കര്‍ഷകരെ ആശങ്കയിലാഴ്ത്തി കുരുമുളകിനു ദ്രുതവാട്ടം

 


ഇടുക്കി: (www.kvartha.com 09.11.2014) വില ഉയര്‍ന്നതോടെ പ്രതീക്ഷയിലായ കര്‍ഷകരെ ആശങ്കയിലാഴ്ത്തി കുരുമുളകിനു ദ്രുതവാട്ട രോഗം വ്യാപിക്കുന്നു. കുരുമുളക് വിളവെടുപ്പ് സീസണ്‍ ആരംഭിക്കാനിരിക്കെ ചെടികളില്‍ ദ്രുതവാട്ടം പടരുന്നത് ജില്ലയിലെ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കു വന്‍ തിരിച്ചടിയാവുകയാണ്.

ഹൈറേഞ്ചില്‍ ദ്രുതവാട്ട രോഗം ബാധിച്ച് കുരുമുളക് വള്ളികള്‍ നശിച്ചുതുടങ്ങി. കുരുമുളകിന് ചരിത്രത്തില്‍ ഏറ്റവും മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്താണ് രോഗം പടരുന്നത്. കുരുമുളകിന് കിലോയ്ക്ക് 700 രൂപയാണ് ഇപ്പോഴത്തെ വില. രോഗം വ്യാപകമാകുമ്പോഴും കൃഷി വകുപ്പ് അടിയന്തര നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കര്‍ഷകരെ ആശങ്കയിലാഴ്ത്തി കുരുമുളകിനു ദ്രുതവാട്ടംവിലത്തകര്‍ച്ചകൊണ്ടു പൊറുതിമുട്ടുന്ന കുരുമുളക് കര്‍ഷകനെ ദ്രുതവാട്ട രോഗം ഏറെ പ്രതിസന്ധിയിലാക്കും. മുന്‍വര്‍ഷങ്ങളില്‍ വ്യാപകമായി നശിച്ച ശേഷം രണ്ടാമത് വച്ചുപിടിപ്പിച്ച വള്ളികളിലും രോഗം പിടിപെടുകയാണ്. നിമ വിരകളും കുമിള്‍ വര്‍ഗത്തില്‍പ്പെട്ട രോഗാണുക്കളും സാവധാന വാട്ടത്തിനു കാരണമാകുന്നു. ഒന്നോ രണ്ടോ വര്‍ഷം കൊണ്ടു വള്ളി പൂര്‍ണമായും നശിക്കും. തണല്‍ കുറവുള്ളതും വെള്ളക്കെട്ടുള്ളതുമായ സ്ഥലങ്ങളിലാണു സാവധാന വാട്ടം ഏറെയും കാണുന്നത്. ഹൈറേഞ്ചില്‍ രണ്ടു തരത്തിലുള്ള രോഗമാണ് കുരുമുളക് ചെടികളെ ബാധിക്കുന്നത് - സാവധാന വാട്ടം, ദ്രുതവാട്ടം എന്നിവയാണിത്. കൃഷിയിടത്തിലെ ഒരു കൊടിയെ ബാധിച്ചാല്‍ മറ്റുള്ളവയിലേക്കും രോഗം പടരും.  ഇക്കാരണത്താല്‍ കൃഷി പൂര്‍ണമായും നശിക്കുന്ന സ്ഥിതിയാണ്.

രോഗം ബാധിച്ച ചെടികളുടെ ഇല മഞ്ഞളിച്ച് കൊഴിഞ്ഞു വീഴുന്നതാണ് ആദ്യഘട്ടത്തില്‍. തുടര്‍ന്ന് കായ്ച്ചുനില്‍ക്കുന്ന കുരുമുളക് കൊഴിഞ്ഞുവീണ് ചെടി പൂര്‍ണമായും നശിക്കുന്നു. രോഗം വ്യാപിക്കുമ്പോള്‍ പകച്ചുനില്‍ക്കുകയാണ് ഇടുക്കിയിലെ കര്‍ഷകര്‍. മഞ്ഞളിപ്പു കാണുന്നതും താങ്ങുകാലുകള്‍ക്കു രോഗം ബാധിച്ചതും ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. ഫൈറ്റോസ്‌തോറാ ക്യാപ്റ്റസി എന്ന കുമിള്‍ വരുത്തുന്ന ദ്രുതവാട്ടം നിമിത്തം ചെടികള്‍ പെട്ടെന്നുതന്നെ നശിച്ചുപോകും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ തന്നെ രോഗാണുക്കള്‍ ബാധിക്കും. എന്നാല്‍ വെയില്‍ ശക്തമാകുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക. ജില്ലയില്‍ ഇടവിളയായിട്ടാണ് കുരുമുളകു കൃഷി ചെയ്യുന്നത്. രോഗം ബാധിച്ച് വള്ളികള്‍ നശിച്ചതോടെ ഇവ പൂര്‍ണമായും പറിച്ചു കളയുകയാണ്. രോഗത്തെ തുടര്‍ന്ന് കുരുമുളക് ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. രോഗബാധ വ്യാപകമായതോടെ കൃഷി ഏക്കറുകളായി ചുരുങ്ങി. അതിനാല്‍ മുമ്പ് വന്‍തോതില്‍ കൃഷി ചെയ്ത കുരുമുളകിന്റെ ഉല്‍പ്പാദനം ഇപ്പോള്‍ പലമടങ്ങ് താഴ്ന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദ്രുതവാട്ടത്തെ പ്രതിരോധിക്കാന്‍ നേരത്തേ സംസ്ഥാന കൃഷി വകുപ്പ് കൃഷിഭവനുകള്‍ വഴി ജീവാണു വളങ്ങള്‍ വിതരണം ചെയ്തിരുന്നു. സ്യുഡോ മോണോഫോസ്, ഡ്രൈക്കോഡര്‍മ, തുരിശ് എന്നിവയാണ് കൃഷിഭവനുകള്‍ വഴി വിതരണം ചെയ്തത്. എന്നാല്‍ അഞ്ചുവര്‍ഷമായി ഇവയുടെ വിതരണം കൃഷി വകുപ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത്തരം ജീവാണുവളങ്ങള്‍ ലഭിക്കാത്തതിനാലാണ് ദ്രുതവാട്ടം വ്യാപകമായതെന്നു പറയുന്നു. രോഗസാധ്യത ഏറെയുള്ളതിനാല്‍ ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിക്കണമെന്നും ചുവട്ടില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് ഉപയോഗിച്ചു പ്രതിരോധം ഉറപ്പുവരുത്തുകയാണു നല്ലതെന്നും കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Farmers, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia