Pension Mustering | സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണം; കിടപ്പുരോഗികള്‍ക്ക് വീടുകളില്‍തന്നെ സൗകര്യമൊരുക്കും
പെന്‍ഷന്‍ മസ്റ്ററിങ് നടത്തിയാല്‍ മാത്രമേ ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ.
ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തേണ്ടത് നിര്‍ബന്ധം.
30 രൂപയാണ് അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിങ്ങിനായി ഗുണഭോക്താക്കള്‍ അടക്കേണ്ട തുക.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ അറുപത്തിരണ്ടരലക്ഷത്തി മൂവായിരത്തി മുന്നൂറ്റി മുപത് (62,53,330) സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരുടെ മസ്റ്ററിങ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടക്കുന്നു. പെന്‍ഷന്‍ മസ്റ്ററിങ് നടത്തിയാല്‍ മാത്രമേ ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. അതിനാല്‍ ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തേണ്ടത് നിര്‍ബന്ധമാണ്.
ചൊവ്വാഴ്ച (25.06.2024) മുതല്‍ ആഗസ്റ്റ് 24 വരെയാണ് പെന്‍ഷന്‍ മസ്റ്ററിങ് നടക്കുന്നത്. ഇതില്‍ 49 ലക്ഷം (49,00484 ) ആളുകള്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരും പന്ത്രണ്ട് ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരം (12,92,846) ആളുകള്‍ വിവിധ ക്ഷേമനിധിബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നവരുമാണ്.
തിരക്ക് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കൗണ്ടറുകളും ഒന്നിലധികം ഉപകരണങ്ങളും ക്രമീകരിക്കുന്നതിന് അക്ഷയകേന്ദ്രങ്ങള്‍ സജ്ജമായിരിക്കും. 30 രൂപയാണ് അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിങ്ങിനായി ഗുണഭോക്താക്കള്‍ അടക്കേണ്ട തുക. കിടപ്പ് രോഗികളുടെ മസ്റ്ററിങ് നടത്തുന്നതിന് 50 രൂപയും ആണ് ഫീസ്. ഭിന്നശേഷിക്കാരായവരെയും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിങ്ങിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കിടപ്പുരോഗികളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈമാറുന്ന മുറക്ക് മസ്റ്ററിങ് വീടുകളില്‍ പോയി അക്ഷയകേന്ദ്രങ്ങള്‍ ചെയ്യും.