ഭരണത്തിലും പാര്‍ട്ടിയിലും മാറ്റത്തിന് ഐ ഗ്രൂപ്പിന്റെ ബ്ലൂ പ്രിന്റ് തയ്യാറാകുന്നു
Dec 11, 2012, 11:20 IST
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മന്‍ ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ പകരം അവരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഐ ഗ്രൂപ്പ് ബ്ലൂ പ്രിന്റ തയ്യാറാക്കുന്നു. ഇതുപ്രകാരം 2013 അവസാനത്തോടെ ഭരണത്തിലും സംസ്ഥാന കോണ്‍ഗ്രസ് തലപ്പത്തും മാറ്റമാണു ലക്ഷ്യം വയ്ക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി പദവിയില്‍ രണ്ടര വര്‍ഷം തികയുന്നതും രമേശ് ചെന്നിത്തലയ്ക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മൂന്നു വര്‍ഷം തികയുന്നതും അപ്പോഴാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരുന്നതിന് ആറു മാസം മുമ്പാണ് രമേശ് ചെന്നിത്തലയെ രണ്ടാമതും കെപിസിസി പ്രസിഡന്റായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നോമിനേറ്റ് ചെയ്തത്.
ഭരണ കാലാവധിയുടെ നേര് പകുതിയില്‍ ഉമ്മന്‍ ചാണ്ടി ചെന്നിത്തലയ്ക്ക് വേണ്ടി മാറിക്കൊടുക്കണം എന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. സ്വാഭാവികമായും മന്ത്രിസഭയിലും മാറ്റങ്ങളുണ്ടാകും. നിയമസഭാ സ്പീക്കറെ ഉള്‍പെടെ മാറ്റുന്ന സമഗ്ര അഴിച്ചുപണിയാണ് ഹൈക്കമാന്‍ഡ് അനുവദിക്കുന്നതെങ്കില്‍ ജി കാര്‍ത്തികേയനെ മന്ത്രിയോ കെപിസിസി പ്രസിഡന്റോ ആക്കുമെന്നും പ്രചാരണമുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വി എം സുധീരന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ മറുവാക്കില്ലാത്ത എ കെ ആന്റണിയുടെ പിന്തുണ കാര്‍ത്തികേയനാണ്.
രമേശ് ചെന്നിത്തലയുടെ നോമിനിയായി കെ സുധാകരന് കെപിസിസി പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് നടക്കാന്‍ പോകുന്നില്ലെന്നാണ് ഗ്രൂപ്പു വ്യത്യാസമില്ലാതെ വിവിധ വിഭാഗം നേതാക്കള്‍ പറയുന്നത്. സുധാകരന്റെ വെല്ലുവിളിക്കുന്ന മട്ടിലുള്ള ശൈലിയും എ ഗ്രൂപ്പുമായുള്ള കടുത്ത പോരുമാണ് കാരണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി പ്രസിഡന്റാകുന്നത് ഇഷ്ടപ്പെടുന്നവരേറെയാണ്. പക്ഷേ, ഐ, എ ഗ്രൂപ്പുകളുടെ പിന്തുണ അദ്ദേഹത്തിന് ഇല്ല. ആരെയും കൂസാത്ത പ്രകൃതമാണു കാരണം.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ കോണ്‍ഗ്രസ് കേരളത്തില്‍ തറ പറ്റാതിരിക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടി മാറിയേ പറ്റൂവെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. അടുത്തയിടെ ചേര്‍ന്ന ഗ്രൂപ്പ് യോഗങ്ങളിലൂടെ പറയാതെ പറഞ്ഞുവച്ചത് ഈ ലക്ഷ്യം തന്നെ. രമേശ് ചെന്നിത്തല നേരിട്ട് നയിക്കാതെ തന്നെ, രമേശിന്റെ അജന്‍ഡ ഹൈക്കമാന്‍ഡിനും ഉമ്മന്‍ ചാണ്ടിക്കും ബോധ്യപ്പെടുന്ന വിധത്തിലാണ് കരുനീക്കം. 2011 മെയ് 19ന് അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലാവധി , 2014 തുടങ്ങുമ്പോഴേയ്ക്കും രണ്ടര വര്‍ഷം പിന്നിട്ടിരിക്കും. രണ്ടാം പകുതിയില്‍ അദ്ദേഹം മാറി നില്‍ക്കട്ടെയെന്നാണ് വാദം.
സ്വയം മാറിനിന്നില്ലെങ്കില്‍ ഹൈക്കമാന്‍ഡ് മാറ്റണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ സംഭവിക്കാവുന്ന വന്‍ പരാജയത്തിന് കെപിസിസി പ്രസിഡന്റോ ഐ ഗ്രൂപ്പോ ഉത്തരവാദികളായിരിക്കില്ല എന്നാണ് അവര്‍ നല്കുന്ന സന്ദേശം. ഇത് ഹൈക്കമാന്‍ഡിനു മുഖവിലയ്ക്കെടുക്കാതെ പറ്റില്ലെന്നു കണക്കുകൂട്ടിയാണു നീക്കം. ബിജെപിയെ പരാജയപ്പെടുത്തി കേന്ദ്രത്തില്‍ മൂന്നാമതും യുപിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ നിര്‍ണായകമായി മാറുന്ന 2014ലെ തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റും കോണ്‍ഗ്രസിനു വിലപ്പെട്ടതാണ്.
അതുകൊണ്ടുതന്നെ കേരളത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പരാജയ സാധ്യത അവഗണിച്ച് നീങ്ങാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് തയ്യാറാകില്ല എന്നതാണ് കൗണ്ട് ഡൗണ്‍ 2014 ആവിഷ്കരിച്ച ഐ ഗ്രൂപ്പിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പിനു മുമ്പ് അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനു ശേഷം ഉമ്മന്‍ ചാണ്ടി പടിയിറങ്ങാന്‍ നിര്‍ബന്ധിതനാകുന്ന വിധത്തിലുള്ള പരാജയമാണ് അവര്‍ പ്രവചിക്കുന്നത്. 2004ല്‍ എ കെ ആന്റണിക്കുണ്ടായ പടിയിറക്കത്തിന്റെ തനിയാവര്‍ത്തനം.
അതേസമയം, ഗ്രൂപ്പ് യോഗങ്ങള്‍ തുടങ്ങിവച്ചത് തങ്ങളല്ലെന്ന് ഐ ഗ്രൂപ്പിന് പറയാനും കഴിയും. വടക്കന്‍ ജില്ലകളിലെ എ ഗ്രൂപ്പ് നേതാക്കളുടെ യോഗം ബെന്നി ബഹനാന്റെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. തിരുവനന്തപുരം ജില്ലയിലെ തിരുമലയിലും ആറ്റിങ്ങലിലും ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുത്ത പ്രവര്‍ത്തകരുടെ എണ്ണം വളരെ വലുതായിരുന്നു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ഗ്രൂപ്പ് യോഗമാണ് തിരുമലയില്‍ നടന്നത്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ യോഗം അവിടെയും ചേര്‍ന്നു.
കേരളത്തിലെ ഗ്രൂപ്പ് പോരിന് ശമനമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന സൂചന ഇതുവരെ ഇല്ല.
-എസ് എ ഗഫൂര്‍
Keywords: I group for new CM and new KPCC chief, Blue print ready to change party and ruling, Kerala Congress (j), Thiruvananthapuram, Ramesh Chennithala, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.