Biju Menon | 'ഒരു വര്‍ഷത്തിനിടയില്‍ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍; ഇതൊരു ചെറിയ വാര്‍ത്തയാണോ?' കേരളത്തിലെ റോഡപകടങ്ങളില്‍ വിമര്‍ശനവുമായി ബിജു മേനോന്‍
Jul 7, 2022, 14:00 IST
കൊച്ചി: (www.kvartha.com) ഒരു വര്‍ഷത്തിനിടെ കേരളത്തിലെ റോഡപകടങ്ങളില്‍ 1000 കാല്‍നടയാത്രക്കാര്‍ മരിച്ചുവെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പത്രവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. ഇതൊരു ചെറിയ വാര്‍ത്തയാണോയെന്നാണ് താരത്തിന്റെ ചോദ്യം. വാര്‍ത്ത ചെറിയ കോളത്തില്‍ ഒതുങ്ങിയതാണ് വിമര്‍ശിക്കാനായി താരത്തിനെ പ്രകോപിപ്പിച്ചത്.
അത്യന്തം ഗൗരവകരമായ വിഷയമായിട്ട് പോലും വളരെ ചെറിയ കോളത്തില്‍ വാര്‍ത്ത നല്‍കിയത് ബിജു മേനോനെ ചൊടിപ്പിച്ചിരിക്കുകയാണ്. Is this a small news? എന്ന ക്യാപ്ഷനും അദ്ദേഹം റിപോര്‍ടിന് മുകളില്‍ കുറിച്ചിട്ടുണ്ട്.
ഇത് ചോദ്യം ചെയ്തുകൊണ്ട് ബിജു മേനോന്‍ പങ്കുവച്ച ഫേസ്ബുക് പോസ്റ്റ് വൈറലായിരിക്കുകയാണ്. റോഡുകളുടെ അശാസ്ത്രീയമായ നിര്‍മാണവും അശ്രദ്ധമായ ഡ്രൈവിംഗുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് പലരുടെയും കമന്റുകള്‍.
ഇതിന് താഴെ നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. 'റോഡില്‍ ഒരു സുരക്ഷയും ഇല്ലാത്ത നാട്... കേരളം', 'റോഡുകളുടെ അശാസ്ത്രീയത വലിയ രീതിയില്‍ ഇതില്‍ ഘടകങ്ങളാകുന്നു', 'ചെറുതാണെന്ന് തോന്നിയതുകൊണ്ടാണല്ലോ അവര്‍ ഒരു കോളം വാര്‍ത്ത മൂലയില്‍ ഒതുക്കുന്നത്', 'സാധാരണക്കാരുടെ മരണം ഈ രാജ്യത്ത് ഒരു വാര്‍ത്തയെ അല്ല'. എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങള്‍.
2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടത്തില്‍പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചെന്ന് റിപോര്‍ടില്‍ പറയുന്നു. ഇക്കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍ 35,476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേര്‍ മരിച്ചപ്പോള്‍ 27745 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചരക്ക് ലോറി കാരണം 2798 അപകടങ്ങളുണ്ടായപ്പോള്‍ 510 പേര്‍ മരിക്കുകയും 2076 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തെന്നും പത്ര റിപോര്‍ടില്‍ പറയുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.