കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്; പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 01.06.2021) പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍കാരിന്റെ അസന്നിഗ്ധമായ അഭിപ്രായം. ഈ നയം ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. കേന്ദ്രസര്‍ക്കാരിനെ ഈ അഭിപ്രായം വളരെ ശക്തമായിത്തന്നെ അറിയിച്ചിട്ടുള്ളതുമാണ്. പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ലഭിച്ച വാക്സിന്‍ ഒട്ടും പാഴാക്കാതെ (സീറോ വേസ്റ്റേജ്) ഉപയോഗപ്പെടുത്തിയത് കേന്ദ്രസര്‍കാര്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡ് പ്രതിരോധ വാക്സിന്‍ പൊതുനന്മയെക്കരുതി എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്ത് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയതലത്തില്‍ കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം കെട്ടിപ്പടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സാര്‍വ്വത്രികമായ പ്രതിരോധ കുത്തിവയ്പ്പാണ്. സംസ്ഥാനം 70 ലക്ഷം കോവിഷീല്‍ഡ് വാക്സിനും 30 ലക്ഷം കോവാക്സിന്‍ വാക്സിനും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനം വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കുന്ന കാര്യത്തിലും നടപടി സ്വീകരിച്ചിട്ടുണ്ട്.  

കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്; പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി മുഖ്യമന്ത്രി

ഇക്കാര്യത്തില്‍ കേന്ദ്രസര്‍കാരിനാണ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുക. അതിനാല്‍ തന്നെ സംസ്ഥാനങ്ങളുടെ മൊത്തം ആവശ്യം കണക്കിലെടുത്ത് മതിയായ അളവില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗോള ടെണ്ടറിലൂടെ നടപടി സ്വീകരിക്കണമെന്ന് 2021 മെയ് 24ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ പ്രത്യേകം പ്രത്യേകമായി കമ്പോളത്തില്‍ മത്സരിക്കുന്ന അവസ്ഥ സംജാതമായാല്‍ അത് വാക്സിന്റെ വില വര്‍ദ്ധിക്കാന്‍ ഇടയാകുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കേരളം ഉന്നയിച്ച ഈ അവശ്യത്തില്‍ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും മെയ് 29-ന് കത്തയച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിന്‍ സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കണമെന്ന വാദഗതി ശക്തമായിത്തന്നെ കേരളം ഉന്നയിക്കുന്നുണ്ട്. ആവശ്യമായ അളവില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ കേരളം നിരന്തരം സമര്‍ദം ചെലുത്തുന്നുണ്ടെന്നും അതിന് ചില ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Keywords:  Thiruvananthapuram, News, Kerala, Chief Minister, Prime Minister, COVID-19, Vaccine, Central Government, Asked to Prime Minister to make the Covid vaccine available to all; CM responds to P Nandakumar 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia