വിവാഹം ഉടനെയില്ല, പാര്‍ടിയും വീട്ടുകാരും തീരുമാനിക്കും; പഠനം ഉള്‍പെടെയുള്ള വ്യക്തിപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്: മേയര്‍ ആര്യ
Feb 16, 2022, 15:44 IST
തിരുവനന്തപുരം: (www.kvartha.com 16.02.2022) എസ് എഫ് ഐ അഖിലേന്‍ഡ്യാ ജോയിന്റ് സെക്രടറിയും എം എല്‍ എയുമായ സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. വിഷയം വീട്ടിലും പാര്‍ടിയിലും അറിയിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. സച്ചിന്‍ ദേവുമായി എസ് എഫ് ഐ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്ന് ആര്യ പറഞ്ഞു.
വിവാഹം സംബന്ധിച്ച് ഇരുവരുടേയും വീട്ടുകാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ആണ് നടക്കുന്നതെന്നും വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും ആര്യ പറഞ്ഞു. പാര്‍ട്ടിയും കുടുംബവും തന്നെയാണ് പ്രധാനപ്പെട്ടത്. വിവാഹത്തിന്റെ അന്തിമ തീരുമാനം എടുക്കുന്നതില്‍ കുടുംബം ഒരു പ്രധാന ഘടകമാണ്. അവര്‍ തമ്മിലുള്ള ചര്‍ച്ചയാണ് നടന്നതെന്നും ആര്യ വ്യക്തമാക്കി.
രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ടിയോട് കൂടി കാര്യം ചര്‍ച്ച ചെയ്തു. വീട്ടുകാരും പാര്‍ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹമെന്നും ആര്യ പറഞ്ഞു. തിയതി തീരുമാനിച്ചിട്ടില്ല. പഠനം ഉള്‍പെടെയുള്ള വ്യക്തിപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ആര്യ പ്രതികരിച്ചു.
എസ് എഫ് ഐയുടെ ഭാഗമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണ് മനസിലാക്കാന്‍ കഴിയുന്നത്. എസ് എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നു. ആദ്യം തമ്മില്‍ സംസാരിക്കുകയും പിന്നീട് വീട്ടുകാരുമായി ചര്‍ച്ച ചെയ്യുകയുമാണ് ചെയ്തതെന്ന് ആര്യ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.