ഉപരോധത്തിന്റെ മുള്‍മുനയില്‍ മൂന്നാര്‍; രാജേന്ദ്രന്‍ എം.എല്‍.എയെ വിരട്ടിയോടിച്ചു

 


ഇടുക്കി: (www.kvartha.com 12.09.2015) വേതനബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് മൂന്നാറിനെ ആറു ദിവസമായി മുള്‍മുനയില്‍ നിര്‍ത്തുന്ന കണ്ണന്‍ ദേവന്‍ കമ്പനി തൊഴിലാളികളുടെ ഉപരോധ സമരം സംഘര്‍ഷാത്മകമായി തുടരുന്നു.

ട്രേഡ് യൂണിയനുകളെ അകറ്റി നിര്‍ത്തി അയ്യായിരത്തിലേറെ വരുന്ന സ്ത്രീതൊഴിലാളികള്‍ ദേശീയ പാതയടക്കം പിടിച്ചെടുത്ത് മൂന്നാറിനെ ബന്ദിയാക്കിയിരിക്കുകയാണ്. കണ്ണന്‍ ദേവന്‍ കമ്പനിക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കെ  വന്‍ പോലീസ് സന്നാഹം സകലസംവിധാനങ്ങളുമായി സ്ഥലത്തുണ്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

വെള്ളിയാഴ്ച  സമരപ്പന്തലിലെത്തിയ സ്ഥലം എം.എല്‍.എയും സി.പി.എം നേതാവുമായ എസ്.രാജേന്ദ്രനെ തൊഴിലാളികള്‍ ചെരിപ്പൂരി വിരട്ടിയോടിച്ചു. പീരുമേട് എം.എല്‍എ.യും സി.പി.ഐ നേതാവുമായ ഇ.എസ് ബിജിമോളെ അവര്‍ സ്വീകരിച്ചെങ്കിലും സമരം ഒത്തുതീര്‍പ്പാക്കാനുളള എം.എല്‍.എയുടെ ശ്രമം പരാജയപ്പെട്ടു. സമരം ഒത്തു തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രന്‍ എം.എല്‍.എ ശനിയാഴ്ച മുതല്‍ നിരാഹാര സമരം നടത്തും. ഞായറാഴ്ച മന്ത്രി തല ചര്‍ച്ച നടക്കുന്നതിനാല്‍ ഉപരോധം പിന്‍വലിക്കണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം തൊഴിലാളികള്‍ തളളി.

സാമ്പത്തിക പ്രതിസന്ധി മൂലം ബോണസ് വര്‍ധനവ് അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ കമ്പനി ഉറച്ചു നില്‍ക്കുകയാണ്.  വിഷയത്തില്‍ ഇടപെടുമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റ പ്രഖ്യാപനത്തോടെ കേരളം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത പ്രക്ഷോഭമായ മൂന്നാര്‍ സമരം ദേശീയ ശ്രദ്ധ നേടി. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നു കലക്ടര്‍ വി.രതീശന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബിജിമോളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ എത്തിയത്. രാജേന്ദ്രനെ  സ്ത്രീ തൊഴിലാളികള്‍ വിരട്ടിയോടിച്ചു. ഓടിയ എംഎല്‍എയെ സ്ത്രീ തൊഴിലാളികള്‍ പിന്നാലെ ഓടിച്ച് പോലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു. ഇവര്‍ക്കൊപ്പം പോലീസും ഓടി. സമരക്കാരെ  തമിഴ് തീവ്രവാദികള്‍ എന്ന് എം.എല്‍.എ വിശേഷിപ്പിച്ചെന്നാണ് സമരം ചെയ്യുന്നവരുടെ ആരോപണം. ഏഴു ദിവസമായി എംഎല്‍എ തിരിഞ്ഞു നോക്കിയില്ലെന്നും അവര്‍ ആരോപിച്ചു.  എം.എല്‍.എയ്‌ക്കെതിരെ  രൂക്ഷമായ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് പോലീസ് ഏറെ പണിപ്പെട്ടാണ് എം.എല്‍.എയെ സുരക്ഷിതനാക്കിയത്.

ഇതിന് ശേഷമാണ് ബിജിമോള്‍ എം.എല്‍.എ മൂന്നാറില്‍ പ്രധാന ഉപരോധം നടക്കുന്ന ഹെഡ് ക്വാര്‍ട്ടേഴ്‌സ് കവലയിലെത്തി തൊഴിലാളികള്‍ക്ക് പിന്തുണ അറിയിച്ചത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും ഇവ  പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ കൈകൊള്ളണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുമായി എം.എല്‍ എ ചര്‍ച്ച നടത്തി. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം സമരക്കാര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്നു.

ബിജിമോള്‍ കളം കൈയിലെടുത്തതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് സി.പി.എം നിരാഹാരവുമായി എസ്.രാജേന്ദ്രനെ കളത്തിലിറക്കുന്നത്. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എയുടെ സമരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. തോട്ടം തൊഴിലാളികള്‍ തന്നെ തടഞ്ഞിട്ടില്ലെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. പുറമേ നിന്നുള്ളവരാണ് ഇതിനുപിന്നില്‍. ഇവര്‍ സമരം നടത്തുന്നവരെ പ്രേരിപ്പിക്കുകയായിരുന്നു. പലരും പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും  പ്രശ്‌നം ഉണ്ടാക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പിന്‍മാറിയത്. സമരം ഒത്തുതീര്‍ക്കാന്‍ ശക്തമായി ഇടപെടുമെന്നും  എം.എല്‍.എ. പറഞ്ഞു.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രിയും കണ്ണന്‍ ദേവന്‍ തോട്ടം മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 20 ശതമാനം ബോണസും വേതന വര്‍ധനവും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ട്രേഡ് യൂണിയനുകളെ ഒഴിവാക്കി തൊഴിലാളികള്‍ സ്വതന്ത്രമായി സമരം നടത്തുന്നത്. 10 ശതമാനം ബോണസാണ് ഇത്തവണ കമ്പനി പ്രഖ്യാപിച്ചത്. 20 ശതമാനം ലഭിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. കഴിഞ്ഞ വര്‍ഷം ഇത് 17 ശതമാനമായിരുന്നു. കമ്പനിയുടെ വരുമാനമനുസരിച്ച് 8.33 ശതമാനം ബോണസിനേ അര്‍ഹതയുളളൂവെന്നും മാനേജുമെന്റ് വാദിക്കുന്നു.

ഉപരോധത്തിന്റെ മുള്‍മുനയില്‍ മൂന്നാര്‍; രാജേന്ദ്രന്‍ എം.എല്‍.എയെ വിരട്ടിയോടിച്ചു

Also Read:
മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി
Keywords:  Assault attempt against Rajendran MLA, Idukki, Protection, High Court, District Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia