Investigation | പ്രണയപ്പകയാൽ അമ്മയെയും മകളെയും കുത്തിപ്പരുക്കേൽപ്പിച്ചതായി പരാതി; യുവാവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി
തലശേരി: (www,kvartha.com) പ്രണയപ്പകയാൽ അമ്മയെയും മകളെയും കുത്തി പരുക്കേൽപ്പിച്ചെന്ന പരാതിയിൽ രക്ഷപ്പെട്ട യുവാവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ന്യൂമാഹി റോഡിലെ ഉസൻ മൊട്ട സ്വദേശിനി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് വെട്ടിയും കുത്തിയും പരുക്കേൽപിച്ചതെന്നും മകളെ വീട്ടിൽ കയറി അക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഇന്ദുലേഖയ്ക്ക് കഴുത്തിൽ വെട്ടേറ്റതെന്നുമാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ കണ്ണൂരിലെ ജിനേഷിനായി (23) പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് യുവാവ് ഇവരുടെ വീട്ടിലെത്തിയത്. തുടർന്ന് പൂജയുമായി സംസാരിക്കണമെന്ന് അമ്മ ഇന്ദുലേഖയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംസാരിച്ചു കൊണ്ടിരിക്കെ ശരീരത്തിൽ ഒളിപ്പിച്ചു വെച്ച കത്തികൊണ്ട് ഇയാൾ പൂജയെ കുത്തി പരുക്കേൽപിക്കുകയായിരുന്നുവെന്നും ഇതു തടയാൻ ചെന്നപ്പോഴാണ് ഇന്ദുലേഖയ്ക്ക് കഴുത്തിന് കുത്തേറ്റതെന്നുമാണ് പറയുന്നത്.
പ്രണയത്തിൽ നിന്നും പൂജ പിന്മാറിയതാണ് അക്രമത്തിൽ കലാശിച്ചെതെന്നാണ് സൂചന. സംഭവം നടന്നതിനു ശേഷം ജിനേഷ് ബൈകിൽ രക്ഷപ്പെടുകയായിരുന്നു. അമ്മയുടെയും മകളുടെയും കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെത്തിച്ചത്.
Keywords: Assault complaint; Police searching for youth, Kerala, Thalassery, News, Complaint, Police,Man, Kannur,Assault,Hospital,Kannur.