Sabarimala | ശബരിമലയില്‍ ഭക്തജനത്തിരക്ക്, ഒപ്പം വന്‍ ഗതാഗത കുരുക്കും; തടസമായി മഴയും; നിയന്ത്രണ വിഷയത്തില്‍ പൊലീസും ദേവസ്വം ബോര്‍ഡും രണ്ടു തട്ടില്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ഉടന്‍

 


തിരുവനന്തപുരം: (www.kvartha.com) ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 11 മണിക്ക് യോഗം ചേരും. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും ദേവസ്വം ബോര്‍ഡും രണ്ടു തട്ടിലാണ്. നിയന്ത്രണം വേണ്ട എന്നാണ് ബോര്‍ഡിന്റെ വാദം. എന്നാല്‍ വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം നിയന്ത്രിക്കണമെന്നാണ് പൊലീസിന്റെ വാദം. തിങ്കളാഴ്ച ശബരിമലയിലേക്കുള്ള പാതയില്‍ ഭക്തജനത്തിരക്കിനൊപ്പം തന്നെ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

Sabarimala | ശബരിമലയില്‍ ഭക്തജനത്തിരക്ക്, ഒപ്പം വന്‍ ഗതാഗത കുരുക്കും; തടസമായി മഴയും; നിയന്ത്രണ വിഷയത്തില്‍ പൊലീസും ദേവസ്വം ബോര്‍ഡും രണ്ടു തട്ടില്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ഉടന്‍

വിഷയം ചര്‍ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം പതിനൊന്ന് മണിക്ക് നിയമസഭയ്ക്ക് ഉള്ളില്‍ ചേരും. ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, പൊലീസ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. പത്തനംതിട്ട ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് വിവരം.

ഈ തീര്‍ഥാടന കാലത്ത് വെര്‍ച്വല്‍ ക്യൂ വഴി ഏറ്റവും കൂടുതല്‍ പേര്‍ ബുക് ചെയ്തിരിക്കുന്നത് തിങ്കളാഴ്ചയാണ്. 1,19,000ഓളം പേരാണ് നിലവില്‍ ബുക് ചെയ്തിരിക്കുന്നത്. 1,20,000 പേര്‍ക്ക് വരേയാണ് ബുകിങ് അനുവദിക്കുന്നത്. ദേവസ്വം ബോര്‍ഡാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം നിയന്ത്രിക്കുന്നത്. 85,000 പേര്‍ക്കായി പരമാവധി ഒരു ദിവസത്തെ ദര്‍ശനത്തിന്റെ നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. എന്നാല്‍, ഇത്തരം നിയന്ത്രണം ആവശ്യമില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.

വെര്‍ച്വല്‍ ക്യൂ വഴി അല്ലാതെയും സ്വാമിമാര്‍ എത്തിയതോടുകൂടി സന്നിധാനത്തെ തിരക്കിന്റെ നിയന്ത്രണം വിട്ടുപോകുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെ മരക്കൂട്ടത്ത് നിരവധി പേര്‍ക്ക് തിരക്കില്‍പ്പെട്ട് പരുക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് വെര്‍ച്വല്‍ ക്യൂ ബുകിങ്ങിന് നിയന്ത്രണം കൊണ്ടുവരണമെന്ന് പൊലീസ് നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച റിപോര്‍ട് ദേവസ്വം കമിഷണര്‍ക്ക് നല്‍കും. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം പേര്‍ എത്തിയതാണ് തിരക്കിന് ഇടയാക്കിയതെന്ന് ശബരിമല പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ പറഞ്ഞു.

നിലവിലുള്ള പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുകിങ് ഒരുലക്ഷത്തി ഇരുപതിനായിരമാണ്. ഇത് 85,000 ആക്കി പരിമിതപ്പെടുത്തണമെന്നാണ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.

ദര്‍ശനസമയം ഒരുമണിക്കൂര്‍ കൂട്ടാനാകുമോയെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചിരുന്നു. എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തന്ത്രിയോട് ആലോചിച്ച് തീരുമാനം എടുക്കാനാണ് നിര്‍ദേശം. തിരക്ക് പരിഗണിച്ച് ഞായറാഴ്ച ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഓണ്‍ലൈന്‍വഴി പ്രത്യേകം സിറ്റിങ് നടത്തുകയായിരുന്നു.

ശബരിമല പാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്ലാപ്പള്ളിമുതല്‍ തീര്‍ഥാടക വാഹനങ്ങളുടെ നീണ്ട നിരയാണ്, കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പെടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടുകൂടി ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുള്ളവരും രാവിലെ ആദ്യമണിക്കൂറില്‍ ദര്‍ശനം പൂര്‍ത്തിയാക്കിയവരും മടക്കയാത്രയിലാണ്. തിങ്കളാഴ്ച ദര്‍ശനത്തിന് അനുമതി നേടിയിട്ടുള്ള ബഹുഭൂരിപക്ഷം ആളുകളും അതിരാവിലെത്തന്നെ എത്തിച്ചേരുകയുംചെയ്യുന്നു. വെര്‍ച്വല്‍ ക്യൂ ബുകിങ്ങുമായി ബന്ധപ്പെട്ട് പരിശോധനാ കൗന്‍ഡറുകളില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് ഇപ്പോള്‍ തന്നെ 27,000-ല്‍ അധികം ആളുകള്‍ പമ്പ കടന്ന് സന്നിധാനത്തിലേക്ക് പോയിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പേര്‍ വാഹനങ്ങളില്‍ എത്തിച്ചേരുന്ന സ്ഥിതി കൂടിയുണ്ട്. പ്രദേശത്ത് മഴയും പെയ്യുന്നുണ്ട്.

Keywords: Authorities launch crowd controlling measures in Sabarimala, Thiruvananthapuram, News, Sabarimala, Sabarimala Temple, Meeting, Chief Minister, Pinarayi-Vijayan, Police, Traffic, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia