'മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും ആരോപണം': സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കള്‍; യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി

 


ആലപ്പുഴ: (www.kvartha.com 20.12.2021) ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുന്നതിനായി ആലപ്പുഴ കലക്ടറേറ്റില്‍ തിങ്കളാഴ്ച ചേരാനിരുന്ന സര്‍വകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. യോഗത്തില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

'മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും ആരോപണം': സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കള്‍; യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി

തിങ്കളാഴ്ച മൂന്ന് മണിക്ക് യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് അഞ്ചുമണിയിലേക്ക് മാറ്റിയെന്ന് അറിയിച്ചു. എന്നാല്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം അറിയിക്കുകയായിരുന്നു.

അതേസമയം, സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായുള്ള സര്‍വകക്ഷിയോഗത്തിന് തങ്ങള്‍ എതിരല്ലെന്നും തിങ്കളാഴ്ച പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്നും ബിജെപി അറിയിച്ചു. ഇതേത്തുടര്‍ന്നാണ് യോഗം മാറ്റിയത്.

സംഭവത്തെ കുറിച്ച് ബി ജെ പി നേതാവ് സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ:

രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ അവസാനിച്ച് തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സര്‍വകക്ഷിയോഗം നടത്താം. 'സംസ്‌കാര ചടങ്ങുകള്‍ മൂന്ന് മണിക്കോ അഞ്ചു മണിക്കോ പൂര്‍ത്തിയാകുമോ എന്നറിയില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി പങ്കെടുക്കുന്നുണ്ട്. മൂന്നിടത്ത് പൊതുദര്‍ശനമുണ്ട്. ബിജെപിയോട് സര്‍കാരിന്റെ അസഹിഷ്ണുത തുടരുകയാണ്' എന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് എതിരല്ല. പക്ഷേ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് സഹിക്കാന്‍ സാധിക്കുന്നതല്ല. പൊലീസും സര്‍കാരും ഒരുപോലെ അവഗണനയാണ് കാണിക്കുന്നത്. അതേ സമയം എസ് ഡി പി ഐക്കും തീവ്രവാദ ശക്തികള്‍ക്കും വേണ്ട എല്ലാ പരിഗണനയും നല്‍കുന്നുമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'സര്‍വകക്ഷി യോഗം അഞ്ചു മണിയിലേക്ക് മാറ്റിയത് ഞങ്ങളോട് ആരോടും സംസാരിച്ചിട്ടല്ല. രഞ്ജിത്തിന്റെ മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്നോ ചടങ്ങുകള്‍ എപ്പോള്‍ കഴിയുമെന്നോ അറിയില്ല. അതുകൊണ്ട് തിങ്കളാഴ്ചത്തെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല', എന്ന് ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷന്‍ പറഞ്ഞു.

Keywords:  BJP protests; All party meeting in Alappuzha postponed to Tomorrow, Alappuzha, News, Politics, BJP, Dead Body, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia