Arrested | 'എന്റെ ബാഗിലെന്താ ബോംബുണ്ടോ'യെന്ന് പരിശോധനയ്‌ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനോട് യാത്രക്കാരന്‍; കയ്യോടെ അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥര്‍; സംഭവം നെടുമ്പാശേരിയില്‍ 

 
Nedumbassery Airport, bomb threat, passenger arrested, Kerala, India, aviation security
Nedumbassery Airport, bomb threat, passenger arrested, Kerala, India, aviation security

Image Credit: Facebook / Kerala Police

കൂടുതല്‍ അന്വേഷണത്തിനായി 42 കാരനെ പൊലീസിന് കൈമാറി. കസ്റ്റഡിയിലെടുത്തപ്പോള്‍ താന്‍ തമാശ പറഞ്ഞതാണെന്ന് ഇയാള്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍. 

കൊച്ചി: (KVARTHA) പരിശോധനയ്‌ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനോട് 'എന്റെ ബാഗിലെന്താ ബോംബുണ്ടോ'യെന്ന ചോദ്യവുമായി യാത്രക്കാരന്‍. ഇതോടെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറിയെന്ന കുറ്റം ചുമത്തി യാത്രക്കാരനെ അറസ്റ്റുചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. 

കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്‍ഡ്യ എഐ 682-വിമാനത്തിലെ യാത്രക്കാരനായ മനോജ് കുമാറിനെ (42) യാണ് അറസ്റ്റു ചെയ്തത്. എക്‌സറേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം ചെക് പോയിന്റിനടുത്തെത്തിയപ്പോള്‍ 'എന്റെ ബാഗിലെന്താ ബോംബുണ്ടോ'യെന്ന് മനോജ് കുമാര്‍ സുരക്ഷാ ജീവനക്കാരനോട് ചോദിക്കുകയായിരുന്നു. 

ഇതോടെ ആശങ്കയിലായ സുരക്ഷാ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.  യാത്രക്കാരന്റെ എല്ലാ ബാഗുകളും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ച്  ഭീഷണിയൊന്നുമില്ലെന്ന് തെളിഞ്ഞെങ്കിലും ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോള്‍ താന്‍ തമാശ പറഞ്ഞതാണെന്ന് ഇയാള്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഇത്രയൊക്കെ സംഭവം നടന്നെങ്കിലും വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 20 വരെ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ച കാര്യം വിമാനത്താവള അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. പരിശോധനയുടെ ഭാഗമായി നേരത്തെ എത്തിച്ചേരണമെന്ന് വിമാന കംപനികളും യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസവും സമാനമായ സംഭവം കൊച്ചി വിമാനത്താവളത്തില്‍ നടന്നിരുന്നു. ലഗേജില്‍ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത് രണ്ട് മണിക്കൂര്‍ വൈകി. ആഫ്രിക്കയില്‍ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥനായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗില്‍ ബോംബാണെന്ന് പറഞ്ഞത്. 

മറ്റു പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തിലേക്ക് കയറുന്ന സമയത്ത് നടത്തുന്ന സെകന്‍ഡറി ലാഡര്‍ പോയിന്റ് സെക്യൂരിറ്റി (SLPC) പരിശോധനാ സമയത്തായിരുന്നു പ്രശാന്തിന്റെ ബോംബ് പരാമര്‍ശം. ഭാര്യക്കും മകനുമൊപ്പമായിരുന്നു പ്രശാന്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നത്. പ്രശാന്ത് അറസ്റ്റിലായതോടെ ഭാര്യയും മകനും യാത്ര വേണ്ടെന്നുവെച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നെടുമ്പാശേരി പൊലീസ് പ്രശാന്തിനെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.


യാത്രക്കാരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റങ്ങള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വലിയ ശിക്ഷകളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നും വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. തമാശയായിട്ടാണെങ്കില്‍ പോലും ബോംബ് എന്ന വാക്ക് വിമാനത്താവളങ്ങളില്‍ പറയാന്‍ പാടില്ലെന്ന് അധികൃതര്‍ പറയുന്നു. 

ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ഭാഗത്ത് നിന്ന് റാഞ്ചല്‍, ബോംബ് പോലുള്ള വാക്കുകള്‍ കേട്ടാല്‍ അത് റിപോര്‍ട് ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അഞ്ച് വര്‍ഷം തടവ് മുതല്‍ ആജീവനാന്ത കാലം വിമാനയാത്രാ വിലക്ക് വരെ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇത്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ വായടക്കി യാത്ര ചെയ്താല്‍ അവര്‍ക്ക് കൊള്ളാം, അല്ലെങ്കില്‍ ജയിലില്‍ കഴിയേണ്ടി വരും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia