വാഹനം വാങ്ങി മാറി ഓടിച്ച് അപകടത്തില്‍പ്പെട്ട് ചിലവായ പണത്തെച്ചൊല്ലി തര്‍ക്കം; ഇരുമ്പുവടിയും തടിയുമായി രാത്രിയിലെത്തിയ സംഘം അസഭ്യവര്‍ഷത്തോടെ വീടാക്രമിച്ചു; സഹോദരങ്ങള്‍ പിടിയില്‍

 



ഇടുക്കി: (www.kvartha.com 12.05.2020) രാത്രിയില്‍ വാഹനത്തിലെത്തിയ അക്രമിസംഘം വീടുകള്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ സഹോദരങ്ങളായ രണ്ടു പേര്‍ പിടിയില്‍. നാഗപ്പുഴ പത്തകുത്തി ചീങ്കല്ലേല്‍ ബാബു എന്നയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെയും കുമാരമംഗലത്തെ അയാളുടെ സ്വന്തം വീടിന്റെയും നേരെയാണ് ആക്രമം അഴിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുമാരമംഗലം മാടകയില്‍ ബാലു (26), സഹോദരന്‍ അജയ് (25) എന്നിവരെ കലൂര്‍ക്കാട് പൊലീസ് കുമാരമംഗലത്തുള്ള കനാലിന് സമീപത്ത് നിന്നു പിടികൂടി.

വാഹനം വാങ്ങി മാറി ഓടിച്ച് അപകടത്തില്‍പ്പെട്ട് ചിലവായ പണത്തെച്ചൊല്ലി തര്‍ക്കം; ഇരുമ്പുവടിയും തടിയുമായി രാത്രിയിലെത്തിയ സംഘം അസഭ്യവര്‍ഷത്തോടെ വീടാക്രമിച്ചു; സഹോദരങ്ങള്‍ പിടിയില്‍

കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റു അക്രമികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. ഞായറാഴ്ച രാത്രി 11.45 -ഓടെയാണ് സംഭവം. ബാബു വാടകയ്ക്ക് താമസിക്കുന്ന നാഗപ്പുഴ പത്തകുത്തിയിലെ വീട്ടിലെത്തിയ സംഘം അസഭ്യം പറയുകയും ഇരുമ്പുവടിയും തടിയുമുപയോഗിച്ച് വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

മുറ്റത്തുണ്ടായിരുന്ന രണ്ട് സ്‌കൂട്ടറുകളും അടിച്ചു തകര്‍ത്ത അക്രമിസംഘം കുമാരമംഗലത്തുള്ള വീട്ടിലെത്തി ജനല്‍ചില്ലുകളും വീട്ടുപകരണങ്ങളും അടിച്ചു തകര്‍ത്തു. വീണ്ടും തിരിച്ചെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്. ആക്രമണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ബാബുവിന്റെ ഭാര്യയും മക്കളും പുറത്തിറങ്ങാതിരുന്നതിനാലാണ് ഉപദ്രവിക്കാതിരുന്നതെന്ന് ബാബു പറഞ്ഞു.

ബാബുവിന്റെ മകന്‍ വിഷ്ണുവും അറസ്റ്റിലായ ബാലുവും കൊച്ചിയില്‍ ഒരു സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. ഇതിനിടെ വിഷ്ണു ഓടിച്ചിരുന്ന വാഹനം ബാലു മാറി ഓടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ ശമ്പളത്തില്‍നിന്നു പണം പിടിച്ചു. ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടാകുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ തര്‍ക്കമാണ് ഇപ്പോള്‍ അക്രമത്തിലെത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം.

Keywords:  News, Kerala, Idukki, Police, Accused, Brothers, Arrested, Court, attack, Abuse, Brothers arrested in Thodupuzha for attacking homes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia