അട്ടപ്പാടി മധുവിനെ തല്ലിക്കൊന്ന കേസ്; പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം, നിയമോപദേശം നല്കാന് മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്
Feb 2, 2022, 14:50 IST
അട്ടപ്പാടി: (www.kvartha.com 02.02.2022) ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കേസ് നടത്തിപ്പില്‍ നിയമോപദേശം നല്‍കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന് വി നന്ദകുമാറിനോടാണ് കുടുംബം ഈ ആവശ്യം ഉന്നയിച്ചത്.
നന്ദകുമാര്‍ ബുധനാഴ്ച മധുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. നിയമോപദേശം നല്‍കുന്നുണ്ടെങ്കിലും സര്‍കാര്‍ തന്നെയായിരിക്കും കേസ് നടത്തുക.
മധുവിന്റെ കൊലപാതകം കഴിഞ്ഞ ആഴ്ച കോടതി പരിഗണിക്കുമ്പോള്‍ സ്പെഷല്‍ പ്രോസിക്യൂടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് സ്പെഷല്‍ പ്രോസിക്യൂടര്‍ എവിടേയെന്ന് മണ്ണാര്‍ക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ മധുവിന്റെ വീട്ടുകാര്‍ സ്പെഷല്‍ പ്രോസിക്യൂടര്‍ക്ക് എതിരെ രംഗത്തെത്തി. കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടയില്‍ കേസില്‍ നിലപാട് വ്യക്തമാക്കി സ്പെഷല്‍ പ്രോസിക്യൂടര്‍ അഡ്വ. വി ടി രഘുനാഥ് രംഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് അഡ്വ. വി ടി രഘുനാഥ് പറഞ്ഞു. തനിക്കെതിരെ സംശയമുയര്‍ന്ന സാഹചര്യത്തില്‍ സ്പെഷല്‍ പ്രോസിക്യൂടറായി തുടരുന്നതില്‍ താല്പര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകള്‍ നിര്‍ദേശിക്കാന്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂടറെ നിയമിക്കുന്നതില്‍ കുടുംബം തീരുമാനമെടുത്തിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.