വീക്ഷണത്തിലെ ലേഖന വിവാദം സര്‍ക്കുലര്‍ വിവാദത്തിനു വഴിമാറുന്നു; ഗ്രൂപ്പ് പോര് രൂക്ഷം

 


തിരുവനന്തപുരം: പ്രമുഖ പത്ര പ്രവര്‍ത്തകനും കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ തിരുവനന്തപുരത്തെ ലോക്കല്‍ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററുമായ ഇ.വി. ശ്രീധരന്റെ വിവാദ ലേഖനത്തിനു തുടര്‍ചയായി അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് വിലക്ക്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീക്ഷണത്തില്‍ ശ്രീധരന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കി ചീഫ് എഡിറ്റര്‍ പി.കെ. ഏബ്രഹാം കെ.പി.സി.സി. പ്രസിഡന്റ് ചെന്നിത്തലയുടെ  പേരില്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കി.

ലേഖനം പ്രസിദ്ധീകരിക്കാതിരിക്കാന്‍ ചീഫ് എഡിറ്റര്‍ക്കുതന്നെ തീരുമാനം എടുക്കാമായിരിക്കെയാണ്, പത്രാധിപ സമിതിയെ മറ്റുള്ളവര്‍ക്ക് അദ്ദേഹം അയച്ച വിചിത്ര സര്‍ക്കുലര്‍ പുറത്തുവന്നത്. അതേസമയം, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണു സൂചന. ശ്രീധരന്റെ വിവാദ ലേഖനം വീക്ഷണത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഇടയായതില്‍ ചീഫ് എഡിറ്ററോട് കഴിഞ്ഞ ദിവസം രമേശ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലേഖനങ്ങള്‍ വിലക്കാന്‍ നിര്‍ദേശിച്ചില്ല.

അതിനു വിരുദ്ധമായ ഉള്ളടക്കമുള്ള സര്‍ക്കുലറാണത്രേ ഇറങ്ങിയത്. തന്റെ പേര് ഉപയോഗിച്ച് അത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതിനോട് രമേശ് രൂക്ഷ ഭാഷയില്‍ പ്രതികരിച്ചതായാണു വിവരം. എന്നാല്‍ സര്‍ക്കുലര്‍ മരവിപ്പിക്കുമോ എന്നു വ്യക്തമല്ല. അതേസമയം, ലേഖന വിവാദത്തിലും അതിനു പിന്നാലെയുണ്ടായിരിക്കുന്ന സര്‍ക്കുലര്‍ വിവാദത്തിലും കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിനു നിര്‍ണായക പങ്കാണുള്ളതെന്നു വ്യക്തമായി.

കെ.പി.സി.സി. പുന:സംഘടന കഴിഞ്ഞ് പുതിയ ഭാരവാഹികള്‍ക്ക് ചുമതലകള്‍ വീതിച്ചു നല്‍കിയെങ്കിലും വീക്ഷണത്തിന്റെ ചുമതല മാറ്റി നല്‍കിയിട്ടില്ല. മുന്‍ ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പുകാരനുമായ ബെന്നി ബഹാന്‍ തന്നെയാണ് ഇപ്പോഴും വീക്ഷണം എം.ഡി. ഐ ഗ്രൂപ്പുകാരനായ ശൂരനാട് രാജശേഖരനെ എം.ഡിയാക്കാനാണ് ഐ ഗ്രൂപ്പിനു താല്പര്യം. കെ.പി.സി.സി. പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതല ഇപ്പോള്‍തന്നെ രാജശേഖരന് നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ വീക്ഷണം കൂടി ഉള്‍പ്പെടുത്തി പത്രത്തിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കാനാണ് ഐ ഗ്രൂപ്പ് ശ്രമിക്കുന്നത്.
വീക്ഷണത്തിലെ ലേഖന വിവാദം സര്‍ക്കുലര്‍ വിവാദത്തിനു വഴിമാറുന്നു; ഗ്രൂപ്പ് പോര് രൂക്ഷം
എന്നാല്‍ ബെന്നി ബഹനാന്‍ മാറേണ്ടിവന്നാല്‍ മുന്‍ എം.ഡിയും എ ഗ്രൂപ്പുകാരനുമായ എ.സി. ജോസിനെ കൊണ്ടുവരാനാണ് എ ഗ്രൂപ്പ് നീക്കം. ഈ പോരിലേക്കാണ് ശ്രീധരന്റെ ലേഖനവും അതിനു ശേഷമുള്ള ചീഫ് എഡിറ്ററുടെ സര്‍ക്കുലറും വന്നുവീണത്. പത്രത്തിന്റെ കൊച്ചി സെന്‍ട്രല്‍ ഡസ്്കില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ശ്രീധരന്‍ വിവാദ ലേഖനം എഴുതിയതെന്ന് അറിയുന്നു. അത് ഒറ്റനോട്ടത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമാണെന്ന് തോന്നിപ്പിക്കുമെങ്കിലും വിശദാംശത്തില്‍ അദ്ദേഹത്തിന് എതിരായിരുന്നു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഈ ലേഖനത്തിനെതിരേ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. അതേ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രമേശിനെതിരേയും കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. അതേസമയം, വിവാദ ലേഖനം ഇപ്പോഴും വീക്ഷണം ഓണ്‍ലൈനില്‍ ലഭ്യമാണ്.

കഴിഞ്ഞ ആഴ്ചയാണ്‌ വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ഇ.വി. ശ്രീധരന്റെ ലേഖനം വന്നത്.

കേരളത്തിലെ ഏറ്റവും പ്രബലമായ രണ്ട് സമുദായസംഘടകളാണ് എസ്.എന്‍.ഡി.പി യോഗവും എന്‍.എസ്.എസും. രണ്ട് സമുദായസംഘടനകളും അവയുടെ സ്വന്തം ചരിത്രത്തെ കരിവാരിത്തേക്കുന്ന രീതിയിലാണിപ്പോള്‍ പെരുമാറുന്നതെന്നു കുറ്റപ്പെടുത്തുന്നതായിരുന്നു ലേഖനം.

'സുകുമാരന്‍നായര്‍ ആദ്യം ഓര്‍ക്കേണ്ടത് രമേശ് ചെന്നിത്തല കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ നേതാവാണെന്ന കാര്യമാണ്. അദ്ദേഹത്തെ കെ.പി.സി.സി. പ്രസിഡന്റാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നതും നായന്മാര്‍ മാത്രമല്ല. അദ്ദേഹം കേരളത്തിലെ എല്ലാ കോണ്‍ഗ്രസ്സുകാരുടെയും നേതാവാണ്.

ഹരിപ്പാട് മണ്ഡലത്തിലെ എല്ലാ എന്‍.എസ്.എസ്. അംഗങ്ങളും തിരഞ്ഞെടുപ്പില്‍നിന്നു മാറിനിന്നാലും രമേശ് ചെന്നിത്തല അവിടെനിന്നു ജയിക്കുമായിരുന്നു. രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ജനങ്ങളോടാണ് രമേശ് ചെന്നിത്തല വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടാവുക. സമുദായത്തിന്റെ വോട്ട് കണ്ടിട്ടല്ല, കോണ്‍ഗ്രസിന്റെ വോട്ടുകണ്ടാണ് രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിച്ചത്. രമേശ് ചെന്നിത്തല ജനിച്ചത് നായരായിട്ടാണെങ്കിലും നായര്‍ സര്‍വീസ് സൊസൈറ്റി അദ്ദേഹത്തെ കോണ്‍ഗ്രസിന് വിട്ടുനല്‍കുകതന്നെ വേണം.

സുകുമാരന്‍നായരുടെ ജോലിയല്ല, രമേശ് ചെന്നിത്തല ഏറ്റെടുത്തിരിക്കുന്നത്. മതേതര ജനാധിപത്യ രാഷ്ട്രീയപ്രക്രിയയുടെ നടത്തിപ്പിനാണ് രമേശ് ചെന്നിത്തല നേതൃത്വം നല്കുന്നത്. സുകുമാരന്‍ നായരുടെ ജോലി ഒരു സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. ആ സമുദായത്തിന്റെ രാഷ്ട്രീയ സന്തതിയായി ചെന്നിത്തലയെ ചെറുതാക്കരുത്.' ലേഖനം വിശദീകരിക്കുന്നു. ഇത് വന്‍ വിവാദമായതു സ്വാഭാവികം. എന്നാല്‍ ലേഖനം ഉണ്ടാക്കാവുന്ന പ്രത്യാഘാതം ആലോചിക്കാതെ പ്രസിദ്ധീകരിച്ച ശേഷം അത് എഴുതിയ ശ്രീധരനെതിരേ ഇപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ പേരില്‍ തിരിഞ്ഞിരിക്കുന്നത് രമേശ് ചെന്നിത്തലയെ കൊച്ചാക്കാനാണെന്ന് ഐ ഗ്രുപ്പ് സംശയിക്കുന്നു.

എന്തെല്ലാം കുഴപ്പങ്ങളുണ്ടായാലും ഇന്നും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമാണെന്നു ചൂണ്ടിക്കാണിക്കുന്നതാണു ലേഖനം.

ആ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ കേരളഘടകം എന്‍.എസ്.എസ്. പറയുന്നത് അനുസരിച്ചുകൊള്ളണമെന്നാണ് ജി. സുകുമാരന്‍നായര്‍ കഴിഞ്ഞ ഒരു കൊല്ലമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച അദ്ദേഹം ഇന്ത്യയോടുതന്നെ തുറന്നുപറഞ്ഞു. നായര്‍ സമുദായത്തില്‍പെട്ട കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഉമ്മന്‍ചാണ്ടി നേതൃത്വം നല്കുന്ന മന്ത്രിസഭയില്‍ താക്കോല്‍സ്ഥാനം നല്‍കണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെടുന്നു.

താക്കോല്‍സ്ഥാനം എന്താണെന്ന് അദ്ദേഹം പറയുന്നില്ല. ധനകാര്യമോ ആഭ്യന്തരമോ മുഖ്യമന്ത്രിപദംതന്നെയോ ആവാം. ന്യായം ഭൂരിപക്ഷസമുദായത്തിലെ അംഗമായിരിക്കണം താക്കോല്‍സ്ഥാനം വഹിക്കേണ്ടത് എന്നാണ്. ഇങ്ങനെയൊരു ഉടമ്പടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി തിരഞ്ഞെടുപ്പിനുമുമ്പ് ഉണ്ടാക്കിയിട്ടുണ്ടുപോലും.... ലേഖനം പരിഹസിക്കുന്നു.

Keywords: Article controversy in congress organ is now turned as circular controversy, Veekshanam, Article, E.V. Sreedharan, K.P.C.C. President, Ramesh Chennithala, Oommen Chandy, G. Sukumaran Nair, NSS, Journalist, Key, UDF Government, Malayalam News, Kerala Vartha, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia