിമയിലെ ചിത്രീകരണത്തിനിടെ
കൊച്ചി: (KVARTHA) സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ (During film shooting)കാറപകടത്തില്‍ (Car Accident) നടന്‍മാരായ അര്‍ജുന്‍ അശോക്, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു (Injured) . കൊച്ചി എംജി റോഡില്‍ (MG Road) വച്ച് ശനിയാഴ്ച പുലര്‍ചെ ഒന്നരയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. സംഭവത്തില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് സെന്‍ട്രല്‍ പൊലീസ് (Central Police) കേസെടുത്തു.
അതേസമയം അപകടം സംഭവിച്ച കാര്‍ ഓടിച്ചത് നടന്മാരല്ലെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കാര്‍ ഓടിച്ചത് സ്റ്റണ്ട് മാസ്റ്ററുടെ ടീമില്‍ പെട്ടയാളാണെന്നും കാര്‍ ചെയ്‌സിങ് സീനിന്റെ ഡ്രോണ്‍ ഷോട് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമെന്നും സിനിമയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇവര്‍ക്കൊപ്പം നടന്‍ മാത്യു തോമസ് ഉണ്ടെന്ന വാര്‍ത്തയും തെറ്റാണെന്നാണ് റിപോര്‍ടില്‍ വ്യക്തമാക്കുന്നത്.
സംഭവത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്:
ബ്രോമന്‍സ് സിനിമയിലെ നായിക മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീനാണ് കഴിഞ്ഞദിവസം ചിത്രീകരിച്ചത്. പല ടേകുകളിലൂടെ അത് ചിത്രീകരിച്ചിരുന്നു. ഇതേ രംഗത്തിന്റെ ഡ്രോണ്‍ ഷോട്ട് എടുക്കുന്ന വേളയിലായിരുന്നു അപകടം. ഡ്രോണ്‍ ഷോട്ട് ചിത്രീകരിക്കാനായി മഹിമയ്ക്ക് പകരം കാര്‍ ഓടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവര്‍ ആയിരുന്നു. ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ അര്‍ജുനും പിന്നില്‍ സംഗീതും ഉണ്ടായിരുന്നു. ഈ സമയത്താണ് കാര്‍ അപകടത്തില്‍ പെടുന്നത്.
അര്‍ജുനും വാഹനമോടിച്ചയാള്‍ക്കും നിസാര പരുക്കുകളാണ് ഉള്ളത്. സംഗീത് പ്രതാപിന്റെ കഴുത്തിന് പൊട്ടലുണ്ട്. കാറിന്റെ ബോഡി പൂര്‍ണമായും തകര്‍ന്നു. നടന്‍മാര്‍ സഞ്ചരിച്ച കാര്‍ സമീപം നിന്ന ഡെലിവറി ബോയിയെയും, ബൈകിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ ബൈകുകളിലും തട്ടി. താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഓവര്‍ടേക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നുവെന്നു സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കാറില്‍ കാമറയും മറ്റ് സജ്ജീകരണങ്ങളും ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
പൊലീസ് സ്ഥലത്തെത്തി കാര്‍ റോഡില്‍നിന്ന് മാറ്റി. അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് സെന്‍ട്രല്‍ പൊലീസ് കേസുമെടുത്തു. ചിത്രീകരണത്തിനിടെ തന്നെയാണോ അപകടമെന്ന് സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ ഇക്കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.