Map | ബഫര്‍ സോണ്‍: സര്‍കാര്‍ പുറത്തുവിട്ട ഭൂപടം അബദ്ധ പഞ്ചാംഗമെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രി പിണറായി വിജയന്റെ തൊലിക്കട്ടി അപാരം തന്നെയെന്നും വിമര്‍ശനം

 


തിരുവനന്തപുരം: (www.kvartha.com) ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍കാര്‍ പുറത്തുവിട്ട 2021ലെ ഭൂപടം അബദ്ധ പഞ്ചാംഗമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂപടത്തിലെ കാര്യങ്ങള്‍ പലതും കൃത്യതയില്ലാത്തതും അവ്യക്തവുമാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും. എന്നിട്ടും വാര്‍ത്താസമ്മേളനം നടത്തി എല്ലാം ശരിയാണെന്നു വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തൊലിക്കട്ടി അപാരം തന്നെയെന്നും ചെന്നിത്തല പരിഹസിച്ചു.

Map | ബഫര്‍ സോണ്‍: സര്‍കാര്‍ പുറത്തുവിട്ട ഭൂപടം അബദ്ധ പഞ്ചാംഗമെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രി പിണറായി വിജയന്റെ തൊലിക്കട്ടി അപാരം തന്നെയെന്നും വിമര്‍ശനം

ഒരു മുന്നൊരുക്കവുമില്ലാതെ ഇത്തരത്തില്‍ റിപോര്‍ട് തയാറാക്കിയതില്‍ ദുരൂഹതയുണ്ട്. പുതിയ സര്‍വെ നടത്തി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നിട്ടും സര്‍കാര്‍ 2021 ലെ റിപോര്‍ട് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് 'ഇപ്പ ശരിയാക്കിത്തരാമെന്നാണ്' എന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നമെന്ന് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് പുതിയ സര്‍വേ നടത്താനും ഇതിനായി വേണമെങ്കില്‍ ഉപഗ്രഹ സര്‍വെ നടത്താനും മറ്റ് സര്‍കാര്‍ ഏജന്‍സികളുടെ സഹായം തേടാനും സുപ്രീം കോടതി നിര്‍ദേശിച്ചത്. അത്യന്തം ഗൗരവമുളള ഈ വിഷയത്തില്‍ വിദഗ്ധസമിതി ചെയര്‍മാന്റെയും അംഗങ്ങളുടെയും ജീവനക്കാരുടെയും വേതനം സംബന്ധിച്ച ഉത്തരവ് പോലും പുറത്തിറക്കിയത് രണ്ടര മാസം കഴിഞ്ഞാണ്.

അതായത് മൂന്ന് മാസം കാലാവധിയുള്ള സമിതിയുടെ ഉത്തരവ് ഇറങ്ങിയത് രണ്ടര മാസം കഴിഞ്ഞ്. സര്‍കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്ന നടപടികളാണ് പിന്നീട് കണ്ടത്. ജൂണ്‍ മൂന്നിന് സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നിട്ടും ഏഴ് മാസമായി സര്‍കാര്‍ ഒന്നും ചെയ്തില്ലെന്ന് വ്യക്തമാണ്. എന്നിട്ടാണ് 2021 ലെ ഭൂപടം സുപ്രീം കോടതിയില്‍ നല്‍കുന്നത്.

അതാകട്ടെ അവ്യക്തവും ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നതുമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ ഭൂപടവുമായി ചെന്നാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും സംശയമില്ല. ഇതൊന്നും മുഖ്യമന്ത്രിക്കും സര്‍കാരിനും മനസ്സിലായിട്ടില്ലെന്ന രീതിയിലാണ് പോക്ക്. വകുപ്പുകള്‍ തമ്മില്‍ ഒരു ഏകോപനവുമില്ലാത്തതാണ് റിപോര്‍ട് അബദ്ധ പഞ്ചാംഗമാവാന്‍ കാരണമെന്നും ചെന്നിത്തല പറഞ്ഞു.

പതിനഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഗ്രൗന്‍ഡ് സര്‍വെ നടത്താതെ സര്‍കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. മുന്നൊരുക്കമില്ലാതെ ഒന്നാം പിണറായി സര്‍കാര്‍ കാട്ടിക്കൂട്ടിയ അപാകതകളാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തെ ഈ അപകടത്തില്‍ എത്തിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സര്‍കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സുപ്രീം കോടതി ബഫര്‍ സോണ്‍ ഒഴിവാക്കില്ലെന്ന് തീരുമാനിച്ചാല്‍ രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷിയിടങ്ങളും സര്‍കാര്‍ ഓഫീസുകളും ദേവാലയങ്ങളും വീടുകളുമൊക്കെ നഷ്ടമാകും. ഇത് മനസ്സിലാക്കി സര്‍കാര്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Keywords: Buffer zone: Ramesh Chennithala says map released by government is false almanac, Thiruvananthapuram, News, Ramesh Chennithala, Criticism, Press meet, Supreme Court of India, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia