Allegation | മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ വിശ്വസിച്ചു പോയി, വഞ്ചിക്കുമെന്ന് കരുതിയില്ല; കൈയിലെ സമ്പാദ്യവുമെല്ലാം ചേര്‍ത്താണ് അവിടെ നിക്ഷേപിച്ചത്; ബിജെപിയെ വെട്ടിലാക്കി തിരുവിതാകൂര്‍ തട്ടിപ്പ്
തിരുവനന്തപുരം: (KVARTHA) തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന പരാതി തലസ്ഥാനത്ത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട സഘത്തിലെ നിക്ഷേപകരാണ് നിക്ഷേപത്തുക തിരികെ ലഭിക്കുന്നില്ലെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ സംഘത്തിന്റെ തകരപ്പറമ്പ് ശാഖയിലാണ് 10 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നിരിക്കുന്നത്. പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകരെ പല അവധികള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നാണ് പരാതി.
ഇനിയുള്ള കാലം അല്ലലില്ലാതെ കഴിയാമെന്നു കരുതിയാണ്, റിട്ടയര്‍മെന്റിന് കിട്ടിയ കാശും കൈയിലെ സമ്പാദ്യവുമെല്ലാം ചേര്‍ത്ത് അവിടെ നിക്ഷേപിച്ചതെന്ന് ഒരു വീട്ടമ്മ പരാതിപ്പെടുന്നു. ഇതിപ്പോ അതെല്ലാം നഷ്ടമാകുമെന്നാണ് തോന്നുന്നത്. ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ പണം തിരികെ കിട്ടാന്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട അവസ്ഥയാണെന്നും അവര്‍ പറയുന്നു. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ വിശ്വസിച്ചു പോയി. നമ്മളെ അവര്‍ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നും അവര്‍ പറയുന്നു എന്റെ പേരൊന്നും കൊടുക്കരുതേ എന്നു പറഞ്ഞാണ് വീട്ടമ്മ തന്റെ പണം നഷ്ടപ്പെട്ടതിലുള്ള മനോവേദന അറിയിച്ചത്. നടന്നു പോകുമ്പോള്‍ ഒരു വണ്ടി കൊണ്ടുവന്ന് തട്ടിയാല്‍ തീര്‍ന്നില്ലേ എന്നാണ് ഇതിന് കാരണമായി വീട്ടമ്മ പറയുന്നത്. ഇത്തരത്തില്‍ നിരവധി പേരാണ് തങ്ങളുടെ സമ്പാദ്യമെല്ലാം ബാങ്കില്‍ നിക്ഷേപിച്ചത്.
85 പേര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുവരെ പരാതി നല്‍കിയത്. ഇതില്‍ ഏഴ് കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിക്ഷേപകര്‍ പണം തിരികെ ലഭിക്കാത്തതിനാല്‍ വലിയ പ്രതിസന്ധിയിലാണെന്ന് പൊലീസ് അറിയിച്ചു.
ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം, 32 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് തൃശൂര്‍ സഹകരണ സംഘത്തിനുണ്ടായിരിക്കുന്നത്. ജാമ്യം ഇല്ലാതെ, നിയമപരമായ നടപടികള്‍ പാലിക്കാതെയാണ് ലക്ഷക്കണക്കിന് രൂപ വായ്പയായി വിതരണം ചെയ്തതെന്നാണ് കണ്ടെത്തല്‍.
സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും അടക്കം 11 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപി നേതാവ് എം എസ് കുമാര്‍, മുന്‍ കൗണ്‍സിലര്‍ ജി മാണിക്യം തുടങ്ങിയവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.
2011 മുതല്‍ 2023 വരെ 4.11 കോടി രൂപ കമ്മീഷനായി കലക്ഷന്‍ ഏജന്റുമാര്‍ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെ നിയമിച്ച കലക്ഷന്‍ ഏജന്റുമാര്‍ക്കു 2011 മുതല്‍ 2023 വരെ കമ്മിഷനായി നല്‍കിയതു മാത്രം 4.11 കോടി രൂപയെന്നു റിപ്പോര്‍ട്ട്. 3.22 കോടിരൂപ ഹെഡ് ഓഫിസും 16.86 ലക്ഷം രൂപ ശാസ്തമംഗലം ശാഖയും 15 ലക്ഷം രൂപ കണ്ണമ്മൂല ശാഖയും 56 ലക്ഷം രൂപ മണക്കാട് ശാഖയും ചെലവഴിച്ചു.
വകുപ്പിന്റെ അനുമതി ഇല്ലാതെ ഹെഡ് ഓഫിസിലും ശാഖകളിലും ക്രമവിരുദ്ധമായിട്ടാണ് കലക്ഷന്‍ ഏജന്റുമാരെ നിയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താതെ ഭരണ സമിതി ഒട്ടേറെ കലക്ഷന്‍ ഏജന്റുമാരെ നിയമിക്കുകയും പൊതുഫണ്ട് ഉപയോഗിച്ച് കമ്മിഷന്‍ നല്‍കുകയും ചെയ്തു. കലക്ഷന്‍ ഏജന്റുമാരുടെ അറ്റന്‍ഡന്‍സ് എഴുതി സൂക്ഷിക്കാത്തതിനാല്‍ എത്ര പേരുണ്ടെന്ന് ഓഡിറ്റില്‍ കണ്ടെത്താനായിട്ടില്ല.
ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവ് പ്രകാരം മണക്കാട് ശാഖ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി ലഭിച്ചിരുന്നു. ശാഖയുടെ പ്രവര്‍ത്തനം ഒരു വര്‍ഷത്തേക്കാണെന്നും പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം തുടര്‍ച്ചാനുമതി നല്‍കാമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ റജിസ്ട്രാര്‍ തുടര്‍ച്ചാനുമതി നല്‍കാത്ത ശാഖ തുടര്‍ന്നും പ്രവര്‍ത്തിപ്പിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ല.
ശാഖ മാറ്റി സ്ഥാപിക്കുന്നതിനായി പൊതുഫണ്ടില്‍ നിന്നു 3 ലക്ഷം രൂപയും ഹെഡ് ഓഫിസ് മാറുന്നതിനായി 6 ലക്ഷം രൂപയും ചെലവഴിച്ചു. മറ്റു വരുമാന മാര്‍ഗങ്ങളൊന്നും കണ്ടെത്താതെ അംഗങ്ങളുടെ നിക്ഷേപത്തില്‍ നിന്നാണ് ഇതിനെല്ലാം പണം വകമാറ്റിയത്. അനുമതി ഇല്ലാതെ ഡ്രൈവര്‍ തസ്തികയുണ്ടാക്കി 3 ലക്ഷം രൂപ ശമ്പളത്തിനായി ചെലവഴിക്കുകയും ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.
#KeralaScam #BJPLeaders #ThiruvithamkoorScam #CooperativeFraud #KeralaNews #FinancialScam