പുതിയ ബാര്‍: കാഞ്ഞങ്ങാട് നഗരസഭാചെയര്‍പേഴ്‌സണ്‍ ഹസീനയോട് ലീഗ് വിശദീകരണം ചോദിച്ചു

 


കൊച്ചി: (www.kvartha.com 29.04.2014) കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫോര്‍ സ്റ്റാര്‍ ബാറിന് പുതുതായി കാഞ്ഞങ്ങാട് നഗരസഭ എന്‍.ഒ.സി. നല്‍കിയ സംഭവത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനോട് വിശദീകരണം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആണ് ഹസീനയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തോട് അടിയന്തിര റിപോര്‍ട്ടും സംസ്ഥാന ജനറല്‍സെക്രട്ടറി തേടിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് പുതുതായി ബാറിന് അനുമതി നല്‍കിയതെന്നാണ് ആക്ഷേപം. നഗരസഭയുടെ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് നേതാക്കളില്‍ ഒരുവിഭാഗം കടുത്ത അതൃപ്തിയും മുറുമുറുപ്പും പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടിയ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കേരളത്തില്‍ മുസ്ലിം ലീഗ് ഭരണം നടത്തുന്ന നഗരസഭ പുതിയ ബാറിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പുതിയ ബാറുകള്‍ക്കൊന്നുംതന്നെ അനുമതി നല്‍കരുതെന്ന് യു.ഡി.എഫ്. നേതൃത്വം തത്വത്തില്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ബാറിന് ലീഗ് നേതൃത്വം നല്‍കുന്ന ഭരണസമിതി അനുമതി നല്‍കിയിട്ടുള്ളത്.

പുതിയ ബാര്‍: കാഞ്ഞങ്ങാട് നഗരസഭാചെയര്‍പേഴ്‌സണ്‍ ഹസീനയോട് ലീഗ് വിശദീകരണം ചോദിച്ചു
ഹസീന താജുദ്ദീന്‍
തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍യോഗത്തില്‍ ബാറുടമനല്‍കിയ അപേക്ഷയില്‍ മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. കെ.പി.സി.സി. നേതൃത്വവും സര്‍ക്കാരും ബാറുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയബാറിന് അനുമതി നല്‍കാന്‍ കാഞ്ഞങ്ങാട് നഗരസഭ തിടുക്കം കാട്ടിയത്. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേപോലെ പുതിയ ബാറിന് അനുകൂല സമീപനം സ്വീകരിച്ചത് ലീഗിന് പുറമെ മറ്റുപാര്‍ട്ടികളിലും പൊട്ടിത്തെറി ഉണ്ടാക്കിയിട്ടുണ്ട്. ബാര്‍ ലൈസന്‍സിന്റെ കാര്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭ സ്വീകരിച്ച നടപടിക്കെതിരെ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും ഇിതനിടയില്‍ രംഗത്തുവന്നു.

കോണ്‍ഗ്രസിന്കൂടി പങ്കാളിത്തമുള്ള നഗരസഭാ ഭരണസമിതി പുതിയ ബാറിന് അനുമതി നല്‍കാനിടയായ സാഹചര്യത്തെകുറിച്ച് കാസര്‍കോട് ഡി.സി.സി.യോട് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി ബാറിന് അനുമതി നല്‍കിയത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ ഡി.സി.സിയോട്‌പോലും നേതൃത്വം കാര്യങ്ങള്‍ ആരാഞ്ഞിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kerala, Muslim League, Bar Licence, KPCC president, KPA Majeed, Muslim League Leaders, Congress, V.M. Sudheeran, NOC, Haseena Thajudheen, Kanhangad Municipality.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia