Controversy | കേരളത്തിൽ ഓണാഘോഷ പരിപാടികൾ ഒഴിവാക്കുമ്പോൾ കലാകാരന്മാരുടെ കുടുംബങ്ങൾ പട്ടിണിയിലാകരുത്
റോക്കി എറണാകുളം
(KVARTHA) വയനാട് സംഭവത്തിന് ശേഷം ഇവിടെ സിനിമാ ഓടുന്നുണ്ട്. ടിവി പരിപാടികൾ അതുപോലെത്തന്നെ നടക്കുന്നുണ്ട്. ആളുകൾ ട്രിപ്പ് പോകുന്നുണ്ട്. പക്ഷെ കേരളത്തിൽ എന്തു ദുരന്തം വന്നാലും കുറേ സ്റ്റേജ് കലാകാരന്മാരുടെ പ്രോഗ്രാം മുടങ്ങും. അല്ലാതെ വലിയവന്മാർക്കൊന്നും ഒരു കുഴപ്പവും ഇല്ലാ. ഇത് പറയുന്നത് ഇവിടുത്തെ കലാകരന്മാരുടെ കൂട്ടമാണ്. അവർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് അവരുടെ പൊതു വികാരം പങ്കുവെച്ചത്. കാരണം, വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കാൻ സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിൽ ആണ് ഇത്.
കലാകാരന്മാർ ഓണ പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരിക്കുന്ന കമ്മിറ്റിക്കാർക്ക് ഒരു തുറന്ന കത്ത് എന്ന പേരിൽ ഒരു പോസ്റ്റും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. അത് ഇങ്ങനെയാണ്: 'സ്നേഹമുള്ള കമ്മിറ്റി സുഹൃത്തുക്കളെ, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. എല്ലാവരെയും പോലെ നമുക്കും ആ ദുരന്തബാധിതരെ ചേർത്ത് നിർത്താം. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ കലാകാരന്മാർക്ക് വേണ്ടി രണ്ടു വാക്ക് പറഞ്ഞു കൊള്ളട്ടെ. ഒരു ഉത്സവ സീസൺ എന്നു പറയുന്നത് ഏകദേശം അഞ്ചു മാസക്കാലമാണ്. ഡിസംബർ അവസാനത്തോടെ ആരംഭിച്ച ഏപ്രിൽ അവസാനത്തോടുകൂടി കേരളത്തിലെ ഉത്സവങ്ങൾ എല്ലാം തന്നെ അവസാനിക്കുന്നു.
ഈ സമയത്തെ വരുമാനം കൊണ്ട് മാത്രമാണ് കേരളത്തിലെ കലാകാരന്മാർ ഒരു വർഷക്കാലം ജീവിക്കുന്നത്. ഏപ്രിൽ അവസാനം അല്ലെങ്കിൽ മെയ് ആദ്യം പ്രോഗ്രാം അവസാനിച്ചാൽ പിന്നീടുള്ള മഴക്കാലം മുഴുവനും സീസൺ പ്രോഗ്രാമിൽ നിന്നും സൂക്ഷിച്ചു വച്ചതും, പലരിൽ നിന്നും കടം വാങ്ങിയുമാണ് അവരുടെ കുടുംബം പുലരുന്നത്. കലാകാരന്മാരുടെ ആകെയുള്ള പ്രതീക്ഷ ഓണക്കാലത്തെ പ്രോഗ്രാമുകളാണ്. എന്നാൽ ഇപ്പോൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പല കമ്മിറ്റിക്കാരും ഓണ പ്രോഗ്രാമുകൾ ക്യാൻസൽ ചെയ്യുന്നതായി അറിയുന്നു. പ്രിയ സുഹൃത്തുക്കളെ നിങ്ങൾ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നതിലൂടെ വലിയൊരു ചാരിറ്റിയാണ് ചെയ്യുന്നത്.
നിങ്ങൾ ഒരു പ്രോഗ്രാം സംഘടിപ്പിക്കുമ്പോൾ ഏതാണ്ട് അൻപതോളം കുടുംബങ്ങളാണ് അതുകൊണ്ട് കഴിയുന്നത് (കലാകാരന്മാർ, സൗണ്ട് ഓണേഴ്സ് ആൻഡ് വർക്കേഴ്സ്, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർ). നിങ്ങൾ സംഘടിപ്പിച്ച ഒരു പ്രോഗ്രാമിന്റെ വരുമാനം കൊണ്ട് ഒരു കുടുംബത്തിന് മൂന്നോ നാലോ ദിവസം ജീവിക്കുവാൻ സാധിക്കും. അങ്ങനെ വരുമ്പോൾ 200 ആളുകൾക്ക് ഒരു ദിവസത്തെ നിങ്ങളുടെ ഒരു പ്രോഗ്രാം മൂലം ജീവിക്കുവാൻ സാധിക്കും (50 X 4). അത് നിങ്ങൾ ചെയ്യുന്ന ഒരു വലിയ പുണ്യമാണ്.
ഏറെ പ്രതീക്ഷയോടെ ഓണക്കാലം കാത്തിരിക്കുന്ന കലാകാരന്മാരുടെ പ്രതീക്ഷയിൽ ഇരുൾ നിറയ്ക്കരുത് . ഒരുപാട് സഹിക്കുന്നവരാണ് കലാകാരന്മാർ. പ്രളയം വന്നാലും കൊറോണ വന്നാലും ഉരുൾപൊട്ടൽ ഉണ്ടായാലും ആദ്യം നിർത്തലാക്കുന്നത് കലാപരിപാടികൾ ആണ്. വയനാടിനെ ചേർത്തുനിർത്താൻ ഒട്ടേറെ സുമനസ്സുകൾ ഉണ്ട്. നമുക്കും അവരെ ചേർത്ത് നിർത്താം. അതോടൊപ്പം കലാകാരന്മാരായ ഞങ്ങളെയും നിങ്ങളോടൊപ്പം ചേർത്ത് നിർത്തണമേ. പ്രകൃതിയുടെ താണ്ഡവത്തിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ പ്രിയ സഹോദരങ്ങളെ ചേർത്തുനിർത്തിക്കൊണ്ടും നമ്മളിൽ നിന്നും വേർപെട്ടു പോയ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ടും കലാകാരന്മാർ'.
ശരിക്കും ചിന്തിക്കുമ്പോൾ ഇതിൽ സത്യമുണ്ടെന്ന് തോന്നുക സ്വഭാവികം. വയനാട് വന്ന ദുരന്തത്തിൽ അത്രമേൽ വിഷമം ഉണ്ട്. പക്ഷേ ഓണം ആഘോഷിക്കണ്ട എന്ന തീരുമാനം അങ്ങനെയെങ്കിൽ പൊതുവായി നടപ്പാക്കേണ്ടതാണ്. പൊതുവായി ഒരു കൂട്ടരെ മാത്രം ബാധിക്കുന്ന രീതിയിൽ ആവരുത് അത്. അങ്ങനെയെങ്കിൽ ഒരു നിശ്ചിത കാലയളവ് വരെ തീയേറ്ററിൽ സിനിമാ ഷോ ഉണ്ടാകരുത്. ബിവറേജിൽ മദ്യം വിൽക്കരുത്. ഓണം ബംബർ ലോട്ടറി വേണ്ട. കച്ചവട സ്ഥാപനങ്ങളിൽ കച്ചവടം നടക്കരുത്? ഓണം കഴിയുമ്പോൾ ഇവിടെ മദ്യം വിറ്റതിന്റെ കണക്ക് നോക്കുമ്പോ ഏകദേശം അറിയാം ഓണം ആഘോഷിച്ചോ ഇല്ലയോ എന്ന്. മണ്ടത്തരം ആണ് നിലവിലെ തീരുമാനം. ഒഴിവാക്കേണ്ടത് സർക്കാർ നടത്തുന്ന ഓണാഘോഷം ആണ്. അങ്ങനെ ചിലവ് കുറയ്ക്കാം.
പക്ഷെ മാർക്കറ്റ് ചലിച്ചാലേ വരുമാനം ഉണ്ടാകൂ എന്ന് തിരിച്ചറിയുക. അവിടെ ദുരന്തം ഉണ്ടായെങ്കിലും ആരെങ്കിലും വ്യക്തിപരമായ ആഘോഷങ്ങൾ ഒഴിവാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. സിനിമ കാണൽ നിർത്തിയോ? നല്ല ഭക്ഷണം ഹോട്ടലിൽ നിന്ന് കഴിക്കുന്നത് നിർത്തിയോ? ഇല്ല. സർക്കാർ ചെയ്യേണ്ടത് ദുരിത ബാധിതർക്ക് അർഹമായ സഹായങ്ങൾ എത്തിക്കുക എന്നതാണ്. അല്ലാതെ മാർക്കറ്റിന്റെ ചലനം നിർത്തിയല്ല. അല്ലെങ്കിൽ തന്നെ മാർക്കറ്റ് ശോകമാണ്. എല്ലാ മേഖലകളിലും വർക് കുറവാണ്. പ്രത്യേകിച്ച് നിർമാണ മേഖലയിൽ. സ്വാഭാവികമായും അത് കച്ചവടക്കാരെയും, കുടുംബങ്ങളെയും, കലാകാരന്മാരെയും അങ്ങനെ സമൂഹത്തെ മുഴുവനും.
എന്തിനേറെ പറയുന്നു വയനാടിനെ സഹായിക്കാൻ ആഗ്രഹമുള്ളവരെ പോലും നിവൃത്തിയില്ലാതെ ആക്കും. ഇതാണ് സത്യം. ദുരന്തം വേദനാജനകമാണ്. പക്ഷെ... സാധാരണക്കാരായ ഒരുപാട് ആളുകൾ അവിടെ സഹായത്തിന് ഉണ്ട്. അവരെ സർക്കാർ സഹായിക്കുമോ..?. കല ജീവിതമാർഗമായി എടുത്ത ഒരുപാട് പേരുണ്ട്. സീസണിൽ ലഭിച്ച പൈസ സ്വരുകൂട്ടി ആണ് ഓഫ് സീസണിൽ ഓരോ കുടുംബവും ജീവിക്കുന്നത്. സ്റ്റേജിൽ തിളങ്ങുന്ന ഉടുപ്പൊക്കെ ഇട്ടു വരുമ്പോൾ എല്ലാരും വിചാരിക്കും അവർ നല്ല ക്യാഷ് ടീം ആണ്, നേരം പോക്കിന് ചെയ്യുന്നതാണ് സ്റ്റേജിൽ ഇവർ പാടുന്നത്, അഭിനയിക്കുന്നത്, നൃത്തം ചെയ്യുന്നത്, മിമിക്രി കാണിക്കുന്നത് എന്നൊക്കെ. എന്നാൽ അങ്ങനെ അല്ല, അവർക്കും ഒരു കുടുംബം ഉണ്ട്, അവരെ ആശ്രയിച്ചാണ് ആ കുടുംബം കഴിയുന്നത്. സെലിബ്രിറ്റി കലാകാരന്മാർക്ക് കിട്ടുന്നതിന്റെ ഒന്നോ രണ്ടോ ശതമാനം പേയ്‌മെന്റ് പോലും അവർക്ക് കിട്ടുന്നില്ല. കിട്ടുന്നതിൽ നിന്ന് മിച്ചം പിടിച്ചു ഓഫ് സീസണിൽ അവർ ജീവിക്കും. പിന്നെ ഉള്ള ആശ്വാസം വേനലിൽ ഉള്ള മഴ, അതാണ് ഓണം... ഒരാളെ രക്ഷിക്കുമ്പോൾ നൂറു ആളുകൾ പട്ടിണി ആകുന്നു എന്നത് മറക്കാതിരിക്കുക..