ശ്മശാനത്തില്‍ ദഹിപ്പിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് സമീപത്തെത്തിച്ച് വീണ്ടും ദഹിപ്പിക്കാന്‍ ശ്രമം; നാട്ടുകാര്‍ തടഞ്ഞു
May 18, 2021, 12:56 IST
പുനലൂര്‍: (www.kvartha.com 18.05.2021) ശ്മശാനത്തില്‍ ദഹിപ്പിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് സമീപത്തെത്തിച്ച് വീണ്ടും ദഹിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. കൊല്ലം നഗരസഭയുടെ തൊളിക്കോട് ശമനതീരം ശ്മശാനത്തില്‍ ദഹിപ്പിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് ജനവാസ മേഖലയ്ക്കു സമീപത്തെത്തിച്ചു വീണ്ടും ദഹിപ്പിക്കാന്‍ ശ്രമം നടന്നത്.
മൃതദേഹാവശിഷ്ടം കത്തിച്ചവര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ ജി ജയപ്രകാശ് പുനലൂര്‍ സ്റ്റേഷന് ഓഫിസര്‍ക്കു പരാതി നല്കി. കത്തിത്തീരാതെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നുവെന്നും കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ഏറെ നേരം കാക്കേണ്ടി വരുന്നുവെന്നുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു.
കോവിഡ് രോഗികളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ശ്മശാനത്തിനു പുറത്തു കത്തിക്കുന്നതു രോഗവ്യാപന സാധ്യതയുണ്ടാക്കുമെന്നും നാട്ടുകാര്‍ ആരോപിച്ചു. കോവിഡ് രോഗികളുടെ മൃതദേഹങ്ങളുമായി ആംബുലന്‍സില്‍ എത്തുന്നവര്‍ സ്ഥലത്തു കൂടുതല്‍ സമയം ചെലവഴിക്കുന്നതും റീത്തുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതും പരാതിക്കിടയാക്കി.
ശ്മശാനത്തില്‍ ഒരു സമയം ഒരു മൃതദേഹം ദഹിപ്പിക്കാനുള്ള സൗകര്യമേയുള്ളു. മൃതദേഹങ്ങള്‍ വേഗം ദഹിപ്പിക്കണമെന്നും ശുചീകരണം നടത്തണമെന്നുമാണു നാട്ടുകാരുടെ ആവശ്യം. പ്രശ്നങ്ങള്‍ക്കു കാരണം മുനിസിപ്പല്‍ ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും വാര്‍ഡ് കൗണ്സിലറുമാണെന്നു നഗരസഭാ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
അതേസമയം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് നഗരസഭ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടേതടക്കം പോയ മാസങ്ങളില്‍ നാനൂറിലേറെ മൃതദേഹങ്ങളാണു തൊളിക്കോട് ശമനതീരം ശ്മശാനത്തില്‍ സംസ്കരിച്ചതെന്ന് നഗരസഭാധ്യക്ഷ നിമ്മി ഏബ്രഹാം, ഉപാധ്യക്ഷന്‍ വിപി ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പറഞ്ഞു.
സമീപ പഞ്ചായത്തുകളില്‍ ഉള്ളവരും ഈ ശ്മശാനത്തെയാണ് ആശ്രയിക്കുന്നത്. രണ്ടര മണിക്കൂര്‍ വേണം ഒരു മൃതദേഹം ദഹിപ്പിക്കാന്‍. അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കും. 24 മണിക്കൂറും ശ്മശാനം പ്രവര്‍ത്തിപ്പിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഇവിടെ ശ്മശാനത്തിന് നേരത്തെ ഒന്നര ഏക്കര്‍ സ്ഥലം ഉണ്ടായിരുന്നു. നിലവില്‍ ഒമ്പത് സെന്റ് സ്ഥലത്താണു പ്രവര്‍ത്തിക്കുന്നത്. ബാക്കി സ്ഥലം ഏറ്റെടുത്ത് വിശാലമായ ശ്മശാനം നിര്‍മിക്കുന്നതിനു സ്റ്റിയറിങ് കമിറ്റി തീരുമാനമെടുത്തിട്ടുണ്ട്. കൗണ്‍സിലിന്റെ അനുമതിയോടെ ഇതിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നും നഗരസഭ അറിയിച്ചു.
Keywords: Attempts to re-incinerate the remains of bodies cremated in the cemetery near populated area; Locals blocked it, Kollam, Local News, Dead Body, Allegation, Complaint, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.